ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ട് നീതി;

മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ അഴിമതി ആരോപണ നോട്ടീസ് അനുവദിക്കാത്ത നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്
 

ഇന്നലെ ബജറ്റ്  സംബന്ധിച്ച പൊതു ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീക്കര്‍ക്ക് ചട്ടം 285 പ്രകാരം നോട്ടീസ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വ്യവസായ സെക്രട്ടറി അയച്ച കത്തും സര്‍ക്കാരിന്റെ വ്യവസായ നയത്തെ സംബന്ധിച്ച ഫോട്ടസ്റ്റാറ്റുമാണ് ഹാജരാക്കിയത്. ഫോട്ടോസ്റ്റാറ്റിന്റെ പിന്‍ബലത്തില്‍ അവതരിപ്പിച്ചാല്‍ സഭയുടെ പരിശുദ്ധി കളങ്കപ്പെടുമെന്നും അതിനാല്‍ അനുവദിക്കാനികില്ലെന്നുമുള്ള തീരുമാനമാണ് സ്പീക്കര്‍ എടുത്തത്. 

സ്പീക്കറുടെ റൂളിങിനെ ചോദ്യം ചെയ്യുന്നില്ല. മന്ത്രിക്കെതിരെ ആരോപണം വന്നാല്‍ അനുവദിക്കണമോയെന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് വിവേചനാധികാരമുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവിനെതിരെ ഭരണപക്ഷ അംഗം ഒരു രേഖയുടെയും പിന്‍ബലമില്ലാതെ നോട്ടീസ് നല്‍കിയപ്പോള്‍ ആരോപണം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. പ്രതിപക്ഷത്തെ നിരാശപ്പെടുത്തുന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. ഒര്‍ജിനല്‍ രേഖ നിയമസഭയില്‍ കൊണ്ടു വന്ന് ആരോപണം ഉന്നയിക്കാനാകില്ല. രണ്ട് കാര്യങ്ങളിലും വ്യത്യസ്ത നടപടി എടുത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു. 

വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കാന്‍ അനുവദിക്കാതിരുന്നത് സ്പീക്കര്‍ പ്രതിപക്ഷത്തോട് കാട്ടിയ അനീതിയാണ്. റൂള്‍സ് ഓഫ് പ്രൊസീജ്യര്‍ അനുസരിച്ച് മാത്യു കുഴല്‍നാടന്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടും ആരോപണം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. ആരോപണം ഉന്നയിച്ചാല്‍ സഭയുടെ പരിശുദ്ധി നഷ്ടപ്പെടുമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. പ്രതിപക്ഷ നേതവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പി.വി അന്‍വറിനെ അനുവദിച്ചത് എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് സ്പീക്കര്‍ വ്യക്തമാക്കണം. അന്‍വര്‍ ആരോപണം ഉന്നയിക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തില്ല. എന്നാല്‍ തനിക്കെതിരെ ആരോപണം വരുന്നതില്‍ മുഖ്യമന്ത്രിക്ക് പേടിയാണ്. സ്പീക്കറെ ഭയപ്പെടുത്തി അഴിമതി ആരോപണത്തിനുള്ള അനുമതി നിഷേധിക്കുയായിരുന്നു. 

രേഖകള്‍ സമര്‍പ്പിച്ചിട്ടും അഴിമതി ആരോപണം ഉന്നയിക്കാന്‍ അനുവദിക്കാത്തത് നിയമസഭാ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. പി.വി അന്‍വര്‍ നല്‍കിയ നോട്ടീസ് അനുവദിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്യു കുഴല്‍നാടനോട് സ്പീക്കര്‍ കാട്ടിയത് ഇരട്ടത്താപ്പാണ്. ഇത്തരമൊരു നടപടി സ്പീക്കറുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍ക്കാരും മുഖ്യമന്ത്രിയും ഈ വിഷയം നിയമസഭയില്‍ വരുന്നതിനെ ഭയപ്പെടുകയാണ്.