ടോക്യോ ഒളിമ്പിക്സില് ഇന്ത്യക്കായി ചരിത്ര സ്വര്ണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി രാജ്യം.
ടോക്യോ ഒളിമ്പിക്സില് ഇന്ത്യക്കായി ചരിത്ര സ്വര്ണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി രാജ്യം. നീരജിന്റേത് ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യത്തിനായി സ്വര്ണ മെഡല് സമ്മാനിച്ച നീരജിന്റെ പ്രകടനം എക്കാലവും ഓര്ക്കപ്പെടുമെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു. നീരജിന്റെ മെഡല് നേട്ടം രാജ്യത്തെ യുവാക്കള്ക്ക് വലിയ പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. നീരജിന്റെ നേട്ടത്തോടെ ഇന്ത്യ കൂടുതല് തിളങ്ങുന്നുവെന്നും എല്ലാ ഇന്ത്യക്കാര്ക്കും അഭിമാനകരമായ നേട്ടമാണിതെന്നും മുന് ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്ക്കര് ട്വീറ്റ് ചെയ്തു.ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ച് നേടിയ സ്വര്‍ണം നീരജ് ചോപ്ര സ്പ്രിന്റ് ഇതിഹാസം പറക്കും സിഖ് മില്‍ഖ സിങ്ങിന് സമര്‍പ്പിച്ചു. ‘അദ്ദേഹം ഇത് എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ. എവിടെയായാലും ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്’-മെഡല്‍ സ്വീകരിച്ചശേഷം നീരജ് പറഞ്ഞു
.നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് പൊന്നണിയിച്ച് നീരജ് ചോപ്ര. ഒളിംപിക്സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 87.58 മീറ്റര്‍ ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്നത്. ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.