ഡോക്കുമെന്ററി : വിഷയം തിരഞ്ഞെടുക്കുന്നതിലെ പുതു പ്രവണതകൾ ചർച്ചയാക്കി മീറ്റ് ദി ഡയറക്ടേഴ്സ്

 
idsffk

ഡോക്കുമെന്ററിക്കുള്ള വിഷയം തിരഞ്ഞെടുക്കുന്നതിലെ പുതുമകളും ട്രൻഡുകളും സംവിധായകർ ചൂണ്ടിക്കാട്ടിയതിനോട് സദസിലുള്ള ഭാവി സംവിധായകർ ചോദ്യങ്ങളുമായി പ്രതികരിച്ചതോടെ ഇന്നത്തെ മീറ്റ് ദി ഡയറക്ടേഴ്സ് കൂടുതൽ സജീവമായി.തിരഞ്ഞെടുക്കുന്ന വിഷയമാണ് ഒരു ഡോക്യുമെന്ററിക്ക് ഏറ്റവും ഭംഗി നൽകുന്നത്  എന്ന് ജോമി എൻ ജോർജ് ചർച്ചയുടെ തുടക്കത്തിൽ ചൂണ്ടിക്കാട്ടി.
 ആരെ കുറിച്ചാണോ ഡോക്യൂമെന്ററി ചെയ്യുന്നത്, അവരോടൊപ്പം കുറച്ചു ദിവസം താമസിച്ച് അവരുടെ ജീവിതം പഠിക്കുമ്പോൾ അവതരണത്തിന്റെ ഭംഗി വർധിക്കുമെന്നും അദ്ദഹം പറഞ്ഞു.  
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങുന്നവർ സ്വന്തം ഗ്രാമങ്ങളിലെ വിഷയങ്ങളിൽ 'ഫ്രൂഗൽ ഫിലിം' എന്നറിയപ്പെടുന്ന ചിലവ് കുറഞ്ഞ ചെറുചിത്രങ്ങൾ എടുക്കുന്ന സംസ്കാരം വളർന്നു വരുന്ന കാര്യം മറാത്തി സംവിധായകൻ അധീപ്ദാസ് എടുത്തു കാട്ടി.

വീട്ടിൽ സ്വാഭാവികമായി നടന്ന സംസാരം മൊബൈലിൽ പകർത്തി ഒരു ദിവസം കൊണ്ട് എഡിറ്റ് ചെയ്താണ് തന്റെ ചിത്രം 'രാത്രിയിലും കണ്ണുകാണുന്ന പെണ്ണുങ്ങൾ' പൂർത്തിയാക്കിയതെന്ന് സംവിധായകൻ ആദർശ് കെ കെ അനുഭവം വെളിപ്പെടുത്തി. അഭിലാഷം, യാഥാർത്ഥ്യം അതിജീവനം തുടങ്ങിയവയ്ക്കിടയിലുള്ള സംഘർഷങ്ങളിൽ നിന്നാണ് ചിത്രങ്ങളുണ്ടാകുന്നതെന്ന് 'ഓളാട'യുടെ സംവിധായകൻ ഷമ്മാസ് ജംഷീർ അഭിപ്രായപ്പെട്ടു.ഏത് കലാപമാണെങ്കിലും അതിന്റെ ആന്തരികമായ രക്തസാക്ഷികൾ സ്ത്രീകളും കുട്ടികളുമാണ് എന്നതിനാലാണ് തന്റെ ഡോക്യുമെന്ററി 'തീരം തൊടാത്ത താരങ്ങൾ' കുട്ടികളുടെ വീക്ഷണത്തിൽ ചിത്രീകരിച്ചത് എന്ന് ജോമി വ്യക്തമാക്കി.ഫാസിൽ എൻ സി നേതൃത്വം നൽകിയ ചർച്ചയിൽ ശ്രീനാഥ് കെ, ജിഷ്ണു കൃഷ്ണൻ എ, ശില്പിക ബോർഡൊലോയ്, ബിനു ഗോപി, ദേവദർശൻ വി കെ എന്നീ സംവിധായകർ പങ്കെടുത്തു.