റൊണാൾഡോക്കും മെസ്സിക്കും മാറിനിൽക്കാം, ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി ലെവൻഡോസ്കി
ഈ വര്ഷം ബാലന് ഡി ഓര് ഇല്ലാത്ത സങ്കടം ഫിഫാ ബെസ്റ്റ് നേടിക്കൊണ്ട് പോളിഷ് സ്ട്രൈക്കര് ലെവന്ഡോസ്കി തീര്ത്തിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള് താരത്തിനുള്ള പുരസ്കാരമായ ഫിഫ ബെസ്റ്റ് ലെവന്ഡോസ്കി സ്വന്തമാക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്ഡോയേയും ലയണല് മെസ്സിയെയും മറികടന്നാണ് ലെവന്ഡോസ്കി ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്. ലെവന്ഡോസ്കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ സീസണിലേത്. ചാമ്പ്യൻസ് ലീഗ് കിരീടം അടക്കം ബയേണൊപ്പം ട്രെബിള് കിരീടം നേടാന് ലെവന്ഡോസ്കിക്ക് ആയിരുന്നു. ഈ കഴിഞ്ഞ സീസണില് ലെവന്‍ഡോസ്കി അടിച്ചു കൂട്ടിയത് 55 ഗോളുകളാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഒരു സീസണിലെ ഏറ്റവും മികച്ച ടാലിയാണിത്.47 മത്സരങ്ങളില്‍ നിന്നാണ് ഈ 55 ഗോളുകള്‍ പിറന്നത്. കളിച്ച മൂന്ന് ടൂര്‍ണമെന്റിലും കിരീടവും ഒപ്പം ടോപ്പ് സ്കോററും. ബുണ്ടസ് ലീഗയില്‍ 34 ഗോളുമായി ടോപ്പ് സ്കോറര്‍, ജര്‍മ്മന്‍ കപ്പില്‍ 6 ഗോളുമായി ടോപ്പ് സ്കോറര്‍, ഒപ്പം ചാമ്പ്യൻസ് ലീഗില്‍ 15 ഗോളുകളുമായും ടോപ്പ് സ്കോറര്‍. ഇത്തവണ ഈ പുരസ്കാരത്തിന് ലെവന്‍ഡോസ്കിക്ക് ഒരു എതിരാളി പോലും ഉണ്ടായില്ല എന്നതാണ് വാസ്തവം.