കുടുംബശ്രീയെ പ്ലാൻവരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ ലെൻസ്പെഫെഡ് സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി

 

കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്‍ററുകളെ കെട്ടിടനിർമ്മാണാനുമതിക്കുവേണ്ട പ്ലാൻവരപ്പ്കേന്ദ്രങ്ങളാക്കുന്നതിനെതിരെ ലെൻസ്ഫെഡ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000ത്തിൽ പരം പേർ  മാർച്ചിൽ പങ്കെടുത്തു.  അഭ്യസ്തവിദ്യരായ സിവിൽ എൻജിനീയർമാരും സൂപ്പർവൈസർമാരുമടക്കമുള്ള 35000ത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നടപടിയാണ് സർക്കാറിന്‍റേതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത എം. വിൻസെന്‍റ് എം.എൽ.എ പറഞ്ഞു. സാധാരണക്കാരെ സഹായിക്കാനാണ് നടപടിയെന്ന് വിശദീകരിക്കുന്ന സർക്കാർ അഞ്ചിരട്ടിയായി വർധിപ്പിച്ച പെമിറ്റ് ഫീസ് പഴയതുപോലെ ആക്കാൻ തയാറാവണം. സാധാരണക്കാരെയല്ല മറ്റാരെയോ സഹായിക്കാനാണിത്. തീരുമാനം മാറ്റിയില്ലെങ്കിൽ ലെൻസ്ഫെഡിന്‍റെ സമരത്തിന് യു.ഡി.എഫ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.


സാങ്കേതിക വിദ്യാഭാസം നേടി ദീർഘകാല പരിശീലനവും വിവിധ വിഷയങ്ങളിൽ പ്രാവീണ്യവും നേടിയവർ ചെയ്യേണ്ട പ്രവൃത്തി കുടുംബശ്രീയെ ഏൽപ്പിക്കുന്നതോടെ അതിന്‍റെ വിശ്വാസ്യതയും ഗുണനിലവാരവും ഇല്ലാതാകുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്‍റ് സി.എസ്. വിനോദ് കുമാർ പറഞ്ഞു. കോർപറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും  കെട്ടിടനിർമ്മാണാനുമതിക്കുവേണ്ടി പ്ലാൻ വരച്ച് നിർമ്മാണത്തിന് മേൽനോട്ടം നൽകുന്നത് സിവിൽ എൻജിനീയർമാരും ആർക്കിടെക്ടുകളും സൂപ്പർവൈസർമാരുമാണ്. പഞ്ചായത്ത്, മുൻസിപ്പൽ കെട്ടിടനിർമ്മാണ ചട്ടങ്ങളും നാഷനൽ ബിൽഡിങ് കോഡുമുൾപ്പെടെയുള്ള വിവിധ നിയമങ്ങൾ പഠിച്ചും ദീർഘകാലത്തെ പരിശീലനത്തിലൂടെയും നേടിയെടുത്ത പ്രായോഗിക അറിവുകളും പരിശീലനവും ഉപയോഗിച്ചാണ് സിവിൽ എൻജിനീയർമാർ ഈ പ്രവൃത്തി ചെയ്യുന്നത്. അതിനെ തകിടം മറിച്ചുകൊണ്ട് കുടുംബശ്രീയെ ഇതിലേക്ക് കൊണ്ടുവരുന്നത് അഴിമതിക്ക് കളമൊരുക്കും. പെർമിറ്റുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആളുകൾ വീണ്ടും തദ്ദേശ സ്ഥാപനങ്ങൾ കയറി ഇറങ്ങേണ്ട അവസ്ഥ വരും. കുടുംബശ്രീയും ഉദ്യോഗസ്ഥരും തമ്മിലുണ്ടാക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് ഈ മേഖലയിൽ വീണ്ടും അഴിമതി കൊണ്ടുവരും. ഇതിന്‍റെ പ്രയാസം ലെൻസ്ഫെഡ് ഭാരവാഹികൾ പലതവണ സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പുനപരിശോധിക്കാൻ തയാറായില്ല. കൂടുതൽ സമരവുമായി തെരവിലിറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.പാളയത്ത് നിന്ന് മാർച്ച് ആരംഭിച്ചത് മുതൽ മണിക്കൂറുകളോളം ഗതഗാതം സതംഭിച്ചു. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ട്രഷറർ ടി. ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.