പ്രണയത്തിൽ നിന്ന് സ്വന്തമെന്ന ബോധത്തിലേക്ക്: സോണിയ ഗാന്ധിയുടെ ഇന്ത്യയിലേക്കുള്ള യാത്ര
Belonging: A Journey of Love
ഒരാളോടുള്ള പ്രണയം എങ്ങനെയാണ് ഒരു കുടുംബവുമായും ഒടുവിൽ ഒരു രാജ്യവുമായും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ബന്ധമായി വളരുന്നത്? വ്യക്തിസുരക്ഷയും സ്വകാര്യതയും പ്രിയപ്പെട്ടവരുടെ ജീവനുമെല്ലാം വിലയായി നൽകേണ്ടിവരുമ്പോഴും ആ ബന്ധം എങ്ങനെയാണ് ഒരാൾ കാത്തുസൂക്ഷിക്കുന്നത്? സോണിയ ഗാന്ധിയുടെ Belonging: A Journey of Love എന്ന ഓർമക്കുറിപ്പിലൂടെ കടന്നുപോകുന്ന പ്രധാന ചോദ്യങ്ങളാണിവ. അധികാരത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ച ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിനൊപ്പം, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കിടയിലും ജീവിതത്തിന് അർഥം കണ്ടെത്താൻ ശ്രമിച്ച ഒരു സ്ത്രീയുടെ യാത്രയും ഈ പുസ്തകം വരച്ചുകാട്ടുന്നു. ഇന്ത്യയിൽ തന്റേതായ വേരുകൾ ഉറപ്പിച്ച കഥയാണ് ഈ ഓർമപ്പുസ്തകത്തിന്റെ കാതൽ.
ആമുഖത്തിൽത്തന്നെ, രാഷ്ട്രീയ പശ്ചാത്തലത്തിൽ എഴുതിയ വ്യക്തിപരമായ ഓർമക്കുറിപ്പാണ് തന്റെ പുസ്തകമെന്ന് സോണിയ വ്യക്തമാക്കുന്നു. മറ്റുള്ളവർ എഴുതിയ വിവരണങ്ങളിൽ സ്വന്തം വ്യക്തിത്വം തിരിച്ചറിയാൻ കഴിയാതെ വന്നതും, സ്വന്തം ജീവിതകഥ പറയാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രേരിപ്പിച്ചതുമാണ് പുസ്തകമെഴുതാൻ കാരണമായത്. ചില ഓർമകൾ വീണ്ടും മനസ്സിലേക്ക് കൊണ്ടുവരുന്നത് വേദനാജനകമാണെന്നും അടുത്തവരുടെ സ്വകാര്യത മാനിക്കണമെന്ന ആഗ്രഹമുണ്ടെന്നും അവർ തുറന്നുപറയുന്നു. ഏഴ് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന പുസ്തകം ഇറ്റലിയിലെ ബാല്യകാലം, കേംബ്രിജിലെ പ്രണയകാലം, ഇന്ത്യയിലെ കുടുംബജീവിതം, രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രി പദവും വധവും, കോൺഗ്രസിന്റെ തലപ്പത്തിരുന്ന കാലം എന്നിവയിലൂടെ കടന്നുപോകുന്നു. വ്യക്തിജീവിതവും പൊതുജീവിതത്തിലെ സംഭവങ്ങളും പരസ്പരം എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് ഈ ഘടന വ്യക്തമാക്കുന്നു.
ഇറ്റലിയിലെ ഒർബസാനോയിൽ വളർന്ന പെൺകുട്ടിയുടെ ലോകം കുടുംബസംഗമങ്ങളും പരിചിതമായ ഭക്ഷണവിഭവങ്ങളും ആഘോഷങ്ങളും ബന്ധുക്കളുമെല്ലാം നിറഞ്ഞതായിരുന്നു. പിതാവ് സ്റ്റെഫാനോ മൈനോയുടെ കർശനമായ അച്ചടക്കവും മാതാവ് പാവോളയുടെ സ്നേഹവും സോണിയ ഓർത്തെടുക്കുന്നു. പിതാവിന്റെ ഉദാരമനസ്കതയെക്കുറിച്ച് പറയുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ കോപത്തെയും വീട്ടിലെ അധികാരത്തെയും താൻ ഭയപ്പെട്ടിരുന്നുവെന്നും അവർ സമ്മതിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് റഷ്യൻ യുദ്ധമുന്നണിയിൽ പിതാവിനുണ്ടായ അനുഭവങ്ങളും കുടുംബചരിത്രത്തിന്റെ ഭാഗമാകുന്നു. സത്യസന്ധത, കഠിനാധ്വാനം, കുടുംബത്തോടുള്ള കൂറ് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോഴെല്ലാം സോണിയ മടങ്ങിയെത്തുന്നത് ഈ ബാല്യകാല ഓർമകളിലേക്കാണ്.
പത്തൊൻപതാം വയസ്സിലാണ് ഇംഗ്ലീഷ് പഠിക്കാനായി സോണിയ കേംബ്രിജിലെത്തുന്നത്. ഭാഷയും കാലാവസ്ഥയും ഭക്ഷണരീതികളുമെല്ലാം അവർക്ക് അപരിചിതമായിരുന്നു. പരിചിതമായ രുചികൾ തേടി 'വാഴ്സിറ്റി' എന്ന ഗ്രീക്ക് റെസ്റ്ററന്റിലെത്തിയപ്പോഴാണ് രാജീവിനെ കണ്ടുമുട്ടുന്നത്. ആദ്യ കൂടിക്കാഴ്ചയിലെ നാണവും ആകാംക്ഷയും രാജീവിന്റെ സൗമ്യമായ പെരുമാറ്റത്തോടു തോന്നിയ ആകർഷണവും അവർ ഓർത്തെടുക്കുന്നു. യാത്രകളും കത്തുകളും നാവുപിഴകളുമെല്ലാം ഇരുവരെയും കൂടുതൽ അടുപ്പിച്ചു. അകന്നിരിക്കുമ്പോഴുള്ള വിരഹവും ആ ബന്ധത്തിന് ആഴം നൽകി. മറ്റൊരു രാജ്യത്തേക്കും തികച്ചും വ്യത്യസ്തമായൊരു ജീവിതത്തിലേക്കും തന്നെ കൊണ്ടുപോകുന്ന വിവാഹത്തെക്കുറിച്ച് പിതാവിനോട് പറയാനുള്ള ഭയവും സോണിയയ്ക്കുണ്ടായിരുന്നു. ഈ അനിശ്ചിതത്വങ്ങളാണ് പ്രണയകാലത്തിന്റെ വിവരണങ്ങൾക്ക് മാനുഷികമായ തീവ്രത നൽകുന്നത്.
ഇന്ത്യയിലെത്തിയതോടെ പുതിയ ഭാഷയും ആചാരങ്ങളും കുടുംബജീവിതത്തിലെ അപരിചിതമായ രീതികളുമെല്ലാം സോണിക്ക് മുന്നിൽ തുറന്നു. വിവാഹത്തിന് മുമ്പ് ബച്ചൻ കുടുംബത്തോടൊപ്പം താമസിച്ച കാലവും വിവാഹത്തിനായുള്ള ഒരുക്കങ്ങളും അവർ സ്നേഹത്തോടെ ഓർക്കുന്നു. നെഹ്റു ജയിലിൽവെച്ച് നൂൽനൂറ്റ് നിർമിച്ച ഖാദി സാരിയാണ് വിവാഹദിവസം സോണി അണിഞ്ഞത്. അവരുടെ വ്യക്തിപരമായ സന്തോഷത്തെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധിപ്പിക്കുന്ന ഓർമയാണിത്. ഹിന്ദി പഠിച്ചതിലൂടെയും വീട്ടിലെ സംഭാഷണങ്ങളിലൂടെയും യാത്രകളിലൂടെയും മക്കളുടെ ജനനവും വളർച്ചയും വഴിയുമാണ് ഇന്ത്യയോടുള്ള അവരുടെ അടുപ്പം ക്രമേണ വളർന്നത്. ഇന്ത്യൻ കല, കൈത്തറി വസ്ത്രങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവയോടുള്ള താൽപര്യവും ചിത്രങ്ങളുടെ പുനരുദ്ധാരണം പഠിക്കാനുള്ള ശ്രമവും പൊതുജീവിതത്തിൽ അധികമൊന്നും കാണാത്ത സോണിയയുടെ വ്യക്തിത്വത്തിന്റെ മറ്റു വശങ്ങൾ വെളിപ്പെടുത്തുന്നു.
കുടുംബസ്മരണകളും ദേശീയചരിത്രവും ഏറ്റവും അടുത്തുവരുന്നത് ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള വിവരണങ്ങളിലാണ്. പ്രധാനമന്ത്രിയെന്ന നിലയിലെ ഇന്ദിരയ്ക്കൊപ്പം കുടുംബകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്ന അമ്മയെയും കൊച്ചുമക്കളോടൊപ്പം കളിച്ചിരുന്ന മുത്തശ്ശിയെയും സോണി ഓർത്തെടുക്കുന്നു. ഇന്ദിരയും ഫിറോസ് ഗാന്ധിയും ഇംഗ്ലണ്ടിൽ ചെലവഴിച്ച കാലത്തെക്കുറിച്ചുള്ള വിവരണത്തിലാണ് കേരളത്തെക്കുറിച്ചുള്ള പുസ്തകത്തിലെ ആദ്യ പരാമർശങ്ങളിലൊന്ന്. ഇരുവരും വി.കെ. കൃഷ്ണമേനോനോടൊപ്പം ഇന്ത്യാ ലീഗിൽ പ്രവർത്തിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ നയതന്ത്രജ്ഞനായും പിന്നീട് ജവഹർലാൽ നെഹ്റുവിന്റെ മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായും കൃഷ്ണമേനോൻ സേവനമനുഷ്ഠിച്ചു (പേജ് 163). കേരളം വീണ്ടും കടന്നുവരുന്നത് കൂടുതൽ വൈകാരികമായ ഒരു സംഭവത്തിലൂടെയാണ്. ഫിറോസ് ഗാന്ധിക്ക് മാരകമായ ഹൃദയാഘാതമുണ്ടായപ്പോൾ ഇന്ദിര കേരളത്തിലായിരുന്നു. വിവരമറിഞ്ഞ അവർ തിരിച്ചെത്തി നേരെ ആശുപത്രിയിലേക്കാണ് പോയത്.
ഇന്ദിരയുമായുള്ള സോണിയയുടെ അടുപ്പം അടിയന്തരാവസ്ഥയെക്കുറിച്ചുള്ള അവരുടെ വിവരണത്തെയും സ്വാധീനിക്കുന്നു. പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റും പത്രസെൻസർഷിപ്പും ചേരിപ്രദേശങ്ങൾ ഒഴിപ്പിച്ചതുമെല്ലാം അവർ രേഖപ്പെടുത്തുന്നു. ഭരണഘടനാപരമായ പദവികളൊന്നുമില്ലാതിരുന്നിട്ടും സഞ്ജയ് ഗാന്ധി ചെലുത്തിയ നിർണായക സ്വാധീനവും അവർ അംഗീകരിക്കുന്നു. രാജീവിന്റെ അസ്വസ്ഥതയും പരാതികൾ അമ്മയുടെ ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും തിരഞ്ഞെടുപ്പിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സോണിയ ഓർത്തെടുക്കുന്നു. ഇന്ദിര നേരിട്ട സമ്മർദങ്ങളും വർധിച്ചുവന്ന രാഷ്ട്രീയ ഒറ്റപ്പെടലും മനസ്സിലാക്കാൻ ഈ വിവരണങ്ങൾ സഹായിക്കുന്നു. അതേസമയം, പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചോദ്യം അവശേഷിക്കുകയും ചെയ്യുന്നു.
വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി മരിച്ചതോടെയാണ് രാജീവ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പൈലറ്റെന്ന ജോലിയും കുടുംബത്തോടൊപ്പമുള്ള ശാന്തമായ ജീവിതവുമായിരുന്നു അദ്ദേഹത്തിന് പ്രിയം. രാഷ്ട്രീയപ്രവേശനത്തെ സോണിയ എതിർത്തത് കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയവും നഷ്ടപ്പെടാനിരിക്കുന്ന സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കയും കാരണമായിരുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാറിനുശേഷമുണ്ടായ ഭീഷണികളും തുടർന്ന് ഇന്ദിരാഗാന്ധിയുടെ വധവും അവരുടെ ഭയം വർധിപ്പിച്ചു. ഇന്ദിരയുടെ വധത്തിനുശേഷം സിഖുകാർക്കെതിരെ നടന്ന കൂട്ടക്കൊലയെ ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ അധ്യായമായാണ് സോണിയ വിശേഷിപ്പിക്കുന്നത്. ഭരണസംവിധാനത്തിന്റെ പരാജയവും നീതി ലഭ്യമാക്കുന്നതിലുണ്ടായ കാലതാമസവും അവർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ദുഃഖത്തിൽ മുഴുകിയിരുന്നതിനാൽ മറ്റുള്ളവരുടെ ദുരിതത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ കഴിയാതെ പോയോ എന്ന ആത്മപരിശോധനയും അവർ നടത്തുന്നുണ്ട്. ഭഗൽപൂരിലെ വർഗീയ കലാപബാധിതരെ കണ്ടുമുട്ടിയതോടെ നേരത്തെയുണ്ടായ ദുരന്തത്തിന്റെ ആഴം കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും പറയുന്നു. കലാപത്തിൽ രാജീവിന്റെ വ്യക്തിപരമായ നിലപാടിനെ അവർ ന്യായീകരിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചോദ്യം അവശേഷിക്കുന്നു.
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ സാങ്കേതികവിദ്യ, ടെലികമ്യൂണിക്കേഷൻ, കമ്പ്യൂട്ടർവൽക്കരണം, ഭരണപരിഷ്കാരം, പ്രാദേശിക ജനാധിപത്യം എന്നിവയ്ക്ക് മുൻഗണന നൽകിയ നേതാവായാണ് സോണിയ അവതരിപ്പിക്കുന്നത്. ബോഫോഴ്സ് ആരോപണങ്ങൾ കുടുംബത്തെ എത്രത്തോളം വേദനിപ്പിച്ചുവെന്നും രാജീവിന്റെ നിരപരാധിത്വത്തിൽ തനിക്ക് എത്രത്തോളം ഉറപ്പുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. ഷാ ബാനു കേസിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് രാജീവിനോട് താൻ ചോദ്യം ഉന്നയിച്ചതും പിന്നീട് അദ്ദേഹത്തിന്റെ വിശദീകരണം അംഗീകരിച്ചതും അവർ ഓർത്തെടുക്കുന്നു. അയോധ്യ തർക്കത്തെയും ശ്രീലങ്കയിലെ ഇന്ത്യൻ ഇടപെടലിനെയും കുറിച്ചുള്ള വിവരണങ്ങളും രാജീവിന്റെ ഉദ്ദേശ്യങ്ങൾ വിശദീകരിക്കാനുള്ള ശ്രമങ്ങളാണ്. ഭാര്യയെന്ന നിലയിലുള്ള സോണിയയുടെ കാഴ്ചപ്പാട് ഈ ഭാഗങ്ങൾക്ക് വ്യക്തിപരമായ അടുപ്പം നൽകുന്നുണ്ടെങ്കിലും തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തുമ്പോൾ ആ പശ്ചാത്തലം വായനക്കാർ കണക്കിലെടുക്കേണ്ടതുണ്ട്.
രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്തകത്തിലെ ഏറ്റവും വേദനാജനകമായ ഭാഗങ്ങളിൽ ചിലത്. അവസാനമായി കണ്ട പുഞ്ചിരി, യാത്രപറഞ്ഞ നിമിഷം, അദ്ദേഹത്തോടൊപ്പം പോകാതെ വീട്ടിൽതന്നെ നിന്നതിലുള്ള കുറ്റബോധം എന്നിവ നഷ്ടത്തിന്റെ ആഴം വ്യക്തമാക്കുന്നു. മരണവാർത്ത അറിഞ്ഞ നിമിഷത്തെക്കുറിച്ചുള്ള ഓർമകൾ അപൂർണമാണ്. പിന്നീട് മകളിൽനിന്നും മറ്റുള്ളവരിൽനിന്നും ചില വിവരങ്ങൾ മനസ്സിലാക്കിയതായും അവർ സമ്മതിക്കുന്നു. പ്രിയങ്കയെക്കുറിച്ചുള്ള രണ്ട് ചിത്രങ്ങൾ വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കും. ദുരന്തത്തിന്റെ തൊട്ടുപിന്നാലെ അമ്മയ്ക്ക് താങ്ങായിനിന്ന മകളും മറ്റൊരുവശത്ത് പിതാവിന്റെ ശവപ്പെട്ടിക്കരികിൽ ഇരിക്കുന്ന മകളും. ആവർത്തിച്ചെത്തിയ ഭീഷണികളും നഷ്ടങ്ങളും രാഹുലിന്റെയും പ്രിയങ്കയുടെയും ബാല്യത്തെ എത്രത്തോളം ബാധിച്ചുവെന്ന് പുസ്തകം വ്യക്തമാക്കുന്നു.
രാജീവിന്റെ മരണശേഷം രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കാനായിരുന്നു സോണിയയുടെ ആഗ്രഹം. കോൺഗ്രസിന്റെ തകർച്ചയും നേതാക്കളുടെ നിരന്തരമായ അഭ്യർഥനകളും ഒടുവിൽ അവരെ പൊതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. രാജീവും ഇന്ദിരയും വിശ്വസിച്ച മതനിരപേക്ഷ ഇന്ത്യയോടുള്ള കടമാബോധമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് അവർ പറയുന്നു. പ്രൊഫ. വാചസ്പതി ഉപാധ്യായയോടൊപ്പം ഭഗവദ്ഗീത വായിച്ചതും ഫലത്തെക്കുറിച്ച് അമിതമായി ചിന്തിക്കാതെ കടമ നിർവഹിക്കണമെന്ന ഗീതോപദേശം തനിക്ക് കരുത്തായതും അവർ ഓർത്തെടുക്കുന്നു. കോൺഗ്രസ് അധ്യക്ഷയായപ്പോൾ പ്രസംഗിക്കാനുള്ള ഭയവും ഹിന്ദി ഉച്ചാരണത്തെക്കുറിച്ചുള്ള സംശയങ്ങളും മറികടക്കാൻ ഓരോ പ്രസംഗത്തിനും അവർ കൃത്യമായി തയ്യാറെടുത്തു. ഗാന്ധി കുടുംബത്തിലെ അംഗമായിരുന്നതാണ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ തന്നെ ക്ഷണിച്ചതിന്റെ പ്രധാന കാരണമെന്ന് അവർ അംഗീകരിക്കുന്നുണ്ട്. കോൺഗ്രസിൽ നേതൃത്വം എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്ന ചോദ്യവും ഈ പരാമർശം ഉയർത്തുന്നു.
സോണിയ ഓർത്തെടുക്കുന്ന സഹപ്രവർത്തകരിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുമുണ്ട്. ബുദ്ധിമാനായ ഉപദേശകനും ലളിതജീവിതം നയിച്ച ഗാന്ധിയനുമായാണ് അവർ ആന്റണിയെ വിശേഷിപ്പിക്കുന്നത്. ചർച്ചകളിൽ പാർട്ടിയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്ന നേതാവായും അദ്ദേഹത്തെ അവതരിപ്പിക്കുന്നു. ഡൽഹിയിലെ കടുത്ത തണുപ്പിലും പതിവുപോലെ കോട്ടൺ മുണ്ടും ഷർട്ടും ധരിച്ച്, പഴകിയ ചാരനിറത്തിലുള്ള സ്വെറ്ററോ വെള്ള ഷാളോ മാത്രം അധികമായി ഉപയോഗിച്ചിരുന്ന ആന്റണിയുടെ ചിത്രം അവർ ഓർത്തെടുക്കുന്നു (പേജ് 399). വ്യക്തിത്വത്തിന്റെ സവിശേഷതകൾ വ്യക്തമാക്കുന്ന ചെറിയൊരു വിവരണമാണിത്.
1999-ൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതും വിദേശജന്മം ചൂണ്ടിക്കാട്ടി മുതിർന്ന നേതാക്കൾതന്നെ നേതൃത്വത്തെ ചോദ്യം ചെയ്തതും സോണിയയെ ആഴത്തിൽ വേദനിപ്പിച്ചു. ഇന്ത്യയോടുള്ള തന്റെ അടുപ്പം ജീവിതത്തിൽ ഉറച്ച വിശ്വാസമായിരുന്നെങ്കിലും രാഷ്ട്രീയത്തിൽ അത് നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഹകരിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷകളും വിവിധ സംസ്ഥാനങ്ങളുടെ താൽപര്യങ്ങളും സഖ്യകക്ഷികളുടെ ആവശ്യങ്ങളും ഒരുപോലെ പരിഗണിക്കേണ്ടിവന്നു. അഹമ്മദ് പട്ടേലിനെപ്പോലുള്ള സഹപ്രവർത്തകരെക്കുറിച്ചുള്ള വിവരണങ്ങൾ ഈ രാഷ്ട്രീയപ്രവർത്തനം എത്രത്തോളം ക്ഷമയും വിട്ടുവീഴ്ചയും ബന്ധങ്ങൾ നിലനിർത്താനുള്ള കഴിവും ആവശ്യപ്പെടുന്നതാണെന്ന് വ്യക്തമാക്കുന്നു.
2004-ലെ തിരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി പദം നിരസിച്ച തീരുമാനമാണ് പുസ്തകത്തിലെ രാഷ്ട്രീയവും വൈകാരികവുമായ ഏറ്റവും നിർണായകമായ ഘട്ടം. സഹപ്രവർത്തകരുടെ സമ്മർദവും മക്കളുടെ പ്രതികരണങ്ങളും സ്വന്തം മനസ്സിലെ ആലോചനകളും സോണിയ വിശദീകരിക്കുന്നു. വിദേശജന്മത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും രാജ്യത്തിന്റെ സമാധാനം തകർക്കുമെന്നും അവർ ഭയപ്പെട്ടു. പ്രധാനമന്ത്രി പദവി തനിക്ക് ആവശ്യമില്ലെന്ന ബോധ്യവും അപ്പോഴേക്കും അവരിൽ വളർന്നിരുന്നു. മൻമോഹൻ സിങ്ങിന്റെ സത്യസന്ധതയും സാമ്പത്തികവിദഗ്ധതയും അനുഭവസമ്പത്തും കാരുണ്യവുമാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സോണിയ എഴുതുന്നു.
സർക്കാരിന്റെ നേതൃത്വം മൻമോഹൻ സിങ്ങിനും പാർട്ടിയുടെ നേതൃത്വം തനിക്കുമെന്ന ധാരണയിലായിരുന്നു പ്രവർത്തനമെന്ന് സോണിയ ഓർത്തെടുക്കുന്നു. പ്രധാനമന്ത്രിയുമായി ഏകോപനം നടത്തുന്നതിനായി ഒരു കോർ ഗ്രൂപ്പ് ആഴ്ചതോറും യോഗം ചേർന്നിരുന്നു. പ്രണബ് മുഖർജി, അർജുൻ സിങ്, അഹമ്മദ് പട്ടേൽ എന്നിവർക്കൊപ്പം എ.കെ. ആന്റണിയും ആ സമിതിയിൽ അംഗമായിരുന്നു (പേജ് 437). മുൻ കേരള മുഖ്യമന്ത്രി ദേശീയതലത്തിൽ വഹിച്ച പങ്ക് വ്യക്തമാക്കുന്ന രണ്ടാമത്തെ പരാമർശമാണിത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഫയലുകൾ പരിശോധിച്ചുവെന്നോ ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടുവെന്നോ ഉള്ള ആരോപണങ്ങൾ സോണിയ നിഷേധിക്കുന്നു. ആ സംവിധാനത്തിൽ നേരിട്ട് പങ്കാളിയായിരുന്ന ഒരാളുടെ കാഴ്ചപ്പാടാണ് ഈ വിവരണം വായനക്കാർക്ക് നൽകുന്നത്.
യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് സർക്കാരിനെക്കുറിച്ചുള്ള അധ്യായങ്ങളിൽ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ ദരിദ്രരിലേക്കും എത്തണമെന്ന സോണിയയുടെ വിശ്വാസത്തിനാണ് കൂടുതൽ പ്രാധാന്യം. ദേശീയ ഉപദേശക സമിതി, വിവരാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, സ്ത്രീകളുടെയും വനവാസികളുടെയും അവകാശങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദമായി പ്രതിപാദിക്കുന്നു. ക്ഷേമം എന്നത് പൗരന്മാരുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് ഈ ഭാഗങ്ങളിലുടനീളം കാണുന്നത്. എന്നാൽ സർക്കാരിന്റെ അവസാനകാലത്ത് ക്ഷീണവും ആത്മസംതൃപ്തിയും വളർന്നതായും നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അവർ സമ്മതിക്കുന്നു. അഴിമതിവിരുദ്ധ പ്രക്ഷോഭത്തിനും മാറിയ മാധ്യമാന്തരീക്ഷത്തിനും തിരഞ്ഞെടുപ്പ് പരാജയത്തിൽ അവർ വലിയ പ്രാധാന്യം നൽകുന്നു. എന്നാൽ സ്വന്തം നേതൃത്വത്തിനും പരാജയത്തിൽ പങ്കുണ്ടായിരുന്നുവെന്ന ആത്മപരിശോധനയ്ക്ക് താരതമ്യേന കുറച്ച് ഇടമേ നൽകുന്നുള്ളൂ.
ഭരണഘടനയും ഇന്ത്യയുടെ ബഹുസ്വരതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെയും പ്രതിപക്ഷ ഐക്യശ്രമങ്ങളെയും 2024-ലെ തിരഞ്ഞെടുപ്പിനെയും സോണിയ കാണുന്നു. ബി.ജെ.പി, ആർ.എസ്.എസ്, മാധ്യമങ്ങൾ, അന്വേഷണ ഏജൻസികളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള വിമർശനങ്ങൾ അവസാന അധ്യായങ്ങൾക്ക് കൂടുതൽ രാഷ്ട്രീയസ്വഭാവം നൽകുന്നു. ഉപസംഹാരത്തിൽ വീണ്ടും കേരളം കടന്നുവരുന്നു. രാഹുൽ റായ്ബറേലി നിലനിർത്തി വയനാട് ഒഴിഞ്ഞതിനെത്തുടർന്ന് പ്രിയങ്ക ഗാന്ധി വയനാടിനെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് സോണിയ രേഖപ്പെടുത്തുന്നു (പേജുകൾ 498–499). മക്കളുടെ പൊതുപ്രവർത്തനത്തിലുള്ള അഭിമാനത്തിനൊപ്പം അവരുടെ സുരക്ഷയെക്കുറിച്ചുള്ള വിട്ടുമാറാത്ത ആശങ്കയും നിറഞ്ഞ ഒരു മാതൃഹൃദയത്തിന്റെ വികാരമാണ് ഈ ഭാഗത്ത് തെളിയുന്നത്.
ചെറിയ ചെറിയ ജീവിതസന്ദർഭങ്ങളിലാണ് പുസ്തകം പലപ്പോഴും ഏറ്റവും മികച്ചതാകുന്നത്. വീട്ടിലെ ഭക്ഷണസമയങ്ങൾ, സാരിയുടെ മടക്കുകൾ, രാജീവിന്റെ എഴുത്തുമേശ, മക്കൾ എഴുതിയ കുറിപ്പുകൾ, പൂന്തോട്ടത്തിലെ മരങ്ങളും പൂക്കളും എന്നിവ നഷ്ടങ്ങൾക്കിടയിലും നിലനിന്ന ബന്ധങ്ങളുടെ ഓർമകളായി മാറുന്നു. കേംബ്രിജിലെ ഒരു റെസ്റ്ററന്റിൽ ആരംഭിച്ച പ്രണയകഥ, ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ഒരു സ്ത്രീയുടെ പൂന്തോട്ടത്തിൽ അവസാനിക്കുന്നു. കുടുംബത്തോടുള്ള സ്നേഹം ചില രാഷ്ട്രീയ വിവാദങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്നതിൽ സോണിയയ്ക്ക് പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്. കോൺഗ്രസിന്റെ സംഘടനാപരമായ വീഴ്ചകൾ, പാർട്ടിയുടെ നേതൃത്വത്തിൽ ഒരു കുടുംബത്തിനുള്ള സ്വാധീനം, രാഷ്ട്രീയ വിട്ടുവീഴ്ചകളുടെ പ്രത്യാഘാതങ്ങൾ എന്നിവയ്ക്ക് കൂടുതൽ ആഴത്തിലുള്ള പരിശോധന നൽകാമായിരുന്നു. അത്തരം ചില വിട്ടുവീഴ്ചകൾ ഇന്നും തന്റെ മനഃസാക്ഷിയെ അലട്ടുന്നുവെന്ന സോണിയയുടെ സമ്മതത്തിന് ഈ പശ്ചാത്തലത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്.
ഇന്ത്യയിലേക്ക് വന്നതിലും രാജീവിനെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതിലും തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് സോണിയ പറയുന്നു. പ്രതീക്ഷിച്ചിരുന്ന ശാന്തമായ കുടുംബജീവിതം അവർക്ക് സ്വന്തമാക്കാനായില്ല. എന്നാൽ പൊതുപ്രവർത്തനത്തിലൂടെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞതിൽ സംതൃപ്തി കണ്ടെത്തി. അപ്പോഴേക്കും Belonging എന്ന പുസ്തകത്തിന്റെ ശീർഷകത്തിന് പൂർണമായ അർഥം കൈവരുന്നു. മറ്റുള്ളവരുമായി പങ്കുവെച്ച ജീവിതത്തിലൂടെയും പഠിച്ച ഭാഷയിലൂടെയും സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്ത മനുഷ്യരിലൂടെയും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിലൂടെയുമാണ് സോണിയയുടെ ഇന്ത്യയുമായുള്ള ബന്ധം വളർന്നത്. ആ ബന്ധം എങ്ങനെയാണ് രൂപപ്പെട്ടതെന്നും അത് നിലനിർത്താൻ അവർ എന്തെല്ലാം വില നൽകേണ്ടിവന്നുവെന്നും ഈ ഓർമപ്പുസ്തകം വായനക്കാരെ ബോധ്യപ്പെടുത്തുന്നു.