2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്
2036 ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. സ്കൂൾതലം മുതൽ കായിക പ്രതിഭകളെ കണ്ടെത്തി, ശാസ്ത്രീയ പരിശീലനത്തിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും ദേശീയ- അന്തർദേശീയ നിലവാരത്തിലുള്ള താരങ്ങളായി വളർത്തിയെടുക്കും. കായിക യുവജനകാര്യാലയം നടപ്പിലാക്കുന്ന 'ഖേലോ കേരളം 2026' കായിക പ്രതിഭാ നിർണയ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ലുലു മാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ പദ്ധതിയുടെ ലോഗോ, ഭാഗ്യമുദ്രയായ നീലഗിരി താർ, പ്രൊമോഷണൽ വീഡിയോ എന്നിവയുടെ പ്രകാശനവും രജിസ്ട്രേഷൻ പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
'ഖേലോ കേരളം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ' എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ഈ വർഷം അത്ലറ്റിക്സിനാണ് പ്രഥമ പരിഗണന. വരും വർഷങ്ങളിൽ മറ്റ് കായിക ഇനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാനത്തെ 163 സബ് ജില്ലകളിൽ നിന്ന് പ്രതിഭകളെ കണ്ടെത്തി സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. അണ്ടർ 12, 14, 16, 18 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ പത്തുവർഷം നീളുന്ന സമഗ്ര കായിക പ്രതിഭാ വികസന സംവിധാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച താരങ്ങൾക്ക് ക്യാഷ് പ്രൈസ്, ഇൻഷുറൻസ് പരിരക്ഷ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം എന്നിവ ഉറപ്പാക്കും.
ഒരുകാലത്ത് രാജ്യത്തെ അത്ലറ്റിക്സ് രംഗത്ത് മുൻനിരയിലായിരുന്ന കേരളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ പങ്കെടുക്കുന്നവർക്കും വിജയികൾക്കുമുള്ള പാരിതോഷികത്തുക വർധിപ്പിച്ചിട്ടുണ്ട്. കായികതാരങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിൽ ലഭിക്കാനുള്ള പാരിതോഷിക കുടിശ്ശിക വിതരണം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചതായും ഇതിന്റെ ഭാഗമായി 2019-20 വർഷത്തെ കായിക അവാർഡ് വിതരണം പൂർത്തിയാക്കിയതായും ശേഷിക്കുന്ന വർഷങ്ങളിലെ തുക വരും ദിവസങ്ങളിൽ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്കിടയിൽ ലഹരി ഉപയോഗവും തെറ്റായ പ്രവണതകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കളിക്കാനും മത്സരിക്കാനുമുള്ള അവസരങ്ങൾ ഇല്ലാതാകുന്നത് കുട്ടികളെ തെറ്റായ വഴികളിലേക്ക് നയിക്കുന്ന ഘടകങ്ങളിലൊന്നാണ്. 'കായിക സംസ്കാരം വളർത്തിയെടുക്കാൻ പൊതുസമൂഹത്തിന്റെ പൂർണ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.വി. രാജ സ്പോർട്സ് സ്കൂളിലെ വിദ്യാർഥിനികളുടെ എയറോബിക് ഡാൻസ് പ്രകടനവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഒളിമ്പ്യൻ പത്മിനി തോമസ്, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ അഖിൽ വി. മേനോൻ, ലുലു മാൾ സതേൺ റീജണൽ മാനേജർ ശ്രീലേഷ് ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.