പാവപ്പെട്ടവർക്ക് റേഷൻ നൽകുന്നതിനേക്കാൾ മോദിക്ക് താൽപര്യം എഥനോൾ ഉൽപ്പാദനത്തിൽ: രമേശ് ചെന്നിത്തല
പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനേക്കാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യം എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിലാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. നല്ലയിനം അരി ഉപയോഗിച്ചാണ് എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്. ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ അരി എഥനോൾ നിർമാണത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ റേഷൻ വിതരണ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) ഏജീസ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സൂചനാ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന അരി മൂന്ന് മാസത്തെ ആവശ്യത്തിന് മാത്രമേ തികയൂ. അതിനാൽ കേന്ദ്രത്തിന്റെ നീക്കം സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ റേഷൻ സംവിധാനം നിലനിർത്തേണ്ടത് അനിവാര്യമാണ്. അരിക്ക് പകരം പണം ബാങ്ക് അക്കൗണ്ടിൽ നൽകുമെന്ന കേന്ദ്ര നിലപാട് ഗ്യാസ് സബ്സിഡിയുടെ അനുഭവം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റുവിന്റെ കാലത്ത് ആരംഭിച്ച സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മണ്ണെണ്ണയ്ക്കും പഞ്ചസാരയ്ക്കും പിന്നാലെ അരിയും റേഷൻ സംവിധാനത്തിൽനിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു. റേഷൻ മേഖലയെ സംരക്ഷിക്കാനുള്ള ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ എം.പിമാരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.