ജ്വലിക്കുന്ന ഓര്‍മ്മയില്‍ കെ എം ബഷീര്‍

കെ എം ബഷീര് ഓര്മ്മയായിട്ട് ഇന്ന് (3-8-2021)രണ്ടു വര്ഷം തികയുന്നു. തെളിഞ്ഞു കത്തുന്നതിനിടെ കാറ്റത്ത് പൊടുന്നനെ പൊലിഞ്ഞ വിളക്കു പോലെ അപ്രതീക്ഷിതമായിരുന്നു ആ മടക്കം. പരിചയപ്പെടുന്ന ഓരോരുത്തര്ക്കും അവരുടെ സ്വന്തമെന്ന് തോന്നുന്ന പ്രകൃതം, സൗഹൃദക്കൂട്ടായ്മകളിലെ ഇഴപൊട്ടാത്ത കണ്ണി, ചിരിമാറാത്ത മുഖത്തിനുടമ, അങ്ങനെ വിശേഷണങ്ങള് അനവധിയായിരുന്നു കെ എം ബി എന്ന വിളിപ്പേരുള്ള കെ എം ബഷീറിന്. ഒടുവില് അപകടത്തില് ജീവന് പൊലിഞ്ഞ് കിടന്നപ്പോഴും അവന് ചുണ്ടില് ഒരു പുഞ്ചിരി കരുതിവെച്ചു, തന്റെ പ്രിയപ്പെട്ടവര്ക്കായി.2019 ആഗസ്റ്റ് മൂന്നിന് പുലര്ച്ചെ
 

കെ എം ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് (3-8-2021)രണ്ടു വര്‍ഷം തികയുന്നു. തെളിഞ്ഞു കത്തുന്നതിനിടെ കാറ്റത്ത് പൊടുന്നനെ പൊലിഞ്ഞ വിളക്കു പോലെ അപ്രതീക്ഷിതമായിരുന്നു ആ മടക്കം. പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും അവരുടെ സ്വന്തമെന്ന് തോന്നുന്ന പ്രകൃതം, സൗഹൃദക്കൂട്ടായ്മകളിലെ ഇഴപൊട്ടാത്ത കണ്ണി, ചിരിമാറാത്ത മുഖത്തിനുടമ, അങ്ങനെ വിശേഷണങ്ങള്‍ അനവധിയായിരുന്നു കെ എം ബി എന്ന വിളിപ്പേരുള്ള കെ എം ബഷീറിന്. ഒടുവില്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ് കിടന്നപ്പോഴും അവന്‍ ചുണ്ടില്‍ ഒരു പുഞ്ചിരി കരുതിവെച്ചു, തന്റെ പ്രിയപ്പെട്ടവര്‍ക്കായി.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ബഷീര്‍ കൊല്ലപ്പെടുന്നത്. പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേസ് വിചാരണയുടെ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. നരഹത്യ കേസില്‍ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതിയായ വഫാ നജീമും ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് യഥാക്രമം ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ എന്നിവരോട് ഈ മാസം ഒന്‍പതിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.


2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ മ്യൂസിയം സ്‌റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്‍പിലാണ് അപകടം നടന്നത്. അപകടം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശും സംഘവും സംഭവ സ്ഥലത്തെത്തി. ആ സമയം അപകടത്തില്‍പ്പെട്ട കാര്‍ ബഷീറിന്റെ ബൈക്കിനെ ഇടിച്ച് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേര്‍ത്ത നിര്‍ത്തിയ നിലയിലായിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തേക്കിറങ്ങി അപകടം നടന്ന സ്ഥലത്തു നിന്നും ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികള്‍ തന്നെ പോലീസി്‌ന് മൊഴി നല്‍കി. സ്ഥലത്തെത്തിയ പോലീസ് ആംബുലന്‍സില്‍ ബഷീറിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് ബഷീര്‍ മരണപ്പെടുകയായിരുന്നു.
മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചും മ്യൂസിയം പോലീസ് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമം നടത്തി. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന്‍ പോലീസുമായി ഒത്തുകളിച്ച് രക്തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ കിംസ് സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അടുത്ത ദിവസം രാവിലെ ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുത്തെങ്കിലും മണിക്കൂറുകള്‍ വൈകിയുള്ള രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ഇതിനിടെ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കെ എല്‍ 01ബി എം 360 നമ്പര്‍ വോക്‌സ് വാഗണ്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന് വഫ വ്യക്തമാക്കി. ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ വഫയെ ഹാജരാക്കി പോലീസ് മൊഴി രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്നായിരുന്നു ശ്രീറാമിന്റെ അറസ്റ്റ്. മ്യൂസിയം പോലീസ് പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു.


കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആറു മാസത്തിനൊടുവില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അപകടസമയത്ത് താനല്ല കാര്‍ ഓടിച്ചിരുന്നതെന്നാണ് ശ്രീറാം അന്വേഷണ സംഘത്തിന് മുന്നിലും വകുപ്പ് തല അന്വേഷണ സമിതിക്ക് മുന്നിലും മൊഴി നല്‍കിയിരുന്നത്. ഇതെല്ലാം ഖണ്ഡിക്കുന്നതായിരുന്നു കുറ്റപത്രത്തിലെ ശാസ്ത്രീയമായ കണ്ടെത്തലുകള്‍. കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ശിപാര്‍ശ ചെയ്തു കൊണ്ട് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഇതിനെതിരെ സിറാജ് മാനേജ്‌മെന്റും കേരള പത്രപ്രവര്‍ത്തക യൂണിയനും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചു. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തളളി ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീ്ട്ടി. 2020 ഫെബ്രുവരി ഒന്നിന് ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും വഫയെ രണ്ടാം പ്രതിയാക്കിയും അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് 2020 ഫെബ്രുവരി 24ന് ശ്രീറാം വെങ്കിട്ടരാമനും വഫയും നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. പ്രതികള്‍ രണ്ടു പേരും അന്ന് ഹാജരായില്ല. കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ അകാരണമായ ന്യായങ്ങള്‍ നിരത്തി കോടതിയില്‍ ഹാജരാകാതെ മാറി നില്‍ക്കാനാണ് ശ്രീറാം ശ്രമിച്ചത്. ഇതിനിടെ മാര്‍ച്ച് 20ന് ആരോഗ്യവകുപ്പില്‍ ശ്രീറാമിനെ തിരിച്ചെടുത്തു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായാണ് ശ്രീറാമിനെ നിയമിച്ചത്. കേസ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലെത്തുകയാണ്. വിചാരണക്കൊടുവില്‍ ബഷീറിന് നീതി ലഭ്യമാകുമെന്നു തന്നെയാണ് ബഷീറിന്റെ കുടുംബത്തിന്റേയും സ്‌നേഹിതരുടേയും പ്രതീക്ഷ.