നിർഭയനായ ആ കാർട്ടൂണിസ്റ്റിനെ ഓർക്കുമ്പോൾ

ട്രോളുകളുടെ കാലമാണിത്. കുറിക്കുകൊള്ളുന്ന വാക്കുകൾ കൊണ്ട് സാമൂഹ്യവിമർശനം നടത്തുന്ന കാർട്ടൂണുകളെ പിൻപറ്റി മിമിക്രിയിലൂടെയും ടെലിവിഷൻ ആക്ഷേപഹാസ്യപരിപാടികളിലൂടെയും ഹാസ്യാധിഷ്ഠിതമായ സാമൂഹിക വിമർശനങ്ങൾക്ക് രൂപഭാവ പരിണാമം സംഭവിച്ച്, ആ ശ്രേണിയിലെ നവമാധ്യമ ആവിഷ്കാരമാണ് സൈബർ ഇടത്തിലെ ട്രോളുകളും മീമുകളും. പുത്തൻ സാങ്കേതിക വിദ്യ സാധാരണക്കാരന് പോലും ആവിഷ്കാരത്തിനുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഈ ട്രോളുകളും മീമുകളും അതിരു വിടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന ആശയത്തിന് എതിരയോ പൊതുബോധത്തിന് എതിരേയോ രാഷ്ട്രീയ തീരുമാനങ്ങൾക്ക് എതിരെയോ അല്ലാതെ വ്യക്തിഹത്യ നടത്താനും
 
ആർച്ച സജീവ്

ട്രോളുകളുടെ കാലമാണിത്. കുറിക്കുകൊള്ളുന്ന വാക്കുകൾ കൊണ്ട്  സാമൂഹ്യവിമർശനം നടത്തുന്ന കാർട്ടൂണുകളെ പിൻപറ്റി മിമിക്രിയിലൂടെയും ടെലിവിഷൻ ആക്ഷേപഹാസ്യപരിപാടികളിലൂടെയും ഹാസ്യാധിഷ്‌ഠിതമായ സാമൂഹിക വിമർശനങ്ങൾക്ക്  രൂപഭാവ പരിണാമം സംഭവിച്ച്,  ആ ശ്രേണിയിലെ നവമാധ്യമ ആവിഷ്‌കാരമാണ് സൈബർ ഇടത്തിലെ ട്രോളുകളും മീമുകളും. പുത്തൻ സാങ്കേതിക വിദ്യ സാധാരണക്കാരന് പോലും ആവിഷ്‌കാരത്തിനുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്തു.

എന്നാൽ ഈ ട്രോളുകളും മീമുകളും അതിരു വിടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന ആശയത്തിന് എതിരയോ  പൊതുബോധത്തിന്  എതിരേയോ രാഷ്ട്രീയ തീരുമാനങ്ങൾക്ക് എതിരെയോ അല്ലാതെ വ്യക്തിഹത്യ നടത്താനും ട്രോളുകൾ ഉപയോഗിക്കുന്നുണ്ട്. അസഹിഷ്ണുതയുടെ ഈ കാലത്ത് (അധികാരികൾ മാത്രമല്ല, വ്യക്തികളും സഘടനകളും എല്ലാം അസഹിഷ്ണുതരാവുന്ന കെട്ട കാലത്ത്) ഇന്ത്യൻ കാർട്ടൂണിന്റെ പിതാവായ ശങ്കറിനെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഓർമിച്ചെടുക്കുന്നത് കാലത്തിനോടുള്ള നീതിയാണെന്ന് തോന്നുന്നു.  

ശങ്കർ എന്ന് അറിയപ്പെടുന്ന കേശവ് ശങ്കർ പിള്ള കാർട്ടൂണുകളുടെ ഭീഷ്മാചാര്യനായിരുന്നു. 1933 -ൽ കാർട്ടൂണിസ്റ്റായി ജോലി ചെയ്യാൻ തുടങ്ങിയ അദ്ദേഹം 1970 -കളിൽ സജീവ ചിത്രകാരനായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം, വിവിധ യുദ്ധങ്ങൾ, അടിയന്തരാവസ്ഥ എന്നിവയുൾപ്പെടെ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ ശങ്കർ ജീവിച്ചു.

1902 ജൂലൈ 31ന് തിരുവിതാംകൂറിലെ കായംകുളത്താണ് ശങ്കർ ജനിച്ചത്.കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലായായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തന്റെ അധ്യാപകന്റെ ഉറങ്ങുന്ന ഭാവമായിരുന്നു ശങ്കറിന്റെ  ആദ്യത്തെ കാർട്ടൂൺ. അവൻ അത് തന്റെ ക്ലാസ് മുറിയിൽ വരച്ചു. ഇത് ഹെഡ്മാസ്റ്ററെ ചൊടിപ്പിച്ചു. എന്നാൽ ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയിൽ അവനിൽ വലിയ സാധ്യതകൾ കണ്ട അമ്മാവൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. സ്കൂൾ പഠനത്തിന് ശേഷം മാവേലിക്കരയിലെ രവി വർമ സ്‌കൂൾ ഓഫ് പെയിന്റിംഗിൽ അദ്ദേഹം ചിത്രകല പഠിച്ചു.

ബിരുദ പഠനത്തിനുശേഷം ബോംബെ ലോ കോളേജിൽ ചേർന്നു. പക്ഷെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിച്ചു. ദി ഫ്രീ പ്രസ് ജേർണലിലും ബോംബെ ക്രോണിക്കിളിലും കാർട്ടൂണുകൾ  പ്രസിദ്ധീകരിക്കാൻ ആരംഭിച്ചതോടെ ശങ്കർ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി . ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായ പോത്തൻ ജോസഫ് 1932 ൽ അദ്ദേഹത്തെ ഒരു സ്റ്റാഫ് കാർട്ടൂണിസ്റ്റായി ഡൽഹിയിലേക്ക് കൊണ്ടുവന്നു, 1946 വരെ ആ ജോലി തുടർന്നു.ശേഷം 1948ൽ  ശങ്കേഴ്‌സ് വീക്കിലി  തുടങ്ങി. ഇന്ത്യയിലെ പല പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളും പഠിച്ചിറങ്ങിയത് ആ സര്‍വകലാശാലയില്‍ നിന്നായിരുന്നു. ശങ്കേഴ്സ് വീക്കിലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് നെഹ്‌റുവായിരുന്നു. അന്ന്  അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ നെഹ്റു ശങ്കറിനോട് പുഞ്ചിരിയോടെ പറഞ്ഞ പ്രശസ്ത വാചകമാണ് (ഡോണ്ട് സ്‌പെയര്‍ മി ശങ്കര്‍’ ) എന്നെ വെറുതേ വിടരുത് ശങ്കര്‍  എന്നത്. വിമർശനങ്ങളിൽ അസഹിഷ്ണതയാർന്ന് വേട്ടക്കാരാകുന്ന ഭരണാധികാരികളുടെ ലോകത്തെ മാധ്യമപ്രവർത്തകർക്ക് ആത്‌മവിശ്വാസം നൽകുന്ന ഒരു വാചകമായി അതിന്നും മുഴങ്ങികേൾക്കുന്നു.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്ര താളുകൾ മറിച്ചുനോക്കിയാൽ  ശങ്കറിന്റെ കാര്‍ട്ടൂണുകളെ കാണാതെ പോകാൻ ആര്‍ക്കും സാധ്യമല്ല. തന്റെ വായനയും  നിരീക്ഷണ ബോധവും സൗഹൃദ കൂട്ടായ്മകളുമെല്ലാം തന്റെ കാര്‍ട്ടൂണിനെ മികവുറ്റതാക്കാനാണ്  അദ്ദേഹം ഉപയോഗിച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകമായ പല ഘട്ടങ്ങളും ആ കാര്‍ട്ടൂണുകളിലൂടെ വായിച്ചെടുക്കാൻ നമുക്ക് സാധിക്കും.
നെഹ്റുവിന്റെ അവസാനകാലത്ത് ശങ്കര്‍ വരച്ച ‘Who after Nehru’എന്ന കാര്‍ട്ടൂണിന് പ്രവചനസ്വഭാവമുണ്ടായിരുന്നു. ആ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച്  പത്താം ദിവസം നെഹ്റു അന്തരിച്ചു. കാര്‍ട്ടൂണില്‍ ദീപശിഖയേന്തി ഓടുന്ന അവശനായ നെഹ്‌റുവിനു തൊട്ടുപിന്നാലെ ഓടുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി. പിന്നീട് ആ കാര്‍ട്ടൂണില്‍ വരിവരിയായി ഓടുന്നവരില്‍ ഗുല്‍ സരിലാല്‍ നന്ദ, മൊറാര്‍ജി ദേശായി, ഇന്ദിരാഗാന്ധി തുടങ്ങിയവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി. അതും ശങ്കര്‍ വരച്ച അതേ ക്രമത്തില്‍. പതിമൂന്നുവര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയം ശങ്കര്‍ 1964 മെയ് 17 -ന് വരച്ച ഈ കാര്‍ട്ടൂണിന്റെ തനിയാവര്‍ത്തനമാവുകയായിരുന്നു.

who after Nehru

വിമര്‍ശനം ആസ്വദിക്കുന്നതിനേക്കാൾ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത, വിമർശിക്കുന്നവനെ അടിച്ചമർത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ കാലത്ത് ശങ്കറിന്റെ സ്മരണ നിർഭയ മാധ്യമ പ്രവർത്തനത്തിന് പ്രചോദനമാകാതിരിക്കില്ല.