ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യക്ക് ആവേശജയം
ഓവല് ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യക്ക് ആവേശജയം. ആവേശവും വാശിയും വാനോളം നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്ക് 157 റണ്സിന്റെ കൂറ്റന് വിജയം. 368 റണ്സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്സിന് ഓള് ഔട്ടായി. തകര്പ്പന് പ്രകടനം കാഴ്ചവെച്ച ഇന്ത്യന് ബൗളര്മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്മയുടെയും ഓള്റൗണ്ട് മികവ് പുലര്ത്തിയ ശാര്ദുല് ഠാക്കൂറിന്റെയും പ്രകടനങ്ങള് നാലാം ടെസ്റ്റില് നിര്ണായകമായി. സ്കോര് ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210.
ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഓലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 24 ടെസ്റ്റുകളില്‍ നിന്നാണ് ബുമ്ര 100 വിക്കറ്റ് തികച്ചത്. 25 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് ഓവലില്‍ ബുമ്ര മറികടന്നത്.