പൂരം കലക്കൽ റിപ്പോർട്ട് തള്ളിയതിനെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം സെക്രട്ടറി

 

പൂരം കലക്കൽ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് തള്ളിയതിനെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ. പൂരവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പുനരന്വേഷണം വേണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ദേവസ്വം പ്രതിനിധികൾ ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൂരത്തിനിടെ എക്സിബിഷൻ പന്തൽ പൂട്ടിക്കുക, കുടമാറ്റത്തിനായി കുടകൾ കൊണ്ടുവരുന്നത് തടയുക തുടങ്ങി നിരവധി സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടായിരുന്നു. എന്നാൽ സംഭവങ്ങളുടെ ഉത്തരവാദിത്തം തിരുവമ്പാടി ദേവസ്വത്തിന്റെ മേൽ ചുമത്താനാണ് ശ്രമിച്ചത്. ആഭ്യന്തരമന്ത്രി ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ബന്തവസ്സിനായി ദേവസ്വങ്ങൾക്ക് വലിയ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. അങ്ങനെയിരിക്കെ ഇരു ദേവസ്വങ്ങളും പൂരം കലക്കാൻ ശ്രമിക്കുമെന്ന് എങ്ങനെ കരുതാനാകുമെന്നും അദ്ദേഹം ചോദിച്ചു.

യഥാർഥ പ്രതികളെ സംരക്ഷിച്ച് ദേവസ്വങ്ങളെ കുറ്റക്കാരാക്കുന്ന രീതിയിലായിരുന്നു റിപ്പോർട്ട്. 'ആടിനെ പട്ടിയാക്കുന്ന' സമീപനമാണ് റിപ്പോർട്ടിൽ സ്വീകരിച്ചത്. കള്ളന്റെ കൈയിൽ താക്കോൽ ഏൽപ്പിക്കുന്നതുപോലെയായിരുന്നു അന്വേഷണം. പൂരം കലക്കിയവർ തന്നെ അന്വേഷിക്കുന്ന അവസ്ഥയാണുണ്ടായിരുന്നതെന്നും കെ. ഗിരീഷ് കുമാർ ആരോപിച്ചു. റിപ്പോർട്ട് തള്ളിയ ആഭ്യന്തരവകുപ്പിന്റെ നടപടിയെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.