ക്രിസ്റ്റോഫ് സനൂസിയെ സന്ദർശിച്ച് പി.ജിയുടെ മക്കൾ
1998 ൽ ചലച്ചിത്രോത്സവ വേദിയിൽ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ഗോവിന്ദപ്പിള്ളയും തമ്മിൽ നടന്ന ആശയസംവാദത്തിന്റെ ഓർമ്മയുമായി കാൽ നൂറ്റാണ്ടിനിപ്പുറം പി.ജിയുടെ മക്കൾ വെള്ളിയാഴ്ച സനൂസിയെ സന്ദർശിച്ചു.
ആർ. പാർവതിദേവിയും എം.ജി.രാധാകൃഷ്ണനുമാണ് ഹോട്ടൽ ഹൊററൈസണിൽ നടന്ന മാസ്റ്റർ ക്ലാസ്സ് പരിപാടിക്കിടെ സനൂസിയെ കണ്ട് സൗഹൃദം പങ്കുവെച്ചത്.
തന്റെ പിതാവും സനൂസിയും തമ്മിലുണ്ടായ ആശയസംവാദം ഓർക്കുന്നതായും പത്രപ്രവർത്തനത്തിനിടയിൽ അത് റിപ്പോർട്ട് ചെയ്യേണ്ടിവന്നത് വെല്ലുവിളിയായിരുന്നെന്നും മുതിർന്ന മാധ്യമപ്രവർത്തകനായ രാധാകൃഷ്ണൻ പറഞ്ഞു.
പി.ജിയും ഇ.എം.എസും ചേർന്ന് എഴുതിയ ഗ്രാംഷിസ് തോട്ട്സ് എന്ന പുസ്തകത്തിന് എം. ജി. രാധാകൃഷ്ണൻ തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ അദ്ദേഹം സനൂസിക്ക് സമ്മാനിച്ചു.
അക്കാലഘട്ടത്തിൽ ഇടതുപക്ഷ സൈദ്ധാന്തികനായ ഗ്രാംഷിയുടെ ചിന്തകളെ അനാവരണം ചെയ്യുന്ന പുസ്തകം മലയാളത്തിൽ പുറത്തിറക്കുക ശ്രമകരമായിരുന്നുവെന്ന് രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.