'ഗ്രീൻഫീൽഡ് സ്റ്റേഡിയം ഭൂമി സർവകലാശാല തിരിച്ചുപിടിക്കണം'

പ്രതിഷേധങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞ് ഡോ. മോഹനൻ കുന്നുമ്മൽ
 

 ഭരണഘടനാദിനത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ. മോഹനൻ കുന്നുമ്മൽ. സർവകലാശാലയുടെ വിസിയായി നാലുവർഷവും ഒരുമാസവും പ്രവർത്തിച്ച കാലയളവിൽ സർട്ടിഫിക്കറ്റുകളിൽ ഒപ്പിടുന്നതു മുതൽ ജീവനക്കാരുടെ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങൾ നിർവഹിച്ചതും തന്റെ പ്രവർത്തനരേഖയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യസർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നപ്പോഴൊന്നും താൻ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ കേരള സർവകലാശാലയുടെ വിസിയായതോടെയാണ് കൂടുതൽ അറിയപ്പെട്ടത്. അതിന് സഹായിച്ച പ്രതിഷേധക്കാരോടും മാധ്യമങ്ങളോടും വലിയ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെനറ്റ് ഹാളിൽ സർവകലാശാല ജീവനക്കാർ നൽകിയ ആദരവിന് നന്ദി അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെയുണ്ടായ പ്രതിഷേധങ്ങളിൽ പരിഭവമില്ലെന്ന് മോഹനൻ കുന്നുമ്മൽ പറഞ്ഞു. മാധ്യമങ്ങളിൽ തന്റെ ചിത്രവും വാർത്തകളും നിരന്തരം വന്നിരുന്നു. ഇതുകണ്ട് അമ്മ വിളിക്കുമായിരുന്നു. 'നീ വിളിക്കാറില്ലെങ്കിലും ഇപ്പോൾ നിന്നെ എന്നും ചാനലിലൂടെ കാണുന്നുണ്ട്. പക്ഷേ നിനക്ക് വേറെ ഷർട്ടൊന്നുമില്ലേ? എന്നും നീല ഷർട്ടാണോ ഇടുന്നത്? വേറെ ഷർട്ട് വാങ്ങിത്തരാം' എന്നായിരുന്നു അമ്മയുടെ ചോദ്യം. ഒരിക്കൽ എടുത്ത ദൃശ്യങ്ങൾ മാധ്യമങ്ങൾ ആവർത്തിച്ച് കാണിക്കുന്നതാണെന്ന് അമ്മയെ ബോധ്യപ്പെടുത്താൻ താൻ ശ്രമിച്ചില്ലെന്നും മാധ്യമങ്ങളാണ് തന്നെ ഇത്രയധികം പ്രശസ്തനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സെനറ്റ് ഹാളിൽ എയർ കണ്ടീഷനിങ് സംവിധാനം ഒരുക്കാൻ നടപടി സ്വീകരിച്ചെങ്കിലും തടസ്സങ്ങൾ നേരിട്ടു. ചൂട് സഹിച്ച് യോഗങ്ങളിൽ ഇരിക്കേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കാര്യവട്ടത്ത് സർവകലാശാലയുടെ കൈവശമുണ്ടായിരുന്ന ഭൂമി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനായി എങ്ങനെ വിട്ടുനൽകിയെന്നത് മനസ്സിലാകുന്നില്ല. എന്തുവന്നാലും ആ ഭൂമി സർവകലാശാല തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർവകലാശാലയ്ക്കകത്തും പുറത്തും നടന്ന പ്രതിഷേധങ്ങളെ ഗൗരവമായി കണ്ടിട്ടില്ല. എന്നാൽ സർവകലാശാലയെ 'കലാപശാല' എന്ന് വിശേഷിപ്പിച്ചപ്പോഴാണ് വിഷമം തോന്നിയത്. വിദ്യാർഥികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനായിരുന്നു താൻ മുൻഗണന നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചിലർ കാര്യമായ കാരണങ്ങളില്ലാതെ സമരം നടത്തുകയും കോലം കത്തിക്കുകയും ചെയ്യുന്നു. സമരങ്ങൾക്ക് ആഹ്വാനം നൽകുന്ന നേതാക്കളുടെ മക്കൾ വിദേശ സർവകലാശാലകളിലാണ് പഠിക്കുന്നത്. ഇവിടെ മികച്ച ചികിത്സാസൗകര്യങ്ങളുണ്ടെന്ന് പ്രസംഗിക്കുന്ന നേതാക്കൾ ചികിത്സയ്ക്കായി വിദേശത്തെ പഞ്ചനക്ഷത്ര ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സർവകലാശാല സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാർ ഡോ. മോഹനൻ കുന്നുമ്മലിന് ഉപഹാരം സമ്മാനിച്ചു.