ചക്കക്കൊമ്പൻ ദൗത്യം തൽക്കാലം നിർത്തിവച്ചു

മൂന്നുദിവസത്തെ ശ്രമം വിഫലം; രണ്ട് ഡോസ് മയക്കുവെടിയേറ്റിട്ടും ആന മയങ്ങിയില്ല
 

ചിന്നക്കനാൽ മേഖലയിൽ ഭീഷണിയായ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം തൽക്കാലം നിർത്തിവച്ചു. മൂന്നുദിവസം നീണ്ട ശ്രമത്തിനൊടുവിൽ രണ്ട് ഡോസ് മയക്കുവെടിയേറ്റിട്ടും ആന മയങ്ങാത്തതിനെ തുടർന്നാണ് ദൗത്യം അവസാനിപ്പിച്ചത്.

മൂന്നാം ദിവസം വൈകിട്ട് 3.30ഓടെയാണ് ആദ്യ മയക്കുവെടി പ്രയോഗിച്ചത്. തുടർന്ന് രണ്ടാം ഡോസും നൽകിയെങ്കിലും ആന മയങ്ങിയില്ല. ഇതിനിടെ ആനയിറങ്കൽ ഡാമിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പൻ മുക്കാൽ മണിക്കൂറിനുശേഷം രണ്ട് കിലോമീറ്ററോളം നീന്തി മറുകരയിലെത്തി. കുങ്കിയാനകളെ എത്തിച്ചെങ്കിലും ചക്കക്കൊമ്പൻ ദൗത്യസംഘത്തെ വിരട്ടിയോടിച്ചു.

പിന്നീട് ആനയെ കാട്ടിലേക്ക് മാറ്റിയെങ്കിലും വെളിച്ചക്കുറവും മയക്കത്തിന്റെ അപര്യാപ്തതയും കാലാവസ്ഥയും കണക്കിലെടുത്ത് വൈകിട്ട് ആറേകാലോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദൗത്യം നിർത്തിവച്ചതായി സി.സി.എഫ്. അറിയിച്ചു.

അതിരാവിലെ പ്രദേശവാസിയുടെ പറമ്പിൽ കൃഷിനാശം വരുത്തിയ ആനയെ ഓമനക്കുടി ഭാഗത്തെത്തിച്ച ശേഷമായിരുന്നു മയക്കുവെടി ദൗത്യം ആരംഭിച്ചത്.