കിഴങ്ങുവിളകൾ മണ്ണിനടിയിലെ ഊർജസമ്പത്ത്;
മണ്ണിനടിയിലെ ഊർജസമ്പത്താണ് കിഴങ്ങുവിളകളെന്നും ഭക്ഷ്യ-പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവയുടെ കൃഷി വ്യാപിപ്പിക്കണമെന്നും കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്. കിഴങ്ങുവിളകളുടെ ഉൽപ്പാദനം, മൂല്യവർധന, വിപണനം എന്നിവ ലക്ഷ്യമിട്ട് 'ന്യൂട്രി ട്യൂബർ കേരളം' പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ശ്രീകാര്യത്തെ ഐ.സി.എ.ആർ–കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും (സി.ടി.സി.ആർ.ഐ) ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സും (ഐ.എസ്.ആർ.സി) സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന കിഴങ്ങുവിള ദിനം 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേന ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ ദീപം തെളിയിച്ചാണ് മന്ത്രി പരിപാടികൾ ഉദ്ഘാടനം ചെയ്തത്. ഐ.സി.എ.ആർ–സി.ടി.സി.ആർ.ഐ ഡയറക്ടറും ഐ.എസ്.ആർ.സി പ്രസിഡന്റുമായ ഡോ. ജി. ബിജു അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ ഭക്ഷ്യ-പോഷക സുരക്ഷയിലും കർഷകരുടെ വരുമാന വർധനയിലും സുസ്ഥിര കാർഷിക വികസനത്തിലും കിഴങ്ങുവിളകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. മനുഷ്യശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊർജവും നൽകുന്ന കിഴങ്ങുവിളകൾ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിന് വലിയ സാധ്യതയാണ്. പരമ്പരാഗത ഭക്ഷണരീതികളിൽനിന്ന് മാറിയുള്ള പുതിയ ഭക്ഷണശീലങ്ങൾ ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്ന സാഹചര്യത്തിൽ കിഴങ്ങുവിളകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 'എന്റെ ഭക്ഷണം, എന്റെ ഉത്തരവാദിത്തം' എന്ന സന്ദേശം ഓരോ മലയാളിയും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതശൈലീരോഗങ്ങളും ആരോഗ്യച്ചെലവുകളും വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അമിതമായ കീടനാശിനി പ്രയോഗവും ഭക്ഷ്യവസ്തുക്കളിലെ അവശിഷ്ടങ്ങളും ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ശാസ്ത്രീയ കൃഷിരീതികളും സുരക്ഷിത ഭക്ഷ്യോൽപ്പാദനവും പ്രോത്സാഹിപ്പിക്കണം. കൃഷിയിടങ്ങളിൽ കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കുന്നതിനും ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിവകുപ്പ് പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിഭവനുകൾ, കർഷകർ, ആദിവാസി ഗോത്രമേഖലകൾ എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും 'ന്യൂട്രി ട്യൂബർ കേരളം' പദ്ധതി നടപ്പാക്കുക. ഉൽപ്പാദനത്തിനൊപ്പം സംസ്കരണം, മൂല്യവർധന, വിപണനം, കയറ്റുമതി സാധ്യതകൾ എന്നിവയ്ക്കും പദ്ധതി പ്രാധാന്യം നൽകും. കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനും ആധുനിക ഗവേഷണ-സാങ്കേതികവിദ്യകൾ കൃഷിയിലേക്ക് എത്തിക്കുന്നതിനും നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഐ.സി.എ.ആർ–സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ. ജി. ബിജു സ്വാഗതം ആശംസിച്ചു. കാർഷികോൽപ്പാദന കമ്മീഷണർ ഡോ. വീണ എൻ. മാധവൻ, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, എം.എസ്. സ്വാമിനാഥൻ ഗവേഷണ ഫൗണ്ടേഷന്റെ കേരള ഏരിയ ഡയറക്ടർ ഡോ. സി. തമ്പാൻ എന്നിവർ ആശംസകൾ നേർന്നു. ഐ.എസ്.ആർ.സി സെക്രട്ടറി ഡോ. കെ. സുനിൽകുമാർ നന്ദി പറഞ്ഞു.
സ്ഥാപനത്തിന്റെ വിവിധ പ്രസിദ്ധീകരണങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. കിഴങ്ങുവിള മേഖലയിലെ മികച്ച സംഭാവനകൾക്ക് വ്യക്തികളെ ആദരിച്ചു. സ്ഥാപനത്തിന്റെ സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണവും വ്യാപനവും ലക്ഷ്യമിട്ട് സാങ്കേതികവിദ്യാ കൈമാറ്റം, ലൈസൻസ് വിതരണം, ധാരണാപത്ര കൈമാറ്റം എന്നിവയും നടന്നു.
തുടർന്ന് നടന്ന കർഷക-ശാസ്ത്രജ്ഞ സംവാദത്തിൽ കിഴങ്ങുവിള കർഷകർ നേരിടുന്ന പ്രശ്നങ്ങളും പ്രായോഗിക പരിഹാരമാർഗങ്ങളും ചർച്ച ചെയ്തു. കർഷകർ, വിദ്യാർഥികൾ, സംരംഭകർ, ശാസ്ത്രജ്ഞർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെയും കർഷക ഉൽപാദക സംഘടനകളുടെയും പ്രതിനിധികൾ ഉൾപ്പെടെ മുന്നൂറോളം പേർ പങ്കെടുത്തു.
സ്ഥാപനം വികസിപ്പിച്ച സാങ്കേതികവിദ്യകളുടെയും കർഷകരുടെ നൂതന കണ്ടുപിടിത്തങ്ങളുടെയും പ്രദർശനം, പരിശീലന പരിപാടികൾ, കർഷകർക്കായുള്ള പഠനയാത്രകൾ, കിഴങ്ങുവിള നടീൽവസ്തുക്കളുടെ കിറ്റ് വിതരണം, ഗവേഷണ കൃഷിയിട സന്ദർശനം എന്നിവയും ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.