ഏക സിവിൽകോഡ്: ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം; യുസിസി സെമിനാറിൽ യെച്ചൂരി

 

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി കോഴിക്കോട്ട് സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. യുസിസി ഭരണഘടനയിലെ നിർദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.

ഹിന്ദു - മുസ്ലിം വിഭാഗീയത സൃഷ്ടിച്ച് 2024-ലെ തിരഞ്ഞടുപ്പില്‍ നേട്ടം ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തിലോ സമുദായത്തിലോ മാറ്റങ്ങള്‍ വേണമെങ്കില്‍ അത് തുറന്ന ചര്‍ച്ചയിലൂടെ വേണം കൊണ്ടുവരാന്‍. അല്ലാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കണ്ടതല്ല. ഇന്ത്യയിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരവും അനുഷ്ഠാനവും പാരമ്പര്യവും സംരക്ഷിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കപ്പെടണം. ഇത് പരിഗണിക്കാതെയാണ് നിലവിലെ നീക്കം.

ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കണം. വൈവിധ്യം അംഗീകരിച്ച് മുന്നോട്ട് പോകണം. ഏകീകരണം എന്ന പേരിൽ ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകീകരണം എന്നാൽ സമത്വമല്ല. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്. വ്യക്തി നിയമപരിഷ്കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചർച്ചകളിലൂടെയായിരിക്കണം. ജനാധിപത്യ രീതിയിൽ ചർച്ചയിലൂടെ മാറ്റമുണ്ടാക്കണം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ അത്‌ അടിച്ചേൽപിക്കരുത്. വർഗീയ ധ്രുവീകണത്തിന് മൂർച്ച കൂട്ടാൻ ഉള്ള ആയുധമാണ് ബിജെപിക്ക് ഏക സിവിൽ കോഡ്.  പാർലമെ്നറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്ന് വളരെ വ്യക്തമാണ്. ഹിന്ദു - മുസ്ലിം വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി നീക്കമെന്നും യെച്ചൂരി തുറന്നടിച്ചു.

ഹിന്ദു മതത്തില്‍ മാതാവിന്റെ സഹോദരന്റെ മകനേയൊ മകളെയോ വിവാഹം കഴിക്കുന്ന ആചാരമുണ്ട്. അത് സംരക്ഷിപ്പെടുന്നുമുണ്ട്. സ്വത്തവകാശത്തില്‍ വ്യത്യസ്ത ആചാരം വ്യത്യസ്ത മതങ്ങളില്‍ ഉണ്ട്. സ്ത്രീകള്‍ക്കും വിധവകള്‍ക്കും സ്വത്തവകാശം നിഷേധിക്കുന്ന ഹിന്ദു മതവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. ഇങ്ങനെയുള്ള ഒരു രാജ്യത്ത് എന്ത് ഏകീകരണമാണ് ഉദ്ദേശിക്കുന്നത്.   ഏക സിവില്‍കോഡ് സാമുദായിക ധ്രുവീകരണം കൂട്ടും. ഏകീകരണം നടക്കുകയുമില്ല. ഗോത്ര വിഭാഗങ്ങളെ ഏകീകൃത സിവില്‍ കോഡില്‍നിന്ന് ഒഴിവാക്കണമെന്ന് നാഗാലന്റ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കാം എന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി പറയുന്നു. അങ്ങനെ പലരേയും ഒഴിവാക്കിയതായി കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ഈ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് പറയണം.

    അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടനതന്നെ മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. വൈകാരിക വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പില്‍ വിജയം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.