വേലിയേറ്റ ദുരിതത്തിന് ശാശ്വത പരിഹാരം; സംസ്ഥാനവ്യാപക പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

 

കാലാവസ്ഥാ വ്യതിയാനവും കടൽനിരപ്പ് ഉയരുന്നതും മൂലമുള്ള വേലിയേറ്റ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഏഴിക്കരയിൽ നടപ്പാക്കുന്ന 'റെസിലിയന്റ് ലങ്ക' പൈലറ്റ് പദ്ധതി വിജയിച്ചാൽ സമാന പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഴിക്കരയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. മുൻകാലങ്ങളിൽ വൃശ്ചികമാസത്തിൽ മാത്രം അനുഭവപ്പെട്ടിരുന്ന വേലിയേറ്റം ഇപ്പോൾ വർഷം മുഴുവൻ തുടരുകയാണ്. പുഴകളുടെയും കായലുകളുടെയും തോടുകളുടെയും തീരങ്ങളിൽ താമസിക്കുന്നവരുടെ ജീവിതത്തെ ഇത് ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്വിനോക്ട് (EQUINOCT) നടപ്പാക്കുന്ന പദ്ധതിക്ക് ഹാപ്പിനെസ് പ്രോജക്ടാണ് സാമ്പത്തിക സഹായം നൽകുന്നത്. പ്രദേശവാസികളുടെ അനുഭവങ്ങളും പരമ്പരാഗത അറിവുകളും ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഗവേഷണഫലങ്ങൾ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരമാക്കുന്ന മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി വിജയിച്ചാൽ വേലിയേറ്റവും വെള്ളക്കെട്ടും രൂക്ഷമായ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായി സംസ്ഥാനവ്യാപക പദ്ധതി ആവിഷ്കരിക്കുന്നതിന് സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴിക്കരയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും വിനോദസഞ്ചാര സാധ്യതകൾക്കും പ്രാധാന്യം നൽകുന്നുണ്ട്. ഒറ്റപ്പെട്ട ജനവാസമേഖലകളെ ബന്ധിപ്പിക്കാൻ പാലങ്ങൾ നിർമിച്ചുവരികയാണ്. കായൽത്തീരത്തുകൂടി വിനോദസഞ്ചാര റോഡ് നിർമിച്ച് പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കാനും പദ്ധതിയുണ്ട്. എന്നാൽ പാടശേഖരങ്ങളും പ്രകൃതിസമ്പത്തും സംരക്ഷിച്ചുകൊണ്ടായിരിക്കും വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു.