എം ടി ക്ക് നവതി വന്ദനം അര്‍പ്പിച്ച് മേള

 
film

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക്  നവതി വന്ദനം അര്‍പ്പിച്ച് പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള. മേളയുടെ രണ്ടാം ദിനത്തില്‍  എം ടിക്കായി പ്രത്യകം സമര്‍പ്പിച്ചിട്ടുള്ള  സെലിബ്രേറ്റിങ് ദി മാസ്‌ട്രോയിലെ ആദ്യ ഡോക്യുമെന്ററി കുമാരനെല്ലൂരിലെ കുളങ്ങള്‍ പ്രദര്‍ശിപ്പിച്ചു.  സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ എം എ റഹ്മാന്‍ സംവിധാനം നിര്‍വഹിച്ച  ചിത്രം എം ടി യുടെ ബാല്യകാല സ്മരണകളിലൂടെയുള്ള  യാത്രയാണ്.

നിളയും എം.ടിയുടെ ബാല്യകാലത്തെ സജീവമാക്കിയ കുമാരനെല്ലൂരിലെ കുളങ്ങളും നശിച്ചുകൊണ്ടിരിക്കുന്നതിന്റെ  വേദനയും ഉത്കണ്ഠയുമാണ് ചിത്രം പങ്കുവക്കുന്നത്. എം.ടി  നിളയെക്കുറിച്ചെഴുതിയ  ചെറുകുറിപ്പുകളായ  'റിക്വയിം ഫോര്‍ എ റിവര്‍', മണലെടുപ്പിനെപ്പറ്റിയുള്ള പ്രസംഗശകലങ്ങള്‍, ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച 'കുമരനെല്ലൂരിലെ കുളങ്ങള്‍' എന്ന ആത്മകഥാഭാഗവുമാണ് ഈ ഡോക്യുമെന്ററിക്കാധാരം. 


വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എം ടിയുടെ ദീര്‍ഘവീക്ഷണം ശരിവയ്ക്കുന്നതാണ് നിളയുടെ ഇന്നത്തെ അവസ്ഥയെന്ന്  ഡോക്യുമെന്ററിയുടെ അസ്സോസിയേറ്റ് ഡയറക്ടര്‍  രാജേഷ് അയീക്കോടന്‍ പറഞ്ഞു. പ്രദര്‍ശനത്തിനു മുന്നോടിയായി നടന്ന ചടങ്ങില്‍ ഛായാഗ്രാഹകന്‍ കെ ജി ജയന്‍, ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി  എന്നിവര്‍ പങ്കെടുത്തു. 


ദേശീയ പുരസ്‌കാര ജേതാവായ കെ പി കുമാരന്‍ സംവിധാനം ചെയ്ത എം ടി യുടെ ജീവിതകഥ പറയുന്ന എ മൊമെന്റ്‌സ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും.