ജനങ്ങളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

 
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാ തല അവലോകന യോഗത്തിലൂടെയും മന്ത്രിമാർ  നേതൃത്വം നൽകിയ താലൂക്ക് അദാലത്തിലൂടെയും  പരമാവധി ജനങ്ങളെ കേൾക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് ഗവൺമെൻ്റ് ചെയ്യുന്നതെന്ന് ക്ഷീര വികസന , മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.
വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .ജനങ്ങളുടെ പരാതി പരിഹാരങ്ങൾക്കൊപ്പം ഭാവി കേരളത്തിൻ്റെ നയരൂപീകരണ ചർച്ചക്കും സംസ്ഥാന ഗവൺമെൻ്റ് തുടക്കം കുറിച്ചിരിക്കുകയാണ്.
ഇതിൻ്റെ ഭാഗമായി കൂടിയാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.
അഭൂതപൂർവമായ ജനപ്രവാഹമാണ് പരിപാടിയിലുണ്ടായത്.
അതിദരിദ്രരില്ലാത്ത  സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സൂക്ഷ്മ സംരഭങ്ങളുൾപ്പെടെയാരംഭിച്ച് ദരിദ്ര വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ മാറ്റുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനങ്ങളിലടക്കം കഴിഞ്ഞ ഏഴ് വർഷങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് നടക്കുന്നത്.ദേശീയ പാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സർക്കാർ  ചെലവിലാണ് നടപടികൾ സ്വീകരിച്ചത്.സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി.കരൾ മാറ്റ ശസ്ത്രക്രിയയുൾപ്പെടെ  ഗവൺമെൻ്റ് ആശുപ ത്രികളിൽ നടത്താൻ കഴിയുന്ന അവസ്ഥയിലേക്ക് നമ്മുടെ പൊതു ജന ആരോഗ്യ സംവിധാനങ്ങളെത്തി.സ്ത്രീ ശാക്തീകരണം,സാമൂഹികക്ഷേമ പെൻഷൻ ,പി എസ് സി നിയമനം എന്നിവയിൽ സർക്കാരിൻ്റെ സമീപനം വ്യക്തമാണ്. സംരഭകത്വ വർഷം പദ്ധതിയിലുൾപ്പെടുത്തിഒരു ലക്ഷത്തിലധികം സംരഭങ്ങൾ ആരംഭിച്ചതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.ഉയർന്ന ജീവിത നിലവാരം ജനങ്ങൾക്ക് സാധ്യമാക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് നവകേരള സദസ്സിലൂടെ ജനങ്ങൾ നൽകിയ അംഗീകാരം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.