കേരള ഭരണം നിയന്ത്രിക്കുന്നത് സംഘപരിവാര്‍; പ്രതിപക്ഷ നേതാവ്

ജെ.ഡി.എസ്- എന്‍.ഡി.എ ബന്ധത്തിന് പിണറായി കൂട്ടുനിന്നത് കരുവന്നൂര്‍ അന്വേഷണം അട്ടിമറിക്കാന്‍; കോവിഡ് കാലത്തെ കൊള്ള സ്ഥിരീകരിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നത്
 

മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ജെ.ഡി.എസ് ബി.ജെ.പിയിലേക്ക് ചേക്കേറിയതെന്ന മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. എല്‍.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിയും ജെ.ഡി.എസ് എന്‍.ഡി.എ മുന്നണിയില്‍ ചേരുന്നതിന് സമ്മതം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. എന്‍.ഡി.എ മുന്നണിയില്‍ അംഗമായ പാര്‍ട്ടിയുടെ പ്രതിനിധി പിണറായി വിജയന്റെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ അംഗമാണെന്നത് വിചിത്രമാണ്. ഇതു സംബന്ധിച്ച് ഒരു പ്രതികരണവും ഇതുവരെ മുഖ്യമന്ത്രി നടത്തിയിട്ടില്ല. 

എന്‍.ഡി.എ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രിയെ 24 മണിക്കൂറിനകം പുറത്താക്കണമെന്ന് പിണറായി വിജയനോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്‍.ഡി.എ പ്ലസ് എല്‍.ഡി.എഫാണെന്ന പരിഹാസത്തിലും മുഖ്യമന്ത്രിക്ക് പ്രതികരമില്ല. കേരള മുഖ്യമന്ത്രിയുമായും ജെ.ഡി.എസുമായും ബന്ധപ്പെടുത്തിയത് ബി.ജെ.പി നേതാക്കളാണെന്ന് ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്. പിണറായി വിജയനും സി.പി.എമ്മിനും ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. 

പിണറായിയുടെ തുടര്‍ ഭരണത്തിന് കാരണമായതും ബി.ജെ.പി- സി.പി.എം അവിഹിത കൂട്ടുകെട്ടാണ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതികളിലെ അന്വേഷണം അവസാനിപ്പിക്കാന്‍ കാരണവും ഈ കൂട്ടുകെട്ടാണ്. ദേശീയതലത്തില്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെ രൂപീകരിച്ച ഇന്ത്യ മുന്നണിയിലേക്ക് സി.പി.എം പ്രതിനിധിയെ അയയ്‌ക്കേണ്ടെന്ന തീരുമനം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചതും സി.പി.എം കേരള നേതൃത്വമാണ്. ബി.ജെ.പി പിണറായി സര്‍ക്കാരിനെയും സി.പി.എമ്മിനെയും വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പിയും സംഘപരിവാറുമാണ് കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. 

കരുവന്നൂര്‍ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീര്‍പ്പിലേക്ക് പോകുകയാണ്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി തൃശൂര്‍ പാര്‍ലമെന്റ് സീറ്റിലും നീക്കുപോക്കുണ്ടാകുമോയെന്ന് ഞങ്ങള്‍ ഭയപ്പെടുകയാണ്. ആ രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ബി.ജെ.പി മുന്നണിയിലെ പ്രതിനിധി ഇരിക്കുന്നത് എത്ര അപമാനകരമാണ്. ബി.ജെ.പിയില്‍ ചേരാന്‍ പാടില്ലെന്ന് നിലാപാടെടുത്ത കാര്‍ണാടകത്തിലെ ജെ.ഡി.എസ് അധ്യക്ഷനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പക്ഷെ കേരള ഘടകത്തിലെ ആരെയും പുറത്താക്കിജെ.ഡി.എസ് പ്രതിനിധിയെ മന്ത്രിസഭയില്‍ ഉറപ്പിച്ച് നിര്‍ത്താമെന്ന് പിണറായി വിജയന്‍ ദേവഗൗഡയ്ക്ക് വാക്കു കൊടുത്തു. സി.പി.എമ്മിന്റെ യാഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 

പ്രായാധിക്യമുള്ള ദേവഗൗഡ പ്രസിഡന്റായിരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റല്ലേ മാത്യു ടി. തോമസ്? ഒരു മാസം കൊണ്ട് ദേവഗൗഡയ്ക്ക് പ്രായം കൂടുമോ? ഇവരെല്ലാം അറിഞ്ഞു കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സംസ്ഥാന ഘടകമോ മുഖ്യമന്ത്രിയോ ദേവഗൗഡ എന്‍.ഡി.എയില്‍ ചേര്‍ന്നതിനെ തള്ളിപ്പറഞ്ഞോ? സംസ്ഥാന ഘടകത്തിന്റെ കൂടി സമ്മതത്തിലാണ് ദേവഗൗഡ എന്‍.ഡി.എയിലേക്ക് പോയത്. അതുകൊണ്ടാണ് ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി യോഗം പോലും ചേരാത്തത്. നിങ്ങള്‍ ഒരു തീരുമാനം എടുക്കണമെന്ന് ജെ.ഡി.എസിനോട് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലാതെ പോയത് എന്തുകൊണ്ടാണ്? എന്‍.ഡി.എ മുന്നണിയില്‍ അംഗമായ പാര്‍ട്ടിയിലെ അംഗം തന്റെ മന്ത്രിസഭയില്‍ ഇരിക്കുമ്പോള്‍ ആ പാര്‍ട്ടിയോടും മന്ത്രിയോടും ബി.ജി.പിക്ക് ഒപ്പമാണോയെന്ന് ചോദിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ബി.ജെ.പിയെ ഭയക്കുന്നത് കൊണ്ടാണ്. സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ കോഴക്കേസും പോലെ കരുവന്നൂരിലും  ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുകയാണ്. അതുകൊണ്ടാണ് ജെ.ഡി.എസ് എന്‍.ഡി.എ കൂട്ടുകെട്ടിന് മുഖ്യമന്ത്രി കൂട്ടു നില്‍ക്കുന്നത്. 


കോവിഡ് കാലത്ത് കുരങ്ങനും നായ്ക്കള്‍ക്കും ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അണിയറയില്‍ കൊള്ളയാണ് നടന്നത്. കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നടത്തിയ പര്‍ച്ചേസില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. സി.എ.ജി പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ ഈ ആരോപണം ശരി വയ്ക്കുന്നതാണ്. 456 രൂപയ്ക്ക് പി.പി.ഇ കിറ്റ് കേരളത്തില്‍ കിട്ടുന്ന ദിവസമാണ് 1550 രൂപയ്ക്ക് പതിനായിരക്കണക്കിന് കിറ്റുകള്‍ വാങ്ങിയത്. ഏഴ് രൂപയ്ക്ക് ഗ്ലൗസ് കിട്ടുന്ന കാലത്താണ് 12 രൂപയ്ക്ക് കോടിക്കണക്കിന് രൂപയുടെ ഗ്ലൗസ് പച്ചക്കറി കമ്പനിയില്‍ നിന്നും വാങ്ങിയത്. ഇത്തരത്തില്‍ 1032 കോടി രൂപയുടെ പര്‍ച്ചേസാണ് കോവിഡ് കാലത്ത് നടന്നത്. യാഥാര്‍ത്ഥ വിലയുടെ 300 ശതമാനത്തില്‍ കൂടുതല്‍ വിലയ്ക്കാണ് കറക്ക് കമ്പനികളെ ഉപയോഗിച്ച് അഴിമതി നടത്തിയത്. ഇക്കാര്യം നിയമസഭയില്‍ പി.സി വിഷ്ണുനാഥ് അഴിമതി ആരോപണമായി ഉന്നയിച്ചിട്ടുണ്ട്. ഇത് ശരി വയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. 

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, എ.ഐ ക്യാമറ അഴിമതി, കെ ഫോണ്‍ അഴിമതി, മാസപ്പടി എന്നിവയ്ക്ക് പിന്നാലെ പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ പൊന്‍കിരീടത്തിലെ ആറാമത്തെ തൂവലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പര്‍ച്ചേസ് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട്. ഗുരുതരമായ ആറ് അഴിമതി ആരോപണങ്ങളാണ് ഈ സര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍തൂവലുകളായുള്ളത്. ഇത് സര്‍ക്കാരല്ല കൊള്ളക്കാരാണ്. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന ആളുകളാണിത്. കോവിഡ് കാലത്ത് ജനങ്ങള്‍ ഭീതിയിലും ദുഖത്തിലും ജീവിക്കുന്ന കാലത്താണ് സര്‍ക്കാര്‍ കോടികളുടെ കൊള്ള നടത്തിയത്. കോവിഡ് കാലത്തെ പര്‍ച്ചേസ് സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ കേസ് ലോകായുക്തയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി അറിയാതെ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കോവിഡ് കാലത്തെ കൊള്ളകളെല്ലാം നടന്നത്. 

എക്‌സാലോജിക് ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന് അറിയാന്‍ പൗരന് അവകാശമുണ്ട്. അക്കാര്യത്തില്‍ എന്ത് രഹസ്യ സ്വഭാവമാണുള്ളത്? ഇത് രാജ്യത്തെ സംബന്ധിക്കുന്ന പ്രതിരോധ രഹസ്യമാണോ? ഭയപ്പെടുന്നത് കൊണ്ടാണ് മറുപടി നല്‍കാത്തത്. 

ആളുകളെ അപമാനിക്കാന്‍ എം.എം മണിയെ പോലുള്ള വാ പോയ കോടാലികളെ അഴിച്ചു വിട്ടിരിക്കുകയാണ്. പി.ജെ ജോസഫിനെ പോലുള്ള മുതിര്‍ന്ന നേതാക്കളെ പോലും അപമാനിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. അതിന്റെ പേരിലാണ് അപമാനിക്കുന്നത്. സി.പി.എമ്മിന് എം.എം മണിയെ നിയന്ത്രിക്കാന്‍ പറ്റുന്നില്ലേ? മനോനില തകരാറിലാണെങ്കില്‍ മണിയോട് വീട്ടില്‍ ഇരിക്കാന്‍ സി.പി.എം പറയണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അപമാനിക്കാന്‍ ഇയാള്‍ക്ക് ആരാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്? സി.പി.ഐക്കാരെയും ഉദ്യോഗസ്ഥരെയും ഇയാള്‍ ചീത്ത വിളിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതിനിധിയായ കളക്ടറെ പോലും അയാള്‍ അസംഭ്യം പറഞ്ഞു. മുഖ്യമന്ത്രിക്ക് അഭിമാനബോധമുണ്ടോ? മുഖ്യമന്ത്രിയാണ് കളക്ടറെ സംരക്ഷിക്കേണ്ടത്. കളക്ടറെ അസഭ്യം പറയുന്ന ആളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലേ? സര്‍ക്കാരിന്റെ അറിവോടെയാണ് ഇതെല്ലാം ചെയ്യുന്നത്. 

വി.എസ് അച്യുതാനന്ദന്റെ കാലത്തെ മൂന്നാര്‍ ദൗത്യം പൊളിക്കാന്‍ പിണറായി വിജയന്‍ ഇതേ എം.എം മണിയെയാണ് ഉപയോഗിച്ചത്. വി.എസ് അയച്ച മൂന്ന് പൂച്ചകളെ മണി ഉള്‍പ്പെടെയുള്ള പെരുച്ചാഴികളാണ് വിഴുങ്ങിയത്. ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണാണ് ഇടുക്കിയില്‍ നടന്നത്. എവിടെ നോക്കിയാലും കയ്യേറ്റത്തില്‍ മണിയുടെ ബന്ധുവിന്റെ പേരുണ്ടാകും. അതുകൊണ്ടാണ് മുന്നില്‍ നിന്ന് ചെറുക്കുന്നത്. നിയമത്തെ അട്ടിമറിക്കുകയെന്നതാണ് സര്‍ക്കാര്‍ സമീപനം. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള സന്ദേശമാണ് ഈ നടപടിയിലൂടെ നല്‍കിയിരിക്കുന്നത്. അധികാരത്തെ എങ്ങനെയും ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍.