വളയിട്ട കൈകളിൽ ഈ വളയം ഇനി സുരക്ഷിതം; കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവറായി അനുഗ്രഹ

 

ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന ചരിത്ര നേട്ടം ഇനി അനുഗ്രഹയ്ക്ക് സ്വന്തം. മേപ്പയൂർ എടത്തിൽ മുക്ക് കാവതിക്കണ്ടി സ്വദേശിയാണ് അനുഗ്രഹ. പേരാമ്പ്ര റൂട്ടിലെ നോവ ബസ് ആണ് പെൺകുട്ടി ഓടിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ സാഹസികത ഒപ്പം കൂട്ടിയ പെൺകുട്ടിക്ക് ഡ്രൈവിങ്ങിനോടാണ് ഏറെ താൽപ്പര്യം. സോഷ്യൽ മീഡിയ വഴി നിരവധി പ്രശംസകളാണ് അനുഗ്രഹയ്ക്ക് കിട്ടുന്നത്.


ബസ് ഓടിക്കാൻ ആഗ്രഹം കൂടിവന്നതോടെ അതിനുള്ള ഹെവി ലൈസൻസും അനുഗ്രഹ കഴിഞ്ഞയാഴ്ച സ്വന്തമാക്കി. അങ്ങനെ തന്റെ ഏറെക്കാലമായുള്ള ആഗ്രഹവും സഫലീകരിച്ചിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരി.


പേരാമ്പ്ര-വടകര റൂട്ടിലെ നോവ ബസിലാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ച് ഡ്രൈവിങ് സീറ്റിൽ അനുഗ്രഹ ഇരുന്നത്. ലൊജിസ്റ്റിക്കിൽ മാസ്റ്റർ ബിരുദധാരിയായ അനുഗ്രഹ ഇപ്പോൾ വിദേശത്ത്‌ ജോലിയ്ക്ക് ശ്രമിക്കുകയാണ്. ജോലി ലഭിക്കുന്നതുവരെ ഡ്രൈവിങ്ങ് തുടരാനാണ് തീരുമാനം.മുരളീധരൻ ചന്ദ്രിക ദമ്പതിമാരുടെ മകളാണ് മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ മണാലിയിൽ നടന്ന അഡ്വഞ്ചറസ് ക്യാമ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് അനുഗ്രഹ പങ്കെടുത്തിരുന്നു. ഇത് സാഹസികതയ്ക്കു കരുത്തുപകരാൻ ഏറെ സഹായമായെന്ന് അനുഗ്രഹ പറഞ്ഞു.വോളിബോൾ താരമെന്ന നിലയിലും കൊയിലാണ്ടി ഗവ.കോളജിൽ പഠിക്കുന്ന സമയത്തു മികവു തെളിയിക്കാൻ അനുഗ്രഹയ്ക്കായി. സ്കൂൾ പഠനകാലത്തു തന്നെ എസ്പിസി, എൻഎസ്എസ് എന്നിവയിൽ സജീവമായിരുന്നു.