പ്ലസ് വൺ പ്രവേശനം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നേരിട്ട് എത്തി പ്രവേശന നടപടികൾ നിരീക്ഷിച്ചു
 

 

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ ഇരുപത്തിയൊന്നാം തീയതി വൈകിട്ട് 5 മണി വരെയാണ്. ആകെ ഉണ്ടായിരുന്ന  3,03,409 മെറിറ്റ് സീറ്റുകളിൽ  2,41,104 അപേക്ഷകർക്കാണ് അലോട്ട്മെന്റ് നൽകിയിട്ടുള്ളത്.

വിവിധ സംവരണ വിഭാഗങ്ങളിലെ മതിയായ അപേക്ഷകർ ഇല്ലാത്ത 62,305 സീറ്റുകൾ ഒഴിവായി നിൽക്കുന്നുണ്ട്. പ്രസ്തുത സീറ്റുകൾ മൂന്നാമത്തെ അലോട്ട്മെന്റിൽ അലോട്ട് ചെയ്യപ്പെടുന്നതാണ്. രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 26 ന് പ്രസിദ്ധീകരിക്കും. മൂന്നാമത്തെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കുന്നതാണ്.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നേരിട്ട് എത്തി  പ്രവേശന നടപടികൾ നിരീക്ഷിച്ചു. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മുഖ്യഘട്ട അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ജൂലൈ അഞ്ചിനു ശേഷമുള്ള സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ ആകും.