‘വേല’യില്‍ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ സിദ്ധാര്‍ഥ് ഭരതന്‍

 
p
നടനായി ചലച്ചിത്രരംഗത്ത് പ്രവേശിച്ച്, സംവിധായകനായി വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് സിദ്ധാർഥ് ഭരതൻ. അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ രണ്ട് സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. റോഷൻ മാത്യുവിന്‍റെ ‘ചതുരം’, സൗബിൻ ഷാഹിറിന്‍റെ ‘ജിന്ന്’ എന്നിവ അവയിൽ ചിലതാണ്. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ധാർത്ഥ് ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണ്.

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ‘വേല’ എന്ന ചിത്രത്തിലൂടെയാണിത്. ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഒരു എസ്ഐയുടെ വേഷത്തിലാണ് എത്തുന്നത്. സിദ്ധാർത്ഥിന്‍റെ അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷമാണിത്.

കഥാപാത്രത്തിന്‍റെ പേര് എസ് ഐ അശോക് കുമാര്‍ എന്നാണ്. ഈ കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഷെയിൻ നിഗം, സണ്ണി വെയ്ൻ, അതിഥി ബാലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വേല, പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.

സിൻസിൽ സെല്ലുലോയ്‍ഡിന്‍റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. എം സജാസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.