സ്കൂൾ വിദ്യാർത്ഥികൾ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു 

 

ദക്ഷിണ വ്യോമ സേനയുടെ  40-ാമത് സ്ഥാപക ദിനം ജൂലൈ 19 ന് ആഘോഷിക്കുന്നു. ഈ ആഘോഷങ്ങളുടെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ ഇന്ന് (ജൂലൈ 14) ദക്ഷിണ വ്യോമ സേന ആസ്ഥാനത്തിലേക്ക് ക്ഷണിച്ചു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രചോദനാത്മകമായ സെമിനാർ ദക്ഷിണ വ്യോമ സേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ   ഉദ്ഘാടനം ചെയ്തു.


ഇന്ത്യൻ എയർ ഫോഴ്‌സിലെ വിവിധ തൊഴിൽ അവസരങ്ങൾ ഉൾപ്പെടെ ദക്ഷിണ വ്യോമ സേനയുടെ  പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിവരണം നൽകി. വിവിധ സ്‌കൂളുകൾ തമ്മിൽ  നടത്തിയ വാശിയേറിയ ക്വിസ് മത്സരം ഏറെ ആവേശം ജനിപ്പിച്ചു. വിവിധ സാങ്കേതിക ഉപകരണങ്ങൾ, വിമാന മോഡലുകൾ, പ്രത്യേക ഇൻഡക്ഷൻ പബ്ലിസിറ്റി എക്സിബിഷൻ വെഹിക്കിൾ (IPEV) എന്നിവയുടെ നിശ്ചല പ്രദർശനവും ഉണ്ടായിരുന്നു . സിമുലേറ്റർ ഫ്ലൈയിംഗ് അനുഭവം നൽകുകയും ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും പുതിയ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തതിനാൽ IPEV വിദ്യാർത്ഥികളുടെ ആകർഷണ കേന്ദ്രമായിരുന്നു.


ദക്ഷിണ വ്യോമ സേനയുടെ വിജയകരമായ ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചരിത്രപരമായ യാത്രകളെക്കുറിച്ചും നേടിയ നാഴികക്കല്ലുകളെക്കുറിച്ചും വിശദീകരിക്കുന്ന ആക്കുളം  ദക്ഷിണ വ്യോമ സേന മ്യൂസിയവും വിദ്യാർത്ഥികൾ സന്ദർശിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം 500 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.