വിർച്വൽ ക്യൂ റദ്ദാക്കിയ സ്ലോട്ടുകൾ എട്ടു മണിക്കൂറിനു ശേഷം വീണ്ടും ബുക്കിങ്ങിന്

പുതിയ പരിഷ്കാരം നവംബർ 24 രാത്രി മുതൽ; അയ്യപ്പനെ കാണാനെത്തുന്ന ഒരു ഭക്തനെയും മടക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

 

ശബരിമല ദർശനത്തിനായി വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തശേഷം റദ്ദാക്കുന്ന സ്ലോട്ടുകൾ എട്ടു മണിക്കൂറിനുശേഷം മാത്രമേ വീണ്ടും ബുക്കിങ്ങിന് ലഭ്യമാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പുതിയ പരിഷ്കാരം നവംബർ 24 രാത്രി മുതൽ നിലവിൽ വരും. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്തശേഷം റദ്ദാക്കി മറ്റുള്ളവർക്ക് ലഭ്യമാക്കുന്ന ആസൂത്രിത നീക്കങ്ങൾ തടയുകയാണ് പരിഷ്കാരത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ഒരാഴ്ച പിന്നിടുമ്പോൾ ക്രമീകരണങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങളിലൂടെ മാത്രം തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതുവഴി മുൻകൂട്ടിയുള്ള ആസൂത്രണത്തിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. പണമിടപാടുകൾ പൂർണമായും ഡിജിറ്റലാക്കിയതോടെ വരുമാനച്ചോർച്ച തടയാനും സാധിച്ചു. ഇത് മൊത്തം വരുമാനത്തിലെ വർധനയിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നിധാനത്തും പരിസരത്തും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്താനായതും നേട്ടമാണ്. നിലയ്ക്കലിൽ വാഹന പാർക്കിങ് ക്രമീകരണങ്ങൾ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഒരേസമയം 12,000 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാനാകും. പാർക്ക് ചെയ്ത സ്ഥലങ്ങളിലേക്ക് തീർത്ഥാടകർക്ക് എളുപ്പത്തിൽ എത്തുന്നതിനായി നിലയ്ക്കലിലെ കെ.എസ്.ആർ.ടി.സി. സർക്കുലർ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു ഭക്തനെയും മടക്കില്ല

അയ്യപ്പദർശനത്തിനെത്തുന്ന ഒരു ഭക്തനെയും മടക്കിയയക്കില്ലെന്ന് കെ. ജയകുമാർ വ്യക്തമാക്കി. എന്നാൽ, വിർച്വൽ ക്യൂ വഴിയോ സ്പോട്ട് ബുക്കിങ് വഴിയോ നിർബന്ധമായും ബുക്ക് ചെയ്തിരിക്കണം. സ്പോട്ട് ബുക്കിങ് നേരത്തേ 5,000 ആയി വർധിപ്പിച്ചിരുന്നു. ആവശ്യമെങ്കിൽ 5,000 എണ്ണം കൂടി കൂട്ടും. നിലവിൽ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തീർത്ഥാടകരുടെ എണ്ണം ക്രമാനുഗതമായി വർധിക്കുകയാണ്. നവംബർ 23ന് 75,000 പേർ ദർശനത്തിനെത്തി. നവംബർ 24ന് 80,000 പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലകയറുന്നവരുടെ എണ്ണം വർധിച്ചിട്ടും സന്നിധാനത്ത് തിരക്കിന്റെ തീവ്രത അനുഭവപ്പെടാത്തത് കൃത്യമായ ഏകോപനത്തിന്റെ ഫലമാണ്. പോലീസിന്റെയും വിവിധ വകുപ്പുകളുടെയും എ.ഡി.എമ്മിന്റെയും സഹകരണം ഇക്കാര്യത്തിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന വർഷങ്ങളായുള്ള ദുരാചാരം ബോധവത്കരണത്തിലൂടെ വലിയ തോതിൽ കുറയ്ക്കാനായത് നേട്ടമാണ്. തീർത്ഥാടനകാലം ആരംഭിച്ചപ്പോൾ ആസൂത്രിതമായി ഭക്തരുടെ എണ്ണം കുറയ്ക്കാൻ ശ്രമം നടന്നിട്ടുണ്ടോയെന്ന് സൈബർ ഫോറൻസിക് വിഭാഗം അന്വേഷിച്ചുവരികയാണ്. ഇതുവരെ അത്തരത്തിലുള്ള നീക്കത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പാച്ചിമേട്ടിലെ വിശ്രമകേന്ദ്രം ഉടൻ തുറക്കും

അപ്പാച്ചിമേട്ടിൽ കാർഡിയാക് കേന്ദ്രത്തിന് സമീപം നവീകരിച്ച് മനോഹരമാക്കിയ തീർത്ഥാടക വിശ്രമകേന്ദ്രം ഒരാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. നേരത്തേ കാടുമൂടി അനാഥാവസ്ഥയിലായിരുന്ന പ്രദേശം തീർത്ഥാടകർക്ക് വിശ്രമിക്കാനും ഫോട്ടോ എടുക്കാനും കഴിയുന്ന വിധത്തിലാണ് നവീകരിച്ചത്. അപ്പം, അരവണ എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.