28ാമത് ഐ.എഫ്.എഫ്.കെ; 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്

 
pix
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് നല്‍കി കെനിയന്‍ സംവിധായിക വനൂരി കഹിയുവിനെ 
ആദരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. ഡിസംബര്‍ എട്ടിന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ വനൂരി പുരസ്‌കാരം ഏറ്റുവാങ്ങും.
 സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. അവകാശപ്പോരാട്ടത്തിന്റെ പേരില്‍ ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയാവുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി 27ാമത് ഐ.എഫ്.എഫ്.കെയില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹയായി. 
കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന ചലച്ചിത്രകാരിയാണ് വനൂരി കഹിയു. ആഫ്രിക്കയെ സംബന്ധിച്ച പൊതുധാരണകള്‍ തിരുത്തിക്കുറിക്കുന്നതിനും ഒരു പുതിയ വീക്ഷണം രൂപപ്പെടുത്തുന്നതിനുമായുള്ള 'ആഫ്രോബബിള്‍ഗം' എന്ന കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ് 43കാരിയായ വനൂരി. കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയന്‍ ചിത്രമായ 'റഫീക്കി'യാണ് വനൂരിയെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയാക്കിയത്. രണ്ടു പെണ്‍കുട്ടികളുടെ പ്രണയകഥ പറയുന്ന ഈ ചിത്രം രാജ്യത്തെ യാഥാസ്ഥിതിക ഭരണകൂടം നിരോധിച്ചു. നടപ്പുസദാചാരമൂല്യങ്ങളും കെനിയന്‍ നിയമവും ലംഘിച്ചുകൊണ്ട് ചിത്രം സ്ത്രീകളുടെ സ്വവര്‍ഗപ്രണയത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് നിരോധനത്തിന് കാരണമായി സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. കൊളോണിയല്‍ കാലം മുതല്‍ നിലവിലുള്ള നിയമപ്രകാരം കെനിയയില്‍ സ്വവര്‍ഗലൈംഗികത 14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പ്രധാന കഥാപാത്രമായ കേന പശ്ചാത്തപിക്കുന്ന വിധത്തില്‍ അവസാനരംഗം മാറ്റിയാല്‍ മുതിര്‍ന്നവര്‍ക്കുള്ള ചിത്രത്തിനുള്ള സര്‍ട്ടിഫിക്കറ്റ് തരാമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞെങ്കിലും വനൂരി വഴങ്ങിയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാവകാശം നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിനെതിരെ വനൂരി നിയമയുദ്ധം നടത്തി. കെനിയയിലെ ഭരണഘടനാ കോടതിയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നടന്ന ആദ്യകേസ് ആയിരുന്നു അത്. ഓസ്‌കറിന് അയയ്ക്കാനുള്ള യോഗ്യത നേടുന്നതിനായി ഹൈക്കോടതി താല്‍ക്കാലിക പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ഒരാഴ്ചയ്ക്കുശേഷം നിരോധനം തുടരുകയും 2020ല്‍ സെന്‍സര്‍ ബോര്‍ഡിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനെതിരായ കനത്ത പ്രഹരം എന്നാണ് വനൂരി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. 11 അവാര്‍ഡുകള്‍ നേടി അന്താരാഷ്ട്ര തലത്തില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കെനിയയില്‍ വനൂരിക്ക് എതിരെയുള്ള വിദ്വേഷ്വപ്രചാരണങ്ങള്‍ ശക്തമായി. കുടുംബത്തില്‍നിന്നും സമുദായത്തില്‍നിന്നും സാമൂഹികമാധ്യമങ്ങളില്‍നിന്നും ഭീഷണികള്‍ വരെ ഉണ്ടായി. 
ആഫ്രിക്ക എന്നാല്‍ യുദ്ധം, ദാരിദ്ര്യം, രോഗം എന്നിവയാണ് എന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ക്കും പ്രതിനിധാനങ്ങള്‍ക്കുമെതിരെ പൊരുതുന്നതിനായാണ് വനൂരി 'ആഫ്രോബബിള്‍ഗം' എന്ന കൂട്ടായ്മ രൂപീകരിച്ചത്. ആനന്ദം, പ്രത്യാശ, സ്നേഹം എന്നിവയില്‍ അധിഷ്ഠിതമായ ആഫ്രിക്ക എന്ന പുതിയ വീക്ഷണമാണ് ഈ സംഘം മുന്നോട്ടുവെക്കുന്നത്. ഒരു സിനിമയില്‍ ആരോഗ്യവും സന്തോഷവും സാമ്പത്തികസ്ഥിരതയുമുള്ള രണ്ടു ആഫ്രിക്കക്കാരെങ്കിലും ഉണ്ടായിരിക്കണമെന്ന് ഈ കൂട്ടായ്മ നിഷ്‌കര്‍ഷിക്കുന്നു. 
1980 ജൂണ്‍ 21ന് നെയ്റോബിയില്‍ ജനിച്ച വനൂരി കലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് സംവിധാനത്തില്‍ ബിരുദാനന്തര ബിരുദം നേടി.  1988ല്‍ നെയ്റോബിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ആദ്യചിത്രം 'ഫ്രം എ വിസ്പര്‍' 2009ല്‍ ആഫ്രിക്കന്‍ മൂവി അക്കാദമിയുടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'പുംസി', സമാധാന നോബല്‍ ജേതാവ് വങ്കാരി മാതായിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ഫോര്‍ ഔര്‍ ലാന്‍ഡ്', നെറ്റ്ഫ്ളിക്സ് ചിത്രമായ 'ലുക്ക് ബോത്ത് വേയ്സ്' എന്നിവയാണ് വനൂരിയുടെ പ്രധാന ചിത്രങ്ങള്‍.
ദക്ഷിണാഫ്രിക്കയിലെ ട്രിഗര്‍ഫിഷ് സ്റ്റുഡിയോയുമായി ചേര്‍ന്ന് ഒരു അനിമേഷന്‍ ചിത്രത്തിന്റെ എഴുത്തിലാണിപ്പോള്‍ വനൂരി. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കുള്ള ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ 
ഗുഡ് വില്‍ അംബാസഡറും കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സുഡാന്‍ ചിത്രമായ 'ഗുഡ് ബൈ ജൂലിയ' ഉള്‍പ്പെടെയുള്ള സിനിമകളിലെ പ്രധാനനടനുമായ ഗേര്‍ ഡുവേനിയെക്കുറിച്ച് ഫീച്ചര്‍ ഫിലിമിന്റെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒപ്പം ദേശീയ സ്വത്വത്തെക്കുറിച്ചുള്ള 'ഹു ആം ഐ'്, നെയ്‌റോബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡി പോപ് ഗ്രൂപ്പിനെക്കുറിച്ചുള്ള 'ജസ്റ്റ് എ ബാന്‍ഡ്' എന്നീ ഡോക്യുമെന്ററികളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ ആണിപ്പോള്‍ വനൂരി.