വന്യമൃഗശല്യം; കേന്ദ്രത്തെ പഴിക്കുന്ന പ്രമേയം പരിഹാസ്യം :  കൊടുത്ത കാശ് എന്ത് ചെയ്തു ?വി.മുരളീധരൻ

 

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി ചെയ്യണമെന്ന പ്രമേയം പാസാക്കിയതിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആനയെയും കടുവയെയും മോദി ഇറക്കിവിട്ടതാണെന്ന് പ്രമേയം പാസാക്കാത്തത് ഭാഗ്യമെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിൽ അരി കിട്ടാതായാൽ, പെൻഷൻ മുടങ്ങിയാൽ, ആനയും കടുവയും ഇറങ്ങിയാൽ എന്തിനും മോദിയെ പഴി ചാരാൻ അപാരതൊലിക്കട്ടി വേണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ വിഡ്ഢികളെന്ന് ധരിക്കരുത്. എന്തിനാണ് ഇങ്ങനെയൊരു വനം മന്ത്രിയും മുഖ്യമന്ത്രിയും ഭരണത്തിലിരിക്കുന്നതെന്നും വി.മുരളീധരൻ ചോദിച്ചു

2019 മുതൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിന് കേരളത്തിന് 31 കോടി കൊടുത്തു. 2021 ല്‍ മനുഷ്യ–വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍  കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്രം നിർദേശം ഇറക്കി. മുള്ളുവേലി, അതിർത്തി ഭിത്തികൾ, കാർഷിക വനവത്കരണ മാതൃകകൾ ഇങ്ങനെ കേന്ദ്രം നൽകിയ നിർദേശങ്ങളെല്ലാം അവഗണിച്ചു. ഈ വിവരങ്ങളൊന്നും ജനങ്ങൾക്ക് ലഭ്യമാകില്ലെന്ന് കരുതരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നിയമസഭപ്രമേയം പാസാക്കിയതറിഞ്ഞ് ആനയും കടുവയും നാട്ടിലേക്ക് വരില്ലെന്നാണോ ഭരണ–പ്രതിപക്ഷങ്ങള്‍ ചിന്തിക്കുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.


കേന്ദ്രനിയമം അട്ടിമറിച്ച് കര്‍ത്തയെ സഹായിക്കാന്‍ പിണറായി  ശ്രമിച്ചതെന്തിന്  ?
 

കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളൂവെന്ന്  2019ല്‍ കേന്ദ്ര നിയമം വന്നിട്ടും കര്‍ത്തയുടെ കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി നാല് വര്‍ഷം കാത്തിരുന്നത് എന്തിനെന്ന് കേന്ദ്രമന്ത്രി വിമുരളീധരന്‍. സ്വകാര്യകമ്പനികളുമായുള്ള കരാര്‍ റദ്ദാക്കണമെന്ന കേന്ദ്രനിര്‍ദേശം  പിണറായി വിജയൻ അവഗണിച്ചു. മകൾക്ക്  കൈക്കൂലി കൊടുക്കുന്നവരെ സഹായിക്കാനായിരുന്നോ ഇതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. മാസപ്പടി വിവാദം പുറത്തുവന്നപ്പോഴാണോ കേന്ദ്രനിര്‍ദേശം കേരളസര്‍ക്കാരിന് മനസിലായത്?.കേന്ദ്രം സ്വകാര്യമേഖലയെ പിന്തുണക്കുന്നു എന്നുവിമര്‍ശിക്കുന്നവരാണ് നഗ്നമായ കൊളളയ്ക്ക് കൂട്ടുനിന്നതെന്നും വി.മുരളീധരൻ പ്രതികരിച്ചു.