ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യം; ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം; പ്രതിപക്ഷ നേതാവ്
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കേരളത്തിന്റെ മനസസാക്ഷി സ്തംഭിച്ചിരിക്കുകയാണ്. ക്രൂരമായി മര്‍ദ്ദിച്ച് കെട്ടിത്തൂക്കി കൊന്നതിനു പുറമെ സിദ്ധാര്‍ത്ഥിന് എസ്.എഫ്.ഐ വീണ്ടും വധശിക്ഷ വിധിച്ചിരിക്കുകയാണ്. കൊലചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയെ അപമാനിക്കാനുള്ള ശ്രമമാണ് എസ്.എഫ്.ഐ വീണ്ടും നടത്തുന്നത്. സിദ്ധാര്‍ത്ഥ് മരിച്ചതിന് ശേഷം വ്യാജ പരാതിയുണ്ടാക്കി കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷിച്ചത്. ആന്തൂരില്‍ സാജന്‍ ആത്മഹത്യ ചെയ്തതിന് കാരണക്കാര്‍ സര്‍ക്കാരും മുന്‍സിപ്പാലിറ്റിയും അല്ലെന്നും വരുത്തി തീര്‍ക്കാന്‍ കുടുംബത്തിനെതിരെ വ്യാജ കഥകള്‍ പ്രചരിപ്പിച്ചതു പോലെയാണ് സിദ്ധാര്‍ത്ഥിനെയും കുടുംബത്തെയും വീണ്ടും അപമാനിക്കുന്നത്. വയനാട്ടിലെ മുതിര്‍ന്ന സി.പി.എം നേതാവാണ് പ്രതികള്‍ക്കു വേണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായത്. ക്രൂരമായ കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ സി.പി.എം നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കുന്നതും സി.പി.എമ്മാണ്. പ്രതികളെ വിട്ടു നല്‍കാന്‍ സി.പി.എം തയാറാകണം.
കേരളത്തിലെ മുഴുവന്‍ രക്ഷിതാക്കളെയും ഭീതിയിലാക്കിയ ക്രൂരമായ കൊലപാതകത്തെ കുറിച്ച് മുഖ്യമന്ത്രി ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല. കല്യാശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കമ്പിവടി കൊണ്ടും ചെടിച്ചട്ടികൊണ്ടും ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും ഇനിയും തുടരണമെന്നുമുള്ള ആഹ്വാനമാണ് എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് കാരണം. ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിന്‍പൂക്കുല പോലെ ചിതറിക്കുമെന്ന് പ്രസംഗിച്ച സി.പി.എം നേതാക്കളുടെ അതേ വഴിയിലാണ് പുതുതലമുറയില്‍പ്പെട്ട എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും. ക്രിമിനലുകളില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. തിങ്കളാഴ്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹരാര സമരം തിരുവനന്തപുരത്ത് ആരംഭിക്കും. കോളജില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ അരാക്ഷിതാവസ്ഥയില്‍ നിന്നും മോചിപ്പിക്കാനുള്ള അതിശ്കതമായ സമരപരിപാടികളുമായി കോണ്‍ഗ്രസും യു.ഡി.എഫും മുന്നോട്ട് പോകും. മഹാരാജാസ് കോളജിലെ കെ.എസ്.യു നേതാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും എ.ഐ.എസ്.എഫ് വനിതാ നേതാവിനെ അശ്ലീലം പറയുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെയാണ് എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയാക്കിയത്. ക്രിമിനല്‍ സംഘത്തിന്റെ തലവന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവനാകണമെന്ന നിര്‍ബന്ധത്തോട് കൂടിയാണിത്.
ശമ്പളം പോലും മുടങ്ങുന്ന ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തിയിരിക്കുന്നത്. 2020 ലും 2023 ല്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സര്‍ക്കാരിന്റെ തെറ്റായ രീതിയിലുള്ള ധനകാര്യ മാനേജ്‌മെന്റാണ് ഇതിനു കാരണം. കേരളം ഇതുവരെ കാണാത്ത ഗുരുതര ധനപ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുമ്പോള്‍ എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലാണ്. സമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയിട്ട് ഏഴു മാസമായി. അഗതികളും വിധവകളും ഭിന്നശേഷിക്കാരും വയോധികരും ഉള്‍പ്പെടെ 55 ലക്ഷം പേരാണ് ആഹാരം കഴിക്കാനോ മരുന്നു വാങ്ങാനോ നിവൃത്തിയില്ലാതെ പ്രയാസപ്പെടുന്നത്.
കെട്ടിട തൊഴിലാളി മുതല്‍ അംഗന്‍വാടി വരെയുള്ള എല്ലാ ക്ഷേമനിധികളും തകര്‍ന്നിരിക്കുകയാണ്. ധനസഹായം മുടങ്ങിയതിനെ തുടര്‍ന്ന് പട്ടികജാതി- വര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിക്കുകയാണ്. സാധാരണക്കാരും ഇടത്തരക്കാരും നേരിടുന്ന പ്രതിസന്ധിക്ക് പുറമെയാണ് ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. പണം ഇല്ലെങ്കിലും സാങ്കേതിക തടസങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. ഒന്നേകാല്‍ ലക്ഷം ജീവനക്കാര്‍ക്കാണ് ഇന്നലെ ശമ്പളം മുടങ്ങിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
സാധാരണക്കാര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണ്. കേന്ദ്രം നല്‍കാനുള്ളത് ഏത് തുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 3100 കോടിയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. 57800 കോടി ലഭിക്കാനുണ്ടെന്ന കള്ളക്കണക്ക് നിയമസഭയില്‍ പ്രതിപക്ഷം പൊളിച്ചതാണ്. ജി.എസ്.ടി കോമ്പന്‍സേഷനുള്ള രേഖകള്‍ കൊടുക്കാന്‍ വൈകിപ്പിച്ചത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ധനപ്രതിസന്ധിക്ക് കാരണം.