മുല്ലപ്പെരിയാറില്‍ അടക്കം 9 പുതിയ ഡാമുകള്‍
നിര്‍മിക്കാന്‍ പദ്ധതി: മന്ത്രി റോഷി
മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്പതു പുതിയ ഡാമുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. പ്രളയ നിയന്ത്രണത്തിനായി പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്പ- അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതില്‍ മൂന്നു ഡാമുകളുടെ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ പഠനം വരെ പൂര്‍ത്തിയാക്കയതായും മന്ത്രി വ്യക്തമാക്കി.
129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിപിആര്‍ തയാറാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള അനുമതിക്കായി ശ്രമം തുടര്‍ന്നു വരികയാണ്. തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയുമാണ് എന്നതാണ് ഈ വിഷയത്തില്‍ കേരളത്തിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി.
കാവേരി ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം പാമ്പാര്‍ സബ് ബേസിനില്‍ മൂന്നു പദ്ധതികളിലായി മുന്നു ഡാമുകള്‍ക്ക് വേണ്ടി തൃശൂര്‍ ഫീല്‍ഡ് സ്റ്റഡി സര്‍ക്കിള്‍ പഠനം നടത്തിയിട്ടുണ്ട്. പാമ്പാര്‍ നദീതടത്തില്‍ നിന്ന് കേരളത്തിന് അനുവദിച്ച 3 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാമ്പാര്‍ സബ് ബേസിനില്‍ ചെങ്കല്ലാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിശ്ശേരി ഡാം, തലയാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോവര്‍ ചട്ട മൂന്നാര്‍ ഡാം, വട്ടവട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകള്‍ നിര്‍മിക്കുവാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
കാവേരി നദീ ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഭവാനി ബേസിനില്‍ അനുവദിച്ച 6 ടിഎംസി ജലത്തില്‍ നിന്ന് 2.87 ടിഎംസി ജലം ഉപയോഗിക്കുന്നതിനായി അട്ടപ്പാടി- ചിറ്റൂരില്‍ ശിരുവാണി പുഴയ്ക്ക് കുറുകേ ഡാം നിര്‍മിക്കുന്നതിനുള്ള പഠനം നടത്തിയിട്ടുണ്ട്. ഇതിന്റെ വിശദമായ പദ്ധതി രേഖ കേന്ദ്ര ജലകമ്മിഷന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ചാലക്കുടി പുഴയുടെ പോഷക നദിയായ കാരപ്പാറ പുഴയില്‍ അണക്കെട്ട് നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതുവഴി ചാലക്കുടി പുഴയില്‍ പ്രളയം തടയുന്നതിനും ജലവൈദ്യുതി ഉത്പാദനത്തിനും കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യത്തിനുമായും ജലം ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ലെ പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലെ അമ്പിട്ടാന്‍പൊട്ടിയില്‍ പ്രളയ നിയന്ത്രണ അണക്കെട്ടിന്റെ സാധ്യതാ പഠനത്തിനായുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.