റേഷൻ വാങ്ങാൻ ഇനി ക്യൂ വേണ്ട; 24 മണിക്കൂറും ധാന്യം ലഭ്യമാക്കാൻ 'അന്നപൂർത്തി ഗ്രെയിൻ എടിഎം'
തിരുവനന്തപുരം: റേഷൻ കടകളിലെ നീണ്ട ക്യൂ ഒഴിവാക്കി ഗുണഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാൻ പുതിയ സാങ്കേതിക സംവിധാനവുമായി ഭക്ഷ്യവകുപ്പ്. ബാങ്ക് എടിഎമ്മിന്റെ മാതൃകയിൽ പ്രവർത്തിക്കുന്ന 'അന്നപൂർത്തി ഗ്രെയിൻ എടിഎം' വഴി റേഷൻ വിഹിതം കൈപ്പറ്റാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നടപ്പാക്കും.
24 മണിക്കൂറും റേഷൻ സേവനം ലഭ്യമാക്കുകയും ഭക്ഷ്യധാന്യ വിതരണം കൂടുതൽ സുതാര്യവും സൗകര്യപ്രദവുമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ വിവരങ്ങളും ബയോമെട്രിക് വിരലടയാളവും ഉപയോഗിച്ചാണ് യന്ത്രത്തിൽനിന്ന് ധാന്യങ്ങൾ ശേഖരിക്കേണ്ടത്. ഉപഭോക്താവിന്റെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയാൽ അഞ്ച് മിനിറ്റിനുള്ളിൽ 50 കിലോഗ്രാം വരെ ഭക്ഷ്യധാന്യം ലഭ്യമാക്കാൻ യന്ത്രത്തിന് കഴിയും.
റേഷൻ കടകളിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം സമയലാഭവും കൃത്യമായ അളവിൽ ധാന്യം ലഭിക്കുന്നതും പുതിയ സംവിധാനത്തിന്റെ നേട്ടങ്ങളാണ്. റേഷൻ വിതരണരംഗത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.