മോദിയുടെ ബ്ലാക്ക് മെയിലിങിൽ പിണറായി വീണു: എംഎം ഹസൻ
 

രാഹുൽഗാന്ധിക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കണം
 

നരേന്ദ്രമോദിയുടെ ബ്ലാക്ക് മെയിലിങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണിരിക്കുകയാണെന്നും രാഹുൽഗാന്ധിക്കെതിരെ നടത്തിയ മോശം പരാമർശം പിൻവലിച്ച് പിണറായി വിജയൻ ഖേദം പ്രകടിപ്പിക്കണമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ. കേസരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മൽസരം. മോദിയുടെ ദുർഭരണം, കരിനിയമങ്ങൾ, വിലക്കയറ്റം തുടങ്ങിയവയ്ക്കെതിരെ യുഡിഎഫ് പ്രചരണം നടത്തുമ്പോൾ പിണറായി വിജയന്റെ ശത്രു മോദിയല്ല, രാഹുൽഗാന്ധിയാണ്. നേരം വെളുത്ത് എഴുന്നേറ്റാലുടനെ രാഹുൽഗാന്ധിയെ വിമർശിക്കാൻ തുടങ്ങുന്ന പിണറായി വിജയൻ കിടക്കപ്പായയിൽ വരെ അത് തുടരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം മുതലുള്ള കാഴ്ചയാണിത്. മോദിയെക്കുറിച്ചോ കേന്ദ്രസർക്കാരിന്റെ ദുർഭരണത്തെക്കുറിച്ചോ കരിനിയമങ്ങൾക്കെതിരെയോ പിണറായി ഒരക്ഷരം മിണ്ടുന്നില്ല. മോദിയുടെ ബ്ലാക്ക് മെയിലിങിൽ പിണറായി വിണു എന്നതാണ് കാരണം. സ്വർണക്കടത്ത്, ലൈഫ്മിഷൻ അഴിമതി, കരിവന്നൂർ ബാങ്ക് അഴിമതി തുടങ്ങി മകളുടെ മാസപ്പടി കേസിൽ വരെ ജയിലിലടയ്ക്കുമെന്ന് പറഞ്ഞ് മോദി പിണറായിയെ വിരട്ടി നിർത്തിയിരിക്കുകയാണ്.  അതുകൊണ്ടാണ് പൗരത്വ നിയമത്തിനെതിരെ രാഹുൽഗാന്ധി ഇത്രയേറെ പോരാട്ടം നടത്തിയതിന്റെ തെളിവുകൾ കയ്യിലുണ്ടായിട്ടും അതേ പേര് പറഞ്ഞ് പിണറായി രാഹുൽഗാന്ധിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ബിജെപി സർക്കാരിന്റെ എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്ന് കോൺഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്. മതത്തിന്റെ പേരിൽ ജനതയെ വിഭജിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് കോഴിക്കോട് രാഹുൽഗാന്ധി വ്യക്തമാക്കി. പൗരത്വ നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തിരുവനന്തപുരത്ത് ഉറപ്പിച്ചു പറഞ്ഞു. എന്നിട്ടും, പിണറായിയുടെ ലക്ഷ്യം വേറെയാണ്. മോദിയുമായി ഉണ്ടാക്കിയ ഡീൽ പ്രകാരം കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയെന്നതാണത്. ഏറ്റവുമൊടുവിൽ, തൃശൂർ പൂരം പോലീസിനെ ഉപയോഗിച്ച് അലങ്കോലപ്പെടുത്തിയതിന് പിന്നിലും ബിജെപിയ്ക്ക് തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കുകയെന്നതാണത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആളിക്കത്തിച്ച് ബിജെപിക്ക് നേട്ടമുണ്ടാക്കി. ഇക്കുറി തൃശൂർ പൂരം ഒരു വികാരമായി കൊണ്ടുനടക്കുന്ന ജനത സുരേഷ്ഗോപിക്ക് വോട്ടു ചെയ്യട്ടെ എന്നതാണ് മുഖ്യമന്ത്രിയുടെ മനസിലിരിപ്പ്. കരുവന്നൂർ ഉൾപ്പെടെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നടത്തുന്ന ബ്ലാക്ക് മെയിലിങ് ഫലം കാണുന്നുണ്ട്. ഇ.ഡിയെ പേടിയില്ലാത്ത പിണറായി വിജയന് നരേന്ദ്ര മോദിയെ പേടിയാണ്. ഇരട്ടച്ചങ്കെന്ന് പറയുന്നുണ്ടെങ്കിലും മോദിയെ കണ്ടാൽ മുട്ടിടിക്കും. മകളെ ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞാൽ ഏതച്ഛനാണ് സഹിക്കാൻ കഴിയുകയെന്ന് ചോദിച്ച എംഎം ഹസൻ, ആ പേടിയിലാണ് മോദിയെ പ്രീണിപ്പിക്കാനായി പിണറായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതെന്നും എംഎം ഹസൻ പറഞ്ഞു.


ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ തന്നെ വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് കാണുന്നത്. ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ അടിക്കടി ഉയരുന്നു. പ്രചരണത്തിന്റെ തുടക്കത്തിൽ നരേന്ദ്രമോദിയുടെ ഒരു കുതിപ്പായിരുന്നുവെങ്കിൽ, ഇപ്പോൾ അത് കിതപ്പായി മാറി. ഇപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് നേരത്തെ കണ്ടിരുന്ന പ്രസരിപ്പും ഉത്സാഹവും കുറഞ്ഞു. ഭൂരിപക്ഷം കിട്ടുമെന്ന് ബിജെപി പ്രഖ്യാപിക്കുമ്പോഴും ആ കണക്കുകൾ ശരിയാകുന്നില്ല. ബിജെപി 400 സീറ്റ് അവകാശപ്പെടുമ്പോൾ, അതിലെത്ര സീറ്റിൽ അവർ മൽസരിക്കുന്നുവെന്ന് കൂടി വ്യക്തമാക്കണം. ഇന്ത്യാ മുന്നണിക്ക് വേണ്ടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിച്ച കോൺഗ്രസ് ഇത്തവണ സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്തത്. കഴിഞ്ഞ തവണ 303 സീറ്റ് നേടിയ ബിജെപിക്ക് 37 % വോട്ടാണ് കിട്ടിയത്. അന്ന് ബിജെപിക്ക് എതിരെ മൽസരിച്ച മതേതര ജനാധിപത്യ കക്ഷികളെല്ലാം കൂടി 63 ശതമാനം വോട്ടുനേടി. അന്ന് എല്ലാവരും ഒന്നിച്ചു നിന്നിരുന്നുവെങ്കിൽ ബിജെപി അധികാരത്തിലെത്തില്ലായിരുന്നു. പത്തുകൊല്ലം ഭരിച്ച് ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും സമ്പദ്ഘടനയെും തകർത്ത ബിജെപി മൂന്നാംതവണ അധികാരത്തിൽ വരുന്നത് എന്തുവില കൊടുത്തും തടയണമെന്ന ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി രൂപപ്പെട്ടത്. നിതീഷ്കുമാറിനെ ഉൾപ്പെടെ ബിജെപി അടർത്തിയെടുത്തിട്ടും 28 കക്ഷികൾ ഇന്ത്യാ സഖ്യത്തിലുണ്ട്. ഇന്ത്യാ സഖ്യത്തിൽ ചേരാത്ത മമത ബാനർജി പോലും അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ മോദിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. 200 സീറ്റ് കടക്കാനാവില്ലെന്നാണ് മമതയുടെ വെല്ലുവിളി. ആ വെല്ലുവിളി ഒരു ബിജെപി നേതാവും ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്രസർക്കാരിനെ വിമർശിച്ചാൽ, മോദിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് പറഞ്ഞ് കേസെടുക്കുന്ന പോലീസാണ് പിണറായി വിജയന്റേത്. സമൂഹമാധ്യമങ്ങളിൽ ആക്ഷേപിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നേതാക്കൾ നിരവധി പരാതികൾ തെളിവു സഹിതം നൽകിയിട്ടും കേസെടുക്കാത്ത പോലീസാണ്, രാജീവ് ചന്ദ്രശേഖരന്റെ പരാതിയിൽ ശശി തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് അമിത്ഷായാണ് ഭരിക്കുന്നതെന്ന ആക്ഷേപത്തിന് ആക്കം കൂട്ടുന്ന നടപടികളാണിത്. തൊഴിലുറപ്പ് ജോലിക്ക് എത്തുന്ന സ്ത്രീകളെ ഭയപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടുപോകുന്നത് സിപിഎം തുടരുകയാണ്. തിരുവനന്തപുരത്ത് ജോലി ഉപേക്ഷിച്ച് പ്രചരണത്തിന് പോയ തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ തെരഞ്ഞെടുപ്പ് ഓംബുഡ്സ്മാൻ നടപടിയെടുത്തത് സ്വാഗതാർഹമാണ്. വടകരയിൽ ഇല്ലാത്ത അശ്ലീല വീഡിയോയുടെ പേരിൽ കോൺഗ്രസിനെയും ഷാഫി പറമ്പിലിനെയും സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച സിപിഎം നേതാക്കളും ഇടതു സാംസ്കാരിക പ്രവർത്തകരും മാപ്പ് പറയണം. കാളപെറ്റുവെന്ന് കേട്ടാൽ കയറെടുത്ത് യുഡിഎഫ് നേതാക്കളെ വിമർശിക്കാനിറങ്ങുന്ന ഇടതു സാംസ്കാരിക പ്രവർത്തകർ തലച്ചോർ പണയം വെയ്ക്കരുതെന്നും ഹസൻ ചൂണ്ടിക്കാട്ടി.