കെ സുധാകരന് ഇപ്പോൾ സംഭവിക്കുന്നത് കുറ്റബോധത്തിൽ നിന്നുള്ള അസ്വസ്ഥത:മന്ത്രി വി ശിവൻകുട്ടി
കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എന്തൊക്കെയോ ഭയക്കുന്നു എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുറ്റബോധത്തിൽ നിന്ന് ഉണ്ടാകുന്ന അസ്വസ്ഥത മൂലം ആണ് കെ സുധാകരൻ സിപിഐഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മോശം പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.
പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇപ്പോൾ കെ. സുധാകരന് വേണ്ടി സംസാരിക്കുന്നത് . കോടികളുടെ വെട്ടിപ്പ് നടത്തിയ വ്യാജന്റെ വീട്ടിൽ സുധാകരൻ സന്ദർശനം നടത്തിയിരുന്നു എന്നത് പകൽപോലെ സത്യമാണ്. കെ സുധാകരന് അനുകൂലമായ പരാമർശങ്ങളാണ് പോക്സോ കേസ് പ്രതിയിൽ നിന്ന് എപ്പോഴും ഉണ്ടാകുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഒരു വ്യാജനെയും കാണാൻ പോയിട്ടില്ല.
പോക്സോ കേസ് പ്രതിയുടെ വീട്ടിൽ എന്തിനു പോയി എന്ന് യുക്തിസഹമായി വിശദീകരിക്കാൻ കെ സുധാകരന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് മറ്റുള്ളവരെ കുറിച്ച് അതുമിതും പറഞ്ഞു നടക്കുന്നത് എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.