ശിശുക്ഷേമ സമിതിക്ക് അദീബ് & ഷഫീന ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ ബഹുനില മന്ദിരമായ വീട് ബാലികാമന്ദിരത്തിൽ ആഘോഷപൂർവ്വമായ ​ഗൃഹപ്രവേശനം നടന്നു.

 

ഉത്സവാന്തരീക്ഷത്തിൽ  തലസ്ഥാനത്തെ ശിശുക്ഷേമ സമിതിക്ക് അദീബ് & ഷഫീന ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ ബഹുനിലമന്ദിരമായ വീട് ബാലിക മന്ദിരത്തിലെ ​ഗൃഹപ്രവേശനം നടന്നു.  ഉച്ചയ്ക്ക് 12 മണിയോടെ ബാലിക മന്ദിരത്തിലെ താമസക്കാരായ വൈഷ്ണവി, ബബിത, മിന്നു, നേഹ, ശ്രീക്കുട്ടി, അൻവിത, അദവിക,വൈഷ്ണവി, അഭികാമി, ധ്വനി, ഫേബ എന്നീ കുട്ടികൾ ജനറൽ സെക്രട്ടറി ജി.എൽ അരുൺ​ഗോപിയുടേയും, അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ പ്രതിനിധി സനീർ പി.എ തുടങ്ങി മറ്റ് വിശിഷ്ട വ്യക്തികളുടേയും കൈപിടിച്ച് പുതിയ വീട്ടിലേക്ക് പ്രവേശിച്ചു. തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ​ഗോപി, അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ പ്രതിനിധി സനീർ പി.എ, മാധവി ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി. സുമേശൻ, ജോയിന്റ് സെക്രട്ടറി മീര ദർശക് , ട്രഷറർ കെ ജയപാലൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഒ. എം. ബാലകൃഷ്ണൻ,
ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിഗ ബീ​ഗം, എന്നിവർ നിലവിളക്ക് കൊളുത്തി. തുടർന്ന് 1990 ൽ ശിശുക്ഷേമ സമിതിയിൽ നിന്നു ദത്തുപോയ പ്രശസ്ത നർത്തകി മാധവി ചന്ദ്രൻ പുതിയ വീടിന് പാല് കാച്ചലിന് നേതൃത്വം നൽകി. പത നുരഞ്ഞപ്പോൾ സമിതിയിലെ കുരുന്നുകളും പാലിലേക്ക് അരി തൂകി പങ്കാളികളായി. തുടർന്ന് നടുത്തളത്തിൽ കെട്ടിയ ഊഞ്ഞാലിൽ കുരുന്നുകൾ ആടി പുതിയ വീടിനെ ആഘോഷമാക്കി.

 

 


നിലവിൽ അമ്മത്തൊട്ടിലിലൂടെയും മറ്റ് തരത്തിലും ശിശുക്ഷേമ സമിതിയുടെ പരിചരണ കേന്ദ്രത്തിലെത്തുന്ന കുട്ടികളെ ആറ് വയസ് കഴിയുമ്പോൾ മറ്റിടങ്ങളിൽ മാറ്റേണ്ട അവസ്ഥയായിരുന്നു. പുതിയ മന്ദിരം തുറന്നതോടെ ഈ കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതുവരെ ഇനി എല്ലാ സ്വാതന്ത്രത്തോടെയും, സമിതിയിലെ അമ്മമാരുടെ കരുതലിൽ വളരാനാകും. കൂടാതെ നിരാലംബരായ പെൺകുട്ടികൾക്ക് താമസം, ഭക്ഷണം, വിദ്യാഭ്യാസം, ജീവിത നൈപുണ്യ പരിശീലനം ഇവ ഒരുക്കി ശിശുക്ഷേമ സമിതിയുടെ വീട്ടിൽ പാർപ്പിക്കും. 

കഴിഞ്ഞ ജനുവരി 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അനുവാദത്തോടെയാണ് കുട്ടികളെ മാറ്റിയത്.  6 നും 18 നു ഇടയിൽ പ്രായമുള്ള 11 കുട്ടികളെയാണ് ആദ്യഘട്ടത്തിൽ ഇവിടേയ്ക്ക് താമസിപ്പിക്കുക. കൂടുതൽ കുട്ടികൾ വരുന്ന മുറയ്ക്ക് ഇവിടെ താമസം അനുവദിക്കും. 

തൈയ്ക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത്  അഞ്ച് നിലകളിലായി 4.5 കോടി രൂപയ്ക്ക്   18,000  ചതുരശ്ര അടിയിൽ  സൗകര്യങ്ങൾ ഉള്ള മന്ദിരമാണ്   അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ശിശുക്ഷേമ സമിതിക്ക് നിർമ്മിച്ച് നൽകിയത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ , രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ , ലൈബ്രറികൾ, കമ്പ്യൂട്ടർ റൂമുകൾ, മെസ് ഹാൾ, അടുക്കള, ടോയിലേറ്റ് സൗകര്യം എന്നിവ ഈ ബഹുനില മന്ദിരത്തിൽ  ഉണ്ട്.

 

 

സാമൂഹ്യക്ഷേമ പ്രവർത്തനം നടത്തുന്ന എൻ.ജി.ഒ ആണ് അദീബ് ആന്റ് ഷഫീന ഫൗണ്ടേഷൻ, ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ് എംഡി അദീബ് അഹമ്മദിന്റേയും, ഭാ​ര്യയും, ട്വന്റി ഫോർടീൻ ഹോൾഡിം​ഗ്സ് ഡയറക്ടറുമായ ഷഫീന യൂസഫ്അലിയുടേയും നേതൃത്വത്തിലാണ് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.