ഇന്ത്യയില്‍ ഒരു ഭരണകൂടം ഇല്ലേ എന്ന് കോടതി തന്നെ ചോദിച്ച സാഹചര്യം നെഹ്രുവിനെ ഓര്‍പ്പിക്കുന്നു
നെഹ്രു അന്തരിച്ചിട്ട് വ്യാഴം (27 ന്) 57 വര്‍ഷം തികയുന്നു.
ചരിത്രത്തിലേക്ക് മറഞ്ഞാലും ചിലര്‍ സദാ ഓര്‍മ്മകളിലുണ്ടാകും. ചിലര്‍ ഇടക്കിടെ ഓര്‍മ്മയില്‍ ഉണര്‍ന്നുകൊണ്ടിരിക്കും. ചിലരാകട്ടെ എല്ലായ്പ്പോഴും സ്മരണയില്‍ നില്‍ക്കുകയും ചില മുഹൂര്‍ത്തങ്ങളില്‍ ഓര്‍മ്മകളെ കുത്തിനോവിക്കുകയും ചെയ്തുകൊണ്ടിരിക്കും. കെടുതികാലങ്ങളില് പ്രത്യേകിച്ച്. വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടവും കോവിഡ് മഹാമാരിയും വേട്ടയാടുന്ന ഈ കെട്ടകാലത്ത് ഇന്ത്യന്‍ ജനത വീണ്ടും വീണ്ടും ഓര്‍ത്തെടുക്കുന്ന പേര് രാജ്യത്തിന്റെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റേതാണ്. കോവിഡ് മഹാമാരിയില്‍ രാജ്യത്ത് ഒരു വര്‍ഷത്തിനകം മൂന്ന് ലക്ഷത്തിലേറെ പേരാണ് മരണമടഞ്ഞത്. മഹാദുരന്തത്തെ മോഡി ഭരണകൂടം നേരിട്ടതിലെ കെടുകാര്യസ്ഥതയെ ലോകമാധ്യമങ്ങള്‍ പോലും നിശിതമായി പരിഹസിച്ചു. ഇന്ത്യയില്‍ ഒരു ഭരണകൂടം ഉണ്ടോ എന്ന് നമ്മുടെ കോടതികള്‍ക്ക് തന്നെ ചോദിക്കേണ്ടി വന്നു. കര്‍ഷകരും തൊഴിലാളികളും മാത്രമല്ല മുഴുവന്‍ ജനതയും മോഡിസര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നെഹ്രുവിനെ ഓര്‍ക്കുന്നതിന് കാരണങ്ങള്‍ പലതാണ്.
അശാസ്ത്രീയവും പിന്തിരിപ്പനുമായ ചിന്തകള്‍ പ്രചരിപ്പിച്ച് ജനതയെ നാശത്തിലേക്ക് തള്ളിവിടുന്ന നിലവിലെ ഇന്ത്യന്ഭരണാധികരികളില് നിന്ന് തികച്ചും ഭിന്നനായിരുന്നു ജവഹര്‍ലാല്‍ നെഹ്രു. ശാസ്ത്രം ഓരോ വ്യക്തിയുടെയും ചിന്തയിലും പ്രവര്‍ത്തനത്തിലും വഴികാട്ടിയാകണമെന്നാണ് നെഹ്രു ആഗ്രഹിച്ചത്. രണ്ടു നൂറ്റാണ്ടിലേറെ നീണ്ട കൊളോണിയല്‍ ചൂഷണത്താല്‍ തകര്‍ന്ന നമ്മുടെ രാജ്യത്തെ പുനരുദ്ധരിക്കാന്‍ ശാസ്ത്രത്തിനാണ് കഴിയുക എന്ന് 70 കൊല്ലം മുമ്പ് അദ്ദേഹം വിശ്വസിച്ചു. ”വിശക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം വിശപ്പല്ലാതെ മറ്റൊരു സത്യമില്ല. അവര്‍ക്ക് ഭക്ഷണം വേണം. വിശക്കുന്നവന് ദൈവം എന്നതിന് വലിയ അര്‍ത്ഥം കാണില്ല. ഇന്ത്യയെപ്പോലെ പട്ടിണി നിറഞ്ഞ ഒരു രാജ്യത്ത് ദൈവം, ആത്യന്തിക സത്യം തുടങ്ങിയ വലിയകാര്യങ്ങള്‍ പറയുന്നത് തമാശയാണ്. വിശക്കുവര്ക്ക് ഭക്ഷണം നല്കാന് നമുക്കാവണം. വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ എല്ലാവര്ക്കും ഉറപ്പ് വരുത്തണം. അത് സാധ്യമായതിനുശേഷം നമുക്ക് തത്വചിന്തയിലേക്കും ദൈവത്തിലേക്കും തിരിയാം. ശാസ്ത്രം ഈ രീതിയിലാണ് ചിന്തിക്കുന്നതും പ്രവര്ത്തിക്കന്നതും. കൂടുതല്‍ വിശാലമായി കാര്യങ്ങളെ ആസൂത്രണം ചെയ്യേണ്ടതും അതിനാലാണ്” എന്നാണ് നെഹ്രു പറഞ്ഞത്.
മതവും രാഷ്ട്രീയവും തമ്മില്‍ അകലം പാലിക്കുക എന്നതാണ് ഇന്ത്യയുടെ മതനിരപേക്ഷത എന്ന് വിശ്വസിച്ചയാളാണ് ജവാഹര്‍ലാല്‍ നെഹ്രു. 1951 ല്‍ പുനര്‍നിര്‍മ്മിച്ച ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കാന്‍ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തീരുമാനിച്ചതറിഞ്ഞ പ്രധാനമന്ത്രി നെഹ്റു അദ്ദേഹത്തിന് ഒരു കത്തെഴുതി. ഒരു ക്ഷേത്രം ഉദ്ഘാടനച്ചടങ്ങില്‍ പോകുന്നത് ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്കെതിരായ സന്ദേശമാകുമെന്നും അതിനാല്‍ അതൊഴിവാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നെഹ്റു കത്തില്‍ വ്യക്തമാക്കി. എന്നാല്‍ രാജേന്ദ്ര പ്രസാദ് നെഹ്റുവിന്റെ അഭിപ്രായം പരിഗണിക്കാതെ ക്ഷേത്രോദ്ഘാടനത്തില്‍ മുഖ്യാതിഥിയായി. രാജേന്ദ്രപ്രസാദിന്റെ വഴിയേ ആയിരുന്നു നെഹ്രുവിന് ശേഷമുള്ള കോണ്‍ഗ്രസ് എന്ന് കാലം തെളിയിച്ചത് മറ്റൊരു ചരിത്രം.
രാമക്ഷേത്രത്തിന്റെ ഭൂമിപൂജക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രം കേരളത്തിലെ മാധ്യമങ്ങളിലുള്‍പ്പെടെ മുഴുപ്പില്‍ അച്ചടിച്ചു വരികയും രാമക്ഷേത്രം 130 കോടി ജനതയുടെ സ്വപ്നമാണെന്ന് ഉളുപ്പില്ലാതെ പ്രഖ്യാപിക്കുകയും ചെയ്തിടത്തേക്ക് നെഹ്രുവില്‍ നിന്ന് ഒരുപാട് ദൂരമുണ്ട്. ‘നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓര്‍മിക്കണം’ എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്നയാളാണ് ഈ മുന്‍പ്രധാനമന്ത്രി. എന്നാല്‍ കോവിഡ് മഹാമാരി മറയാക്കി എല്ലാ ജനവിരുദ്ധ നടപടികളും നടപ്പാക്കിവരികയാണ് ഇപ്പോഴത്തെ നരേന്ദ്ര മോഡി. കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതിനുള്ള അവസരമായാണ് മഹാമാരിക്കാലത്തെ മോഡി ഉപയോഗിച്ചത്. രോഗവ്യാപനം കാരണം ഉപജീവനം നഷ്ടപ്പെട്ട അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു സഹായവും കേന്ദ്രത്തില്‍നിന്ന് ലഭിച്ചില്ല. രോഗം അതിവേഗം പടരുന്നതിനാല്‍ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തയ്യാറാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഒന്നിനുപുറകെ ഒന്നായി ജനദ്രോഹ നേടപടികള്‍ കൈക്കൊള്ളുന്നത്.
നെഹ്രു പിന്തുടര്ന്നത് ദേശീയമായ ഒരു അര്‍ധ ലിബറല്‍ സാമ്പത്തികനയവും സാമൂഹികനീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണപ്രതിബദ്ധതയുമായിരുന്നു. അതില്‍ പാളിച്ചകള്‍ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരമുള്ള മൂന്നു ദശകങ്ങള്‍ രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു. 1950 കള്‍ നെഹ്റു സ്വീകരിച്ച മിശ്ര സമ്പദ്വ്യവസ്ഥയുടെ സവിശേഷതകള്‍കൊണ്ടും ആസൂത്രണപദ്ധതികളിലെ മികവുകൊണ്ടും കോര്‍പ്പറേറ്റ് സംവിധാനങ്ങള്‍ക്കുള്ളിലെ ഇടപെടല്‍ കൊണ്ടും സമ്പന്നമായിരുന്നു. കാര്‍ഷികവളര്‍ച്ച, വ്യവസായ വളര്‍ച്ച, ദാരിദ്ര്യനിര്‍മാര്‍ജനം, വിദ്യാഭ്യാസമേഖലയുടെ വിപുലീകരണം തുടങ്ങിയവയില്‍ ഊന്നിയുള്ള പദ്ധതികളിലൂടെ, കൊളോണിയല്‍ ചൂഷണത്തിന്റെ ഫലമായി ഇടിഞ്ഞുപൊളിഞ്ഞ ഒരു രാഷ്ട്രത്തിന്റെ അക്ഷരാര്‍ഥത്തിലുള്ള പുനര്‍നിര്‍മാണത്തിനാണ് ഈ ഇടപെടല്‍ വഴിതെളിച്ചത്. എന്നാല്‍ ഏകാധിപത്യപരമായ ഒരു ഭരണകൂടത്തിന്റെ ശാസനങ്ങളായി അധഃപതിച്ചില്ല ആ നയങ്ങള്‍. ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കപ്പെട്ടവയായിരുന്നു പദ്ധതികളില്‍ മിക്കതും. ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്ന ഭരണകൂടത്തിന്റെ കരിനിഴലിലിരുന്ന് നെഹ്രുവിന്റെ നയങ്ങളെ വിലിയിരുത്താന്‍ അന്ന് നെഹ്രു വിരുദ്ധരായിരുന്നവര്ക്കും അവസരമാണിത്.
ഒരര്‍ത്ഥത്തില്‍ ഗാന്ധിജിയുടെ മത സൗഹാര്‍ദ്ദ കാഴ്ചപ്പാടും നെഹ്രുവിന്റെ മതനിരപേക്ഷ, ഭൗതികവാദവും ചേര്‍ന്നാണ് ഇന്ത്യന്‍ ദേശീയതയില്‍ മതേതരത്വം എന്ന ആശയം ശക്തമായ സാന്നിധ്യമായത്. ഗാന്ധിയുടെ മതസഹിഷ്ണുത സഹിക്കാത്തവര്‍ അദ്ദേഹത്തെ 1948 ല്‍ വകവരുത്തിയത് ഇന്ത്യന്‍ വര്‍ഗീയ രാഷ്ട്രീയ ശരീരത്തില്‍ കൃത്യമായ ചലനമുണ്ടാക്കി. നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും സര്‍ക്കാരും മതനിരപേക്ഷതയെ നിര്‍ബന്ധപൂര്‍വം ദേശീയതയുടെ മുഖമുദ്രയാക്കാന്‍ ശ്രമിച്ച കാലമായിരുന്നു അത്. എന്നാല്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയവര്‍ പ്രതിനിധാനം ചെയ്ത ഹിന്ദുത്വധാരയും അന്ന് കോണ്‍ഗ്രസില്‍ പ്രബലമായിരുന്നു. നെഹ്റുവിന്റെയും പിന്നീട് ഇന്ദിരാ ഗാന്ധിയുടെയും വ്യക്തിപ്രഭാവത്തില്‍ മുന്നോട്ടു നീങ്ങിയ രാജ്യത്ത് എണ്‍പതുകളുടെ രണ്ടാം പാദം നഗ്നമായ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തേരോട്ടമുണ്ടായി. കൃത്യമായ പദ്ധതിയായിരുന്നു അത്. അതിന്റെ ഒരു ഘട്ടത്തിന്റെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഭരണഘടന തിരുത്തിയെഴുതുന്നതിലൂടെയും പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിന്നും രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിലൂടെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടുത്ത ഘട്ടം പൂര്‍ത്തിയാക്കുകയാണ് ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന പദ്ധതി.
നെഹ്രുവിയന്‍ പാരമ്പര്യങ്ങളുടെ പൂര്‍ണ നിരാസത്തോടെയാണ് കോണ്‍ഗ്രസിന്റെ ശിഥിലീകരണം തുടങ്ങിയത്. ഇന്ദിരാഗാന്ധി ദേശസാല്കരിച്ച എല്ലാ പൊതുസ്വത്തുക്കളും വീണ്ടും സ്വകാര്യവല്കരിച്ചു കൊണ്ട് നരസിംഹറാവു തുടക്കം കുറിച്ച ആഗോളവല്കരണത്തിന്റെ കെടുതികള്‍, ക്ഷേമ രാഷ്ട്രം എന്ന സങ്കല്പത്തെ തകര്‍ത്തെറിഞ്ഞു. മെഡിക്കല്‍ ഓക്സിജന്‍ പോലും ആവശ്യത്തിന് ഉണ്ടാക്കാനോ സംഭരിക്കാനോ വിതരണം ചെയ്യാനോ കഴിയാത്ത വിധം പുഴുക്കുത്തേറ്റതായിരിക്കുന്നു നമ്മുടെ രാജ്യം. ഹിന്ദുവര്‍ഗീയതയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയ ശരീരത്തില്‍ വ്യാപകമായ വേരുകളുണ്ടാക്കാന്‍ തക്ക വളവും വെള്ളവും ഒരുക്കിക്കൊടുത്തത് രാജീവ് ഗാന്ധിയാണ്. പ്രസിദ്ധമായ ഷാബാനുബീഗം കേസിലെ സുപ്രീം കോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ ശരീഅത്ത് സാധുവാക്കുന്ന നിയമം കൊണ്ടുവന്ന് മുസ്ലീം മതപൗരോഹിത്യത്തെ തൃപ്തപ്പെടുത്താന്‍ രാജീവ് ശ്രമിച്ചതോടെ ഹിന്ദുവര്‍ഗീയശക്തികള്‍ ഉണര്‍ന്നു. പിന്നെ അവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി പതിറ്റാണ്ടുകള്‍ക്കു മുമ്പേ മുത്തച്ഛനായ നെഹ്റു കുടത്തിലടച്ചു സൂക്ഷിച്ച അയോധ്യയിലെ ബാബറി മസ്ജിദ് എന്ന ഭൂതത്തെ തുറന്നുവിട്ടു. ഹിന്ദുത്വവാദികള്‍ കാത്തിരുന്നത് ഈ നിമിഷത്തിനു തന്നെയായിരുന്നു. അയോധ്യ പ്രശ്നത്തെ ഉത്തേജിപ്പിച്ച് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വികാസത്തിന്റെ രാസത്വരകമാക്കി മാറ്റാന്‍ സംഘപരിവാറിന് സാധിച്ചു. അവരുടെ പദ്ധതിയുടെ ഒന്നാംഘട്ടം മോഡി-അമിത്ഷാ ദ്വയങ്ങളിലൂടെ നടപ്പാക്കിയ ശേഷം ഹിന്ദുത്വ രാഷ്ട്രമെന്ന അവസാനലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ ചെറുത്ത് നില്ക്കാന് നെഹ്രുവിയന്‍ പാതയിലാണെന്ന് സ്വയം പറഞ്ഞു നടക്കുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ട്.
രാജ്യത്തിന്റെ സേവനത്തില്‍ പൗരത്വം അടങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞ നെഹ്രുവിനെയും അദ്ദേഹത്തിന്റെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളെയും വെളിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണ് ഏറ്റവും ഉചിതം.”പുതിയ അറിവുകള്‍ക്കും സത്യത്തിനും വേണ്ടിയുള്ള സാഹസികവും വിമര്‍ശനാത്മകവുമായ അന്വേഷണം, ആവര്‍ത്തിച്ച പരിശോധനയിലൂടെയും പരീക്ഷണത്തിലൂടെയുമേ ഏത് കാര്യവും ബോധ്യപ്പെടു എന്ന നിലപാട്, പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്‍ധാരണകളെ തിരുത്താനുള്ള സന്നദ്ധത, മനസ്സില്‍ സങ്കല്പിച്ച സിദ്ധാന്തങ്ങളെക്കാള്‍ നിരീക്ഷിക്കപ്പെട്ട വസ്തുതകളെയാണ് ആശ്രയിക്കേണ്ടത് എന്ന തിരിച്ചറിവ് ഇവയെല്ലാമാവണം ശാസ്ത്രാവബോധത്തിന്റെ അടിത്തറ. ശാസ്ത്രത്തിന്റെ പ്രയോഗത്തിന് മാത്രമല്ല, ജീവിത പ്രശ്നങ്ങളെ പരിഹരിക്കാനും ഈ കാഴ്ചപ്പാടാണ് വേണ്ടത”. ഇത്രയും ശാസ്ത്രബോധവും സാമൂഹിക അവഗാഹവുമുള്ള ഒരു പ്രധാനമന്ത്രിയില്‍ നിന്നാണ് കൊറോണയെ പാത്രം കൊട്ടിയകറ്റുന്ന ജനതയിലേക്ക് രാജ്യം വീണു പോയത്. ഈ പ്രധാനമന്ത്രിയുടെ പിന്മുറക്കാരാണ് വിശ്വാസം സംരക്ഷിക്കാന്‍ നിയമമുണ്ടാക്കുമെന്ന് പ്രകടനപത്രികയുണ്ടാക്കുന്നത്. അപ്പോള്‍ നെഹ്രുവിന്റെ ചിന്തകളെയും ദര്‍ശനങ്ങളെയും തിരിച്ചു പിടിക്കേണ്ടത് ആരാണ്!