പുതുപ്പള്ളിയിൽ ഇനി അച്ചുവോ ചാണ്ടിയോ 

 

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ പുതുപ്പള്ളിയില്‍ ആറു മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ്.  നിലവിലെ നിയമസഭയുടെ കാലാവധി രണ്ടര വര്‍ഷത്തിലേറെ ശേഷിക്കുന്നുണ്ട്. കഴിഞ്ഞ 53 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ പിന്‍ഗാമി ഉണ്ടാകുമോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്.

 

 

 

 

 

 

 

 

 

ഉമ്മന്‍ ചാണ്ടിയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗം കൂടി പ്രയോജനപ്പെടുത്തുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനാകും കോണ്‍ഗ്രസ് പ്രധാന്യം നല്‍കുക. നിലവിലെ സാഹചര്യത്തില്‍ ചാണ്ടി ഉമ്മനോ, അച്ചു ഉമ്മനോ പുതുപ്പള്ളിയില്‍ നിന്നും മത്സരിക്കാനാണ് സാധ്യത. ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്റെ പേരിനാണ് നിലവില്‍ മുന്‍ഗണന. എന്നാല്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മകള്‍ അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്ന അഭിപ്രായക്കാരാണ്. ഈ വിഷയത്തില്‍ പാര്‍ട്ടി തീരുമാനം എന്നതില്‍ ഉപരി ആര് മത്സരിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും.

 

ഈ വിഷയത്തില്‍ പാര്‍ട്ടി എന്ന നിലയില്‍ പരസ്യമായ അഭിപ്രായപ്രകടനം ഉണ്ടാകാതിരിക്കാനും നേതൃത്വം ജാഗ്രതപാലിച്ചേക്കും. സ്ഥാനാര്‍ത്ഥിത്വത്തില്‍ ഭിന്നതയുണ്ടെന്ന ചര്‍ച്ച നിലവിലെ സാഹചര്യത്തില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അഭിപ്രായ ഭിന്നതകളില്ലാതെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ വിജയം ഉറപ്പാണെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കുടുംബത്തില്‍ നിന്നും ആരും മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസിനാവും പ്രഥമ പരിഗണന. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ഫില്‍സണ്‍ മാത്യൂസിന് സഭയുടെ അകമഴിഞ്ഞ പിന്തുണയും അനുകൂലഘടകമാണ്.

ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗത്തെ മറികടക്കുകയെന്നതാണ് ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വെല്ലുവിളി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറക്കാന്‍ കഴിഞ്ഞത് ഇടതുമുന്നണിക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. 2016ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 33,255 വോട്ടില്‍ നിന്നും 27,092 വോട്ടായി കുറഞ്ഞിരുന്നു. 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 വോട്ടായി കുറയ്ക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. പുതുപ്പള്ളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ പുതുപ്പള്ളി ഉള്‍പ്പെടെ ആറ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ഭരണം. അകലകുന്നം, കൂരോപ്പട, മണക്കാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ഭരണത്തില്‍. അയര്‍കുന്നം മീനടം പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് അധികാരത്തിലുള്ളത്. ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് പുതുപ്പള്ളിയില്‍ കഴിഞ്ഞ പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിരുന്നു.

2021ല്‍ ഉമ്മന്‍ ചാണ്ടിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ യുവനേതാവ് ജെയ്ക്ക് സി തോമസിന് വീണ്ടും അവസരം ലഭിച്ചേക്കും. 2016ലും 2021ലും ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസ് മണ്ഡലത്തില്‍ പരിചിതനാണ് എന്നതും അനുകൂല ഘടകമാണ്. ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ പുതുപ്പള്ളിയില്‍ പോരാട്ടം കനക്കും. 2016ല്‍ 15993 വോട്ട് നേടിയ ബിജെപിയുടെ വോട്ട് 2021ല്‍ 11694 വോട്ടായി കുറഞ്ഞിരുന്നു.

ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമായ പുതുപ്പള്ളിയില്‍ സഭാ തര്‍ക്കവും പ്രതിഫലിച്ചേക്കും. ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായേക്കുമെന്നാണ് വിലയിരുത്തൽ. യാക്കോബായ വിഭാഗം സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യം ജെയ്ക്ക് സി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അനുകൂലഘടകമായേക്കും. 2021ല്‍ സഭാതര്‍ക്കത്തിന്റെ അടിയൊഴുക്കുകള്‍ ഏറ്റവും ശക്തമായി പ്രതിഫലിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പുതുപ്പള്ളി. പാമ്പാടി, മണര്‍കാട് പഞ്ചായത്തുകള്‍ 2021ല്‍ ഉമ്മന്‍ ചാണ്ടിക്ക് ലീഡ് നിഷേധിച്ചതിന് കാരണവും സഭാതര്‍ക്കമായിരുന്നു.

2016ല്‍ ഉമ്മന്‍ചാണ്ടിക്ക് മൂവായിരത്തിലധികം വോട്ടിന്റെ ലീഡ് നല്‍കിയ പാമ്പാടിയില്‍ 2021ല്‍ ജയ്ക് ആയിരത്തിനടുത്ത് വോട്ടിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. മണര്‍ക്കാട് പഞ്ചായത്തില്‍ ജയ്കിന് ആയിരത്തിന് മേല്‍ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും യാക്കോബായ സ്വാധീനമേഖലകളില്‍ ഇടതുമുന്നണി മുന്നേറ്റമുണ്ടാക്കിയിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിക്കുള്ള ആദരവ് നല്‍കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഇടതുമുന്നണിക്ക് മത്സരം കയ്‌പ്പേറിയ അനുഭവമായി മാറും.