വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നടപടി

 

വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി.

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് ഫേസ് ക്രീമുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാപകമായി വിൽക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് വലിയ തുക പ്രതിഫലം നൽകി ഇത്തരം ഉൽപ്പന്നങ്ങൾ ഓൺലൈൻ പരസ്യങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പ്രോത്സാഹിപ്പിക്കുന്നതായി മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങൾ തടയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെ ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ അപകടകരമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽനിന്ന് സംരക്ഷിക്കാൻ കർശന നടപടികൾ വേണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.