ടി20 ലോകകപ്പ്; ഇന്ത്യയും ബംഗ്ലാദേശും ഇന്ന് മത്സരിക്കും

 

  ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയിലെത്താന്‍ പരസ്പരം മത്സരിക്കുന്ന ടീമുകളാണ് ഇന്ത്യയും ബംഗ്ലാദേശും. അതുകൊണ്ട് തന്നെ കളി തീപാറും.



 ടി20 ലോകകപ്പിലെ തങ്ങളുടെ നാലാം സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ന് അഡലെയ്ഡാണ് ഈ മത്സരത്തിന് വേദിയാകുന്നത്. ആദ്യ രണ്ട് കളികളിൽ വിജയിച്ച ഇന്ത്യ, മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിന് ശേഷമാണ് ഇന്നത്തെ കളിക്കിറങ്ങുന്നത്. ഇന്ന് വിജയിച്ചാൽ സെമിയിലേക്ക് ഒരു പടി കൂടി അടുക്കാമെന്നതിനാൽ‌ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാ‌ൻ ടീം ശ്രമിക്കുമെന്ന കാര്യം ഉറപ്പ്. എന്നാൽ അവസാന മത്സരത്തിൽ കളിച്ച ടീമിൽ അവർ മാറ്റം വരുത്തുമോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. നിലവിൽ പുറത്ത് വരുന്ന സൂചനകൾ അനുസരിച്ച് ഇന്ത്യൻ ടീമിൽ ഇന്ന് രണ്ട് മാറ്റങ്ങളുണ്ടായേക്കും.



മോശം ഫോമിലാണെങ്കിലും കെ എൽ രാഹുൽ ഓപ്പണിംഗിൽ തന്റെ സ്ഥാനം നിലനിർത്തും. രാഹുലിനൊപ്പം രോഹിത് ശർമ്മായാകും മറ്റൊരു ഓപ്പണർ. വിരാട് കോഹ്ലി തന്നെയാകും മൂന്നാം നമ്പരിൽ കളിക്കുക. സ്വപ്ന ഫോമിലൂടെ കടന്നു പോകുന്ന സൂര്യകുമാർ യാദവാകും നാലാം നമ്പർ ബാറ്റർ. സ്കൈക്ക് ഇന്നും തിളങ്ങാനായാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും.

കഴിഞ്ഞ മത്സരത്തിനിടെ ദിനേഷ് കാർത്തിക്കിന് പരിക്കേറ്റതിനാൽ ഋഷഭ് പന്തായിരുന്നു പിന്നീട് വിക്കറ്റ് കാത്തത്. കാർത്തിക്ക് പൂർണമായും ഫിറ്റ് അല്ലെങ്കിൽ പന്ത് തന്നെ ഇന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകും. അതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് കരുതപ്പെടുന്നത്. ഹാർദിക് പാണ്ഡ്യക്കാവും ഇന്ന് ഫിനിഷിംഗിന്റെ ഉത്തരവാദിത്വം. താരത്തിന് മികച്ച ഓൾ റൗണ്ട് മികവ് പുറത്തെടുക്കാനായാൽ എതിരാളികൾ വിയർക്കും.



ഭുവനേശ്വർ കുമാറാകും  ഇടം കൈയ്യൻ പേസർ അർഷ്ദീപ് സിംഗ്, വലം കൈയ്യൻ പേസർ മൊഹമ്മദ് ഷമി എന്നിവരും പേസ് നിരയിൽ അണിനിരക്കും. ആർ അശ്വിനും ഇന്ന് കളിക്കാനുള്ള സാധ്യത കൂടുതലാണ്. റിസ്റ്റ് സ്പിന്നർമാർക്കെതിരെ മോശം റെക്കോർഡുള്ള ടീമാണ് ബംഗ്ലാദേശ്. അവരുടെ അഭ്യന്തര ക്രിക്കറ്റിലും മികച്ച റിസ്റ്റ് സ്പിന്നർമാരില്ല. അത് കൊണ്ടു തന്നെ ഇന്ത്യ ഇന്ന് യുസ്വേന്ദ്ര ചഹലിനെ കളിപ്പിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അങ്ങനെ ചഹലിനെ കളിപ്പിക്കുകയാണെങ്കിൽ ദീപക് ഹൂഡക്കാവും പുറത്ത് പോകേണ്ടി വരുക. ഇത് ടീമിന്റെ ബാറ്റിംഗ് ഡെപ്ത്ത് കുറക്കും.