കാർട്ടൺ ഇന്ത്യ എം.ഡിയുടെ മൊഴിയെടുത്ത് വിജിലൻസ്

 

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കാർട്ടൺ അലയൻസ് ഇന്ത്യ എന്ന കമ്പനിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് മൊഴിയെടുത്തത്. നേരത്തെ ജില്ലാ പഞ്ചായത്ത് ഓഫീസിലും കമ്പനി ആസ്ഥാനത്തും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് നൽകിയ കരാറുകളുടെയും ജി.എസ്.ടി. അടവുകളുടെയും രേഖകൾ ഹാജരാക്കാനും കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികൾ മറികടന്ന് കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നും 12 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നുമാണ് പരാതി. കമ്പനി ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.