അഞ്ച് ദിവസം കൂടി മഴ തുടരും

 

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നല്‍ തുടരാനും ഇന്നും (സെപ്റ്റംബര്‍ 30) നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.

 

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.

ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 30) മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 30)  ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

30.09.2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

01.10.2023: എറണാകുളം, കോഴിക്കോട്, കണ്ണൂർ

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ ഇന്ന് കോട്ടയം (പച്ച) ഒഴികെയുള്ള എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.