അധിക നികുതി ചുമത്തുന്നു

ഹർജിയുമായി നടി അനുഷ്ക ശർമ
 
sharma

അധിക നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട വിൽപ്പന നികുതി നോട്ടീസുകൾക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് നടി അനുഷ്ക ശർമ്മ. 2012-13, 2013-14 സാമ്പത്തിക വർഷങ്ങളിലെ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകൾക്കെതിരെയാണ് നടി കോടതിയെ സമീപിച്ചത്. അനുഷ്കയുടെ ഹർജിയിൽ മറുപടി നൽകാൻ കോടതി സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്‍റിനോട് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും.

ഒരു അഭിനേതാവിന് ബാധകമായതിനേക്കാൾ കൂടുതൽ നികുതിയാണ് തന്റെ മേൽ ചുമത്തുന്നതെന്ന് അനുഷ്ക പറഞ്ഞു. വിൽപ്പന നികുതി വകുപ്പിന്‍റെ ഉത്തരവുകൾ റദ്ദാക്കണമെന്നും മറ്റ് അഭിനേതാക്കളിൽ നിന്ന് ഈടാക്കുന്ന നികുതി മാത്രമേ തന്റെ പക്കൽ നിന്നും ഈടാക്കാവൂ എന്നും അനുഷ്ക ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2012-16 കാലയളവിൽ നാല് ഹർജികൾ സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ടാക്സ് കൺസൾട്ടന്‍റ് നൽകിയ ഹർജി അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, ബാധിക്കപ്പെട്ട വ്യക്തി എന്തുകൊണ്ട് നേരിട്ട് ഹർജി ഫയൽ ചെയ്യുന്നില്ലെന്നും ചോദിച്ചു. ഈ സാഹചര്യത്തിലാണ് അനുഷ്ക കഴിഞ്ഞയാഴ്ച പുതിയ ഹർജി നൽകിയത്. 2012-13 സാമ്പത്തിക വർഷത്തിൽ നികുതിയായി 1.2 കോടി രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 1.6 കോടി രൂപയായി ഉയർന്നു.