സാങ്കേതിക സർവകലാശാലക്ക്  378 കോടിയുടെ  ബജറ്റ്

ക്യാമ്പസ് ഇൻഡസ്ട്രിയൽ റിസർച്ച് പാർക്ക് പദ്ധതിക്ക് 10 കോടി
 
ഡാറ്റ സെന്ററിനും അന്താരാഷ്ട്ര ഹോസ്റ്റൽ, ഗസ്റ്റ് ഹൗസ് എന്നിവക്കും 10 കോടി രൂപ വീതം 

സർവകലാശാല ചെയർ സ്ഥാപിക്കുന്നതിന് 1.4 കോടി 


   ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ് , എക്സ്റ്റെൻഡഡ് റിയാലിറ്റി ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിന് 1.2 കോടി 

വിദ്യാർഥികളിൽ സംരംഭകത്വ താൽപര്യം വളർത്തുന്നതിന് കേരള സർക്കാർ രൂപം നൽകിയ നൂതന ആശയമായ കാമ്പസ് ഇൻഡസ്ട്രിയൽ റിസർച്ച് പാർക്ക് പദ്ധതി എൻജിനീയറിങ് കോളേജുകളിൽ ആരംഭിക്കാൻ സാങ്കേതിക സർവകലാശാലയുടെ ബജറ്റ്. 10 കോടി രൂപയാണ്  ഇതിനായി  പുതിയ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.  അക്കാദമിക-വ്യാവസായിക ബന്ധം ശക്തിപ്പെടുത്തുക, വിദ്യാർഥികളിൽ സംരംഭകത്വ താൽപര്യം വളർത്തുക, നൈപുണ്യവൽക്കരണത്തിലൂടെ കൂടുതൽ  തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർവകലാശാലയും വ്യവസായമേഖലയും ചേർന്ന് കുറഞ്ഞത് 5 സംരംഭങ്ങൾ സൃഷ്ടിക്കും.

234  കോടി രൂപ വരവും 378 കോടി രൂപ ചിലവും 144 കോടി രൂപയുടെ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് ധനകാര്യ സമിതി അധ്യക്ഷൻ ഡോ.പി.കെ. ബിജുവാണ് ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിൽ  അവതരിപ്പിച്ചത്.

നാല് പി ജി പഠന വകുപ്പുകൾ ഈ വർഷം മുതൽ ആരംഭിക്കുന്നതിന് യൂണിവേഴ്സിറ്റി ചെയർ സ്ഥാപിക്കും. 1.4 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. അക്കാദമിക പ്രഭാഷണങ്ങൾ, ഗവേഷണം, പൊതു പ്രഭാഷണങ്ങൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ എന്നിവയിൽ ചെയർ പങ്കാളിയാകും.  

വിളപ്പിൽശാലയിൽ അന്താരാഷ്ട്ര ശാസ്ത്ര വ്യപാര പ്രദർശന കേന്ദ്രം സ്ഥാപിക്കും. ഇതിനായി 50 ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിച്ചു.

എഡ്യു-ടെയ്ൻമെൻറ് മേഖലയെ ശാക്തീകരിക്കുന്നതിന് 1.25 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റുകൾ, ഗെയിമിംഗ്, കോമിക്‌സ്, എക്സ്ടെൻഡഡ്‌ റിയാലിറ്റിഎന്നിവയിലാണ് തുക ചിലവഴിക്കുക. അടിസ്ഥാന സൗകര്യങ്ങൾ, ലാബുകൾ, നവീകരണം, ഗവേഷണം, നൈപുണ്യ പരിശീലന പരിപാടികൾ എന്നിവക്കാണ് തുക ചിലവഴിക്കുക.

ചോദ്യപേപ്പറുകളുടെ സമഗ്രമായ ഒരു ശേഖരം വികസിപ്പിക്കുന്നതിനായി ഓട്ടോമേറ്റഡ് ചോദ്യ ബാങ്ക് വികസിപ്പിക്കാൻ 2 കോടി രൂപ ചിലവഴിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപകർക്ക് മുൻപേ അതാത് വിഷയങ്ങളിലെ വിദഗ്ധരും ചോദ്യങ്ങൾ ഉണ്ടാക്കും.

ഔട്ട്റീച്ച് പ്രോഗ്രാമുകൾക്കായി യൂണിവേഴ്സിറ്റി 10 സോഷ്യൽ ലാബുകൾ നിർമ്മിക്കും. വിവിധ മേഖലയിലെ വിദഗ്ധരെ ഒരുമിച്ചു കൊണ്ടുവരിക, സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുക എന്നിവയാണ് സോഷ്യൽ ലാബുകൾ വഴി സർവകലാശാല ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തിനായി 60 ലക്ഷം രൂപ ചിലവഴിക്കും.
തൊഴിൽ അവസരങ്ങളും തൊഴിൽ സംബന്ധിയായ വിവരങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കരിയർ പോർട്ടൽ സർവകലാശാല ആരംഭിക്കും. 50 ലക്ഷം രൂപ ഇതിനായി മാറ്റിവച്ചു. ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും തൊഴിൽ ലഭ്യമാക്കാൻ വ്യവസായ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പു വക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.

അഫിലിയേറ്റഡ് കോളേജുകളുടെ മികവ് ഉറപ്പു വരുത്താൻ 2 കോടി രൂപ ചിലവഴിക്കും. മെൻ്ററിംഗ്, എഡ്യൂസാറ്റ് അധ്യാപന സൗകര്യം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം, അധ്യാപകർക്കായി ഇൻഡസ്ട്രി ഇമ്മെർഷൻ പ്രോഗ്രാം എന്നിവ ഇതുവഴി സാധ്യമാക്കും.

അന്താരാഷ്ട്ര ഹോസ്റ്റൽ, അതിഥി മന്ദിരം, സർവകലാശാല ഡാറ്റ സെന്റർ എന്നിവക്കായി 10 കോടി രൂപ വീതം ചിലവഴിക്കും. 

1 കോടി രൂപ ചിലവിൽ യൂണിവേഴ്സിറ്റി ലൈബ്രറിയും 50 ലക്ഷം രൂപ ചിലവിൽ കിൻഫ്രാ പാർക്കിൽ  യൂണിവേഴ്സിറ്റി ഐടി സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് സെൻ്ററും സ്ഥാപിക്കും.

മറ്റ് തീരുമാനങ്ങൾ
 
•    കോഴ്‌സ് കാലയളവിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ച് ഉൽപ്പന്നം പുറത്തിറക്കുന്ന വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ് നൽകാനും തീരുമാനമായി. കഴിഞ്ഞയാഴ്ച സർവകലാശാല സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പിലെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത വ്യവസായ മന്ത്രിയുടെ നിർദേശം സർവകലാശാല അംഗീകരിക്കുകയായിരുന്നു.  

•    ഈ വർഷത്തെ ബിരുദദാന ചടങ്ങ് ഓഗസ്റ്റിൽ നടത്താനും ബോർഡ് ഓഫ് ഗവർനേഴ്‌സ് യോഗം തീരുമാനിച്ചു.

CAPTION: വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് ഓഫ് ഗവേർനേഴ്‌സ് യോഗത്തിൽ സിൻഡിക്കേറ്റ് അംഗവും ധനകാര്യ സമിതി ചെയർമാനുമായ ഡോ.പി.കെ.ബിജു ബജറ്റ് അവതരിപ്പിക്കുന്നു.