അഡ്‌ലെയ്‌ഡ് ടെസ്റ്റില് ഇന്ത്യക്ക് ദയനീയ തോല്‍വി
ഓസ്ട്രേലിയന് പേസര്മാര് യഥാര്ഥ അങ്കം കാട്ടിയപ്പോള് അഡ്ലെയ്ഡ് ടെസ്റ്റില് ഇന്ത്യക്ക് ദയനീയ തോല്വി. പരമ്പരയിലെ ആദ്യ ടെസ്റ്റില് ലീഡ് വഴങ്ങിയ ശേഷം എട്ട് വിക്കറ്റിന്റെ വമ്പന് ജയം ടിം പെയ്നും സംഘവും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിലെ 90 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് മാത്യൂ വെയ്ഡ്(33), മാര്നസ് ലബുഷെയ്ന്(6) എന്നിവരുടെ വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ. ജോ ബേണ്സും(51) സ്റ്റീവ് സ്മിത്തും(1) പുറത്തകാതെ നിന്നു.
ഓസ്ട്രേലിയക്കെതിരെ പിങ്ക് ബോള് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില് ഹേസല്വുഡ്-കമ്മിന്സ് പേസാക്രമണത്തില് തകര്ന്നടിച്ച ഇന്ത്യക്ക് നേടാനായത് വെറും 36 റണ്സ് മാത്രമാണ്. പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ഷമി പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യ 21.2 ഓവറില്‍ 36-9 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.