വനം കായിക മേളയ്ക്ക് കോട്ടയത്ത് തുടക്കം

ഔദ്യോ​ഗിക ഉദ്ഘാടനം നാളെ  മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും.
 

28-ാമത് സംസ്ഥാന വനം വകുപ്പ് കായികമേളയ്ക്ക് കോട്ടയത്ത് തുടക്കമായി. കായിക മേളയുടെ ഔദ്യോ​ഗിക ഉദ്ഘാടനം ഇന്ന്  (16-ന് )  രാവിലെ എട്ടു മണിക്ക് പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വനം വകുപ്പ്  മന്ത്രി എ കെ ശശീന്ദ്രൻ  നിര്‍വ്വഹിക്കും. മാണിസി കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എംപിമാരായ തോമസ് ചാഴിക്കാടൻ, ജോസ് കെ മാണി എന്നിവരും പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, വനം വകുപ്പ് മേധാവി ഗംഗാ സിംഗ്,  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. 

     പാല മുന്‍സിപ്പല്‍ സ്റ്റേഡിയം, പാല സെന്റ് തോമസ് കോളേജ്, അല്‍ഫോന്‍സാ കോളേജ്, കോട്ടയം സി.എം.എസ്. കോളേജ്, റൈഫിള്‍ ക്ലബ്ബ് മുട്ടം, മാന്നാനം കെ.ഇ. കോളേജ് എന്നീ വേദികളിലായാണ് മേള നടക്കുന്നത്.
വനം വകുപ്പിനു കീഴിലുള്ള 5 സര്‍ക്കിളുകള്‍, വനം വകുപ്പിന്റെ സഹോദര സ്ഥാപനങ്ങളായ കെ.എഫ്.ഡി.സി., കെ.എഫ്.ആര്‍.ഐ, ബി.എഫ്.ഒ. ട്രൈനീസ് ടീം തുടങ്ങി 8 ടീമുകളും പങ്കെടുക്കും.

ആയിരത്തോളം പുരുഷ -വനിതാ കായികതാരങ്ങള്‍ ഉള്‍പ്പെടെ 1500 ലേറെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കായികമേളയില്‍ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ 85 ഇനവും ഗെയിംസ് വിഭാഗത്തില്‍ 147 ഇനങ്ങളും ഉള്‍പ്പെടെ 232  ഇനങ്ങളില്‍ കായിക താരങ്ങള്‍ മാറ്റുരയ്ക്കും. ഓരോ ഇനത്തിലും ഒന്നും, രണ്ടും മൂന്നും വിജയികളാകുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതോടൊപ്പം വ്യക്തിഗത എവറോളിംഗ് ട്രോഫികളും നല്‍കും. ഈ മേളയിലെ വിവിധയിനങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 2024 ജനുവരിയില്‍ നടക്കുന്ന ദേശീയ വനം കായികമേളയില്‍ വനം-വന്യജീവി വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുo.

 വനം കായികമേളയുടെ സമാപന സമ്മേളനം ഈ മാസം 17-ന് പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ എം.പി.മാര്‍, എം.എല്‍.എ. മാര്‍, വനം വകുപ്പുമേധാവി, ഉന്നതോദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുക്കും.ഹരിത നിയമാവലി പ്രകാരമാണ് കായികമേള നടത്തപ്പെടുന്നത്. റെഡ്യൂയൂസ്, റി യൂസ്, റീസൈക്കിള്‍ എന്നീ തത്ത്വത്തില്‍ ഊന്നിക്കൊണ്ട് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ കായികമേളയുടെ ഉദ്ദേശ്യ ലക്ഷ്യം. ലോഗോ, ഭാഗ്യമുദ്ര , തീം സോങ്ങ് എന്നിവയുടെ ഔദ്യോഗിക പ്രകാശനം വനം വകുപ്പ് മന്ത്രി നിർവഹിച്ചു. 
മംഗള എന്ന് പേരായ പെണ്‍ കടുവക്കുട്ടിയാണ് മേളയുടെ ഭാഗ്യമുദ്ര. 2020-ല്‍ പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗള ദേവി പരിസരത്ത് അമ്മ കടുവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി വനം വകുപ്പ് പരിപാലിച്ച കടുവ കുട്ടിയാണ് മംഗള.

'കാടകം കുളിര്‍ന്ന് ഉയര്‍ന്ന് കാണണം' എന്ന് തുടങ്ങുന്നതാണ് വനം കായികമേളയുടെ തീം സോങ്ങ്, റിട്ട. ഡിവിഷണല്‍ എംപ്ലോയിമെന്റ് ഓഫീസറും ഏറ്റുമാനൂര്‍ കായികവേദി സ്ഥാപകനുമായ പി.പി. നാരായണന്‍ ആണ് രചന നിര്‍വ്വഹിച്ചത്. വിവേക് ഭൂഷണും മാളവിക പ്രസാദുമാണ് ഗാനം ആലപിച്ചത്. ഉദയറാമാണ് സംഗീതം നല്‍കിയത്.