നിയമസഭയിൽ നടന്നത് പൊറാട്ടുനാടകം; സതീശൻ സിപിഎമ്മിന് കുഴലൂതുന്നു: വി.മുരളീധരൻ
നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ഥ നാശനഷ്ടക്കണക്കുകള്‍ സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകൾ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറിയെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തിയതാണ്. ദുരന്തബാധിതരെ ആശ്വസിപ്പിച്ച അദ്ദേഹം, കണക്കുകൾ സമർപ്പിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകി. ഒരു ശവ സംസ്ക്കാരത്തിന് 75,000 എന്നതു പോലുള്ള കള്ളക്കണക്കല്ലാതെ മറ്റൊന്നും കേരളസര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിലെ യാഥാർത്ഥ്യം പ്രതിപക്ഷം ചോദ്യംചെയ്യുന്നില്ലെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.
ദേശീയദുരന്തനിവാരണ ഫണ്ടിൽ നിന്ന് 5 വർഷത്തിനിടെ1471 കോടി കേരളത്തിന് അനുവദിച്ചു. ഈ വർഷത്തെ ആദ്യ ഗഡുവായ 146 കോടി കഴിഞ്ഞ ദിവസം നൽകി. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന തുകയുടെ മാനദണ്ഡം ഉണ്ടാക്കിയത് യുപിഎ സർക്കാരെന്നത് വി.ഡി.സതീശൻ മറക്കരുതെന്നും വി.മുരളീധരൻ പറഞ്ഞു.