കനി കുസൃതി ബോളിവുഡിലേക്ക്

 
kani

ലയാളി നടി കനി കുസൃതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ‘ഗേൾസ് വിൽ ബി ഗേൾസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കനി അഭിനയിക്കുക. ഗേൾസ് വിൽ ബി ഗേൾസ് എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. നടി റിച്ച ഛദ്ദയും ഭർത്താവ് അലി ഫസലും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുച്ചി തളതിയാണ്. 

കനി കുസൃതി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉത്തരാഖണ്ഡിൽ ആരംഭിച്ചു. ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന 16 കാരിയായ മിറയുടെ കഥയാണ് ‘ഗേൾസ് വിൽ ബി ഗേൾസ്’ പറയുന്നത്. പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

തമിഴ്, തെലുങ്ക് സിനിമകളിലും ഹിന്ദി ടിവി സീരിസിലും അഭിനയിച്ചിട്ടുള്ള കനിയ്ക്ക് 2020ലെ മികച്ച നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ബിരിയാണി' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു പുരസ്കാരം. മതവും പുരുഷാദിപത്യവും ചേര്‍ന്ന് ദുരിതത്തിലാഴ്ത്തിയ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയും സഹനങ്ങളും അതിജീവനശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്കരിച്ച അഭിനയ മികവ് എന്നായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് ജൂറി വിലയിരുത്തിയത്.

ചിത്രത്തലെ അഭിനയത്തിന് കനി കുസൃതിക്ക് അന്താരാഷ്‍ട്ര പുരസ്‍കാരവും ലഭിച്ചിരുന്നു. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതി മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്‍ട്ര പുരസ്‍കാരം നേടിയത്. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായിട്ടാണ് ബിരിയാണ് ആദ്യം പ്രദർശിപ്പിച്ചത്.  അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടി. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരവും സ്വന്തമാക്കിയിരുന്നു. അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാരാഷ്‍ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ ബിരിയാണി സ്വന്തമാക്കിയിരുന്നു. 'വിചിത്ര'മാണ് കനിയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. മാര്‍ത്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.