നിലമ്പൂര്‍ അയിഷ ക്കെതിരെയുള്ള യുഡിഎഫ് സൈബര്‍ അതിക്രമം : സാ്‌സ്‌കാരിക മന്ത്രി സജി ചെറിയാന്‍ അപലപിച്ചു

 

തിരുവനന്തപുരം- മുതിര്‍ന്ന നാടക നടിയും മലയാളത്തിന്റെ അഭിമാനവുമായ നിലമ്പൂര്‍ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ യു.ഡി.എഫ്. അനുഭാവികളില്‍ നിന്ന് നടക്കുന്ന നിന്ദ്യമായ സൈബര്‍ ആക്രമണങ്ങളെ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍ ശക്തമായി അപലപിക്കുന്നു. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്‌കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിത്.

നിലമ്പൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍, ഒരു മുതിര്‍ന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാണ്. ഇത് ഒരു ജനാധിപത്യ പ്രക്രിയയില്‍ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാന്‍ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ്.

ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആരായാലും അവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്, നിലമ്പൂര്‍ ആയിഷ എന്ന വ്യക്തി നിങ്ങള്‍ കരുതുന്ന പോലെ തെറിവിളി കൊണ്ട് നിശബ്ദയാക്കാവുന്ന ഒരാളല്ല, കേരളത്തിന്റെ പോരാട്ടവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ്. കാലങ്ങളായി പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഉറച്ചുനിന്ന അവരെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്.

വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഒരു രാഷ്ട്രീയ ചര്‍ച്ചയുടെ ഭാഗമല്ല എന്നതിനെക്കുറിച്ചും ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് യാതൊരു ധാരണയുമില്ലെന്ന് വ്യക്തം. ഇത് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് തന്നെ കളങ്കമാണ്.

നിലമ്പൂര്‍ ആയിഷയോടുള്ള ഈ സൈബര്‍ ആക്രമണങ്ങളെ കേരളം ഒറ്റക്കെട്ടായി തള്ളിക്കളയണം. സൈബര്‍ ഇടങ്ങളില്‍ വിഷം കലക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം തിരിച്ചറിയുകയും ശക്തമായി എതിര്‍ക്കുകയും ചെയ്യണം. സാംസ്‌കാരിക കേരളം പൂര്‍ണ്ണമായും നിലമ്പൂര്‍ ആയിഷയോടൊപ്പം ഉറച്ചുനില്‍ക്കേണ്ടതുണ്ടെന്ന് സജി ചെറിയാന്‍ സമൂഹ മാദ്ധ്യമത്തിലിട്ട  കുറിപ്പില്‍ പറഞ്ഞു.