മാസപ്പടി വിവാദം; വീണ വിജയനെതിരെ ഇഡി പ്രാഥമിക പരിശോധന തുടങ്ങി
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഇഡി പ്രാഥമിക പരിശോധന ആരംഭിച്ചു. കൊച്ചി ഇഡി ഓഫിസിൽ ലഭിച്ച പരാതികളിൽ ആണ് പരിശോധന നടത്തുന്നത്.ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പ് രേഖയിലുള്ള വ്യക്തികൾ, സ്ഥാപനം എന്നിവയ്ക്കെതിരെയാണ് ഇഡിയുടെ അന്വേഷണം. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമോ എന്ന കാര്യം പരിശോധിക്കും. വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയിലാണ്.
അതേസമയം, വീണയ്ക്കും കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സിനുമെതിരേ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രംഗത്തെത്തി. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 42.48 ലക്ഷം രൂപ വാങ്ങിയതായി രേഖകളുണ്ടെന്ന് മാത്യു കുഴൽനാടൻ പത്രസമ്മേളനത്തില്‍ പറഞ്ഞു.വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എം.വി.ഗോവിന്ദൻ മാറി. സി പി എമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴൽനാടൻ പറഞ്ഞു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.
2017, 18, 19 കാലഘട്ടത്തില്‍ 42.48 ലക്ഷം രൂപ സിഎംആര്‍എല്ലില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഇതിന് നികുതി ഇനത്തില്‍ എക്‌സാലോജിക് 6.48 ലക്ഷം രൂപ അടച്ചിട്ടുണ്ട്. സിഎംആര്‍എല്‍ ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍നിന്ന് 39 ലക്ഷം രൂപ കടമായി വാങ്ങിയിട്ടുണ്ടെന്നുള്ളതിനും രേഖകളുണ്ടെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി.1.72 കോടി രൂപ കൈപ്പറ്റിയതിന്റെ ജി.എസ്.ടി. തുകയായ 31 ലക്ഷത്തോളം രൂപ അടച്ചിട്ടില്ല. പണം വാങ്ങിയത് സേവനത്തിനാണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാദം. സേവനത്തിനാണെങ്കില്‍ അതിന്റെ ജി.എസ്.ടി. അടച്ച രേഖ പുറത്തുവിടണം. അല്ലെങ്കില്‍ കൈപ്പറ്റിയത് അധികാര സ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള പൊളിറ്റിക്കല്‍ ഫണ്ടാണെന്ന് തുറന്നു പറയണമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.