മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ‘എലോൺ’ ജനുവരി 26ന് തീയേറ്ററിലേക്ക്

 
film

മലയാള സിനിമാപ്രേമികളും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എലോൺ’. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രമോഷണൽ സാമഗ്രികളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രം ജനുവരി 26ന് തീയേറ്ററുകളിലെത്തും. ഈ അവസരത്തിലാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 

പേടിച്ചരണ്ട മുഖവുമായി മോഹൻലാൽ നിൽക്കുന്നത് പോസ്റ്ററിൽ കാണാം. ഇത് ഞങ്ങളുടെ വീടാണെന്ന് എഴുതിയിരിക്കുന്നതും മുൻവശത്തെ കണ്ണാടിയിൽ കാണാൻ കഴിയും. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രം ഒരു ഹൊറർ ത്രില്ലറാണോ എന്ന സംശയം പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിൽ കാളിദാസൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 

അതേസമയം, എലോൺ ഡയറക്ട് ഒടിടി റിലീസായി എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ കഴിയില്ലെന്നും അത് വന്നാൽ ആളുകൾ സിനിമ ലാഗ് ആണെന്ന് പറയുമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നിർമ്മാതാക്കൾ തിയേറ്റർ റിലീസിലേക്ക് തിരിയുകയായിരുന്നു.