അനിതയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് 

ആരോഗ്യമന്ത്രിയും ഒരു സ്ത്രീയല്ലേ? സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്? ഹൈക്കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് പറയുന്നത് സത്യപ്രതിജ്ഞാ ലംഘനം; എല്ലാ വൃത്തികേടുകള്‍ക്കും കുടപിടിക്കുന്നത് മുഖ്യമന്ത്രി; വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നത് ആരും ചോദ്യം ചെയ്യേണ്ടെന്ന ധിക്കാരത്തിന് കേരളം മറുപടി നല്‍കും
 

ഐ.സി.യുവില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയ്ക്ക് പിന്തുണ നല്‍കിയെന്നതിന്റെ പേരിലാണ് അനിത സിസ്റ്ററെ സര്‍ക്കാര്‍ അപമാനിക്കുന്നത്. സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്? അതിജീവിതയ്‌ക്കൊപ്പമാണോ? പീഡന വീരനൊപ്പമാണോ? ഇരയ്‌ക്കൊപ്പമാണോ? അതോ വേട്ടക്കാര്‍ക്കൊപ്പമാണോ? ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? സ്വന്തം പാര്‍ട്ടിക്കാരും അനുഭാവികളും എന്ത് ഗുരുതര കുറ്റകൃത്യം ചെയ്താലും സംരക്ഷിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. പീഡന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി. അതേക്കുറിച്ചാണ് അനിത സിസ്റ്റര്‍ മേല്‍ ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശ പ്രകാരം റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ടില്‍ എന്ത് തെറ്റാണുള്ളത്? ഒരു തെറ്റുമില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് നിയമനം നല്‍കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സമ്മതിക്കുകയും ചെയ്തതാണ്. എന്നിട്ടും ഹൈക്കോടതി ഉത്തരവുമായി ആറി ദിവസമായി അനിത ആശുപത്രിക്ക് മുന്നില്‍ ഇരിക്കുകയാണ്. അമ്മ സര്‍ജറി കഴിഞ്ഞും മകള്‍ പ്രസവം കഴിഞ്ഞും കിടക്കുന്നു. ശമ്പളം കിട്ടിയിട്ട് രണ്ട് മാസമായി. ആരോടാണ് സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത്? ആരോഗ്യമന്ത്രിയും ഒരു സ്ത്രീയല്ലേ? സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്? നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്? അതിജീവിതയെയും അവര്‍ക്ക് പിന്തുണ നല്‍കിയവരെയുമല്ലേ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തേണ്ടത്. എന്നിട്ടും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ്. 

അനിത സിസ്റ്റര്‍ക്കും അതിജീവിതയ്ക്കും യു.ഡി.എഫ് എല്ലാവിധ പിന്തുണയും നല്‍കും. ഇത്തരത്തില്‍ ഒരിടത്തും സംഭവിക്കാന്‍ പാടില്ല. പത്രങ്ങള്‍ എഡിറ്റേറിയല്‍ എഴുതുകയും കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുകയും ചെയ്ത വിഷയമായിട്ടും എല്ലാവരെയും ഞെട്ടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 

ഹൈക്കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് മന്ത്രി പറയുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് പറയുന്ന ആരോഗ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? കോടതി ഉത്തരവ് പാലിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. നിയമ വിരുദ്ധമായാണ് മന്ത്രി പെരുമാറുന്നത്. എല്ലാ വൃത്തികേടുകള്‍ക്കും കുടപിടിക്കുന്ന ആളാണ് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കോടതിയുടെ അഭിപ്രായം കൂടി പുറത്ത് വന്നാല്‍ നിയമനടപടി സ്വീകരിക്കും. 

അധികാരത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിനെ ഒരാളും ചോദ്യം ചെയ്യേണ്ടെന്ന ധിക്കാരത്തിന് കേരളം മറുപടി നല്‍കും. ആരോഗ്യമന്ത്രി പറഞ്ഞതല്ല, ഹൈക്കോടതിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ പറയാത്ത കാര്യമാണ് മന്ത്രി പുറത്ത് പറയുന്നത്. പീഡനവീരനും ഒപ്പം നില്‍ക്കുന്നവരും പറയുന്നത് കേട്ടാണ് മന്ത്രി സംസാരിക്കുന്നത്. പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തിയ ഭരണാനുകൂല സംഘടന നേതാക്കളെ സംരക്ഷിക്കനാണ് എല്ലാ പരിധിയും വിട്ട തോന്ന്യാസം കാട്ടുന്നത്. 

മന്ത്രി പറഞ്ഞതിനും മുഖ്യമന്ത്രി പിന്തുണച്ചതിനും വിരുദ്ധമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. അഭിമാന പ്രശ്‌നമായി എടുക്കാതെ സ്വന്തം ആള്‍ക്കാര്‍ എന്ത് ചെയ്താലും അവരെ സംരക്ഷിക്കാതെ അനിത സിസ്റ്ററോട് സര്‍ക്കാര്‍ നീതി കാട്ടണം. 

കോവിഡ് കാലത്ത് 28000 പേരുടെ മരണമാണ് മുന്‍ ആരോഗ്യമന്ത്രി ഒളിപ്പിച്ചു വച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കോവിഡിന്റെ മറവില്‍ 1032 രൂപയുടെ അഴിമതി നടത്തിയ മുന്‍ ആരോഗ്യമന്ത്രിയാണ് കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ വോട്ട് ചോദിക്കുന്നത്. ബോംബ് നിര്‍മ്മിച്ചവന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിട്ടും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്. അയാള്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാത്തത് ഞങ്ങളുടെ ഭാഗ്യം. ഇവര്‍ ആരെയും തള്ളിപ്പറയും. സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ പിണറായി വിജയന്‍ ആര്‍.എസ്.എസുകാരുമായി എല്ലാം പറഞ്ഞു തീര്‍ത്തതാണ്. അപ്പോള്‍ ബോംബ് ഉണ്ടാക്കിയത് കോണ്‍ഗ്രസുകാരെ കൊല്ലാന്‍ വേണ്ടിയായിരുന്നോ? തിരഞ്ഞെടുപ്പ് കാലത്ത് ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെ വ്യാപിപ്പിക്കുകയാണ്. ഇതിനെല്ലാം മുഖ്യമന്ത്രിയും പൊലീസും കുടപിടിക്കുന്നു. ബേംബ് നിര്‍മ്മാണം നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ? ഒരു വശത്ത് അക്രമമവും മറുവശത്ത് പീഡനവീരന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് സാധാരണക്കാരെ അപമാനിക്കുകയും ചെയ്യുന്ന നടപടിയുമായാണ് സര്‍ക്കാര്‍ പോകുന്നത്. കേരളം ഇതെല്ലാം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും ഓര്‍ക്കണം. 

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ നിയമം അറബിക്കടലില്‍ എറിയുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടന പത്രികയുടെ എട്ടാം പേജിലും മത- ഭാഷാ ന്യൂനപക്ഷങ്ങളെ ഭരണഘടനാപരമായി സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുന്ന പതിനാലാം വകുപ്പിന്റെ ലംഘനമാണ് പൗരത്വ നിയമം എന്നതാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം നല്‍കുമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രകടനപത്രികയില്‍ പറയാത്ത തരത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.